TopGear1
ചങ്കുറപ്പില്‍ പിറന്ന യാത്രകള്‍
Posted on: 07 Nov 2012

പുത്തന്‍ വണ്ടിയെടുത്ത് വെറും ഇരുപതു ദിവസം കൊണ്ട് വണ്ടിക്ക് നാലു സര്‍വ്വീസുകള്‍ നടത്തിയ ഒരാളുണ്ട് കൊച്ചിയില്‍. യാത്രകളെ പ്രാര്‍ത്ഥനപോലെ കാണുന്നൊരാള്‍. യാത്ര പറയാതെയുള്ള യാത്രകളുടെ തോഴന്‍. യൂറോപ്പിലെ പ്രശസ്തമായ കെ.ടി.എം മോട്ടോഴ്‌സിന്റെ ന്യൂജനറേഷന്‍ ബൈക്കുകളുടെ പേരാണിയാള്‍ക്ക്. 'ഡ്യൂക്ക'് നൈനാന്‍. ഉരുളന്‍കല്ലുകളില്‍ ഒരിക്കലും പായലുപുരളില്ലെന്ന വിശ്വാസപ്രമാണവുമായി യാത്രകളിലൂടെ ജീവിക്കുന്ന അപകടയാത്രകളുടെ കാമുകന്‍. KL07 BT 8614 എന്ന തന്റെ എന്‍ഫീല്‍ഡ് ഡെസേര്‍ട്‌സ്റ്റോമില്‍ 20 ദിവസം കൊണ്ട് 8839 കി.മീ താണ്ടിയൊരു ഭാരതപര്യടനം. യാത്രകള്‍ക്കൊരിക്കലും വിലപറയാനാകില്ലെന്ന് പറഞ്ഞ് യാത്രകള്‍ തന്ന ആവേശത്തില്‍ ഡ്യൂക്ക് യാത്രാവിശേഷങ്ങളും ഇനിയുള്ള സ്വപ്‌നങ്ങളും പങ്കുവെക്കുകയാണ്...

യാത്രകള്‍ക്കൊരു പോസിറ്റീവ് എനര്‍ജി തരാനാകുമെന്നാണ് ഡ്യൂക്കിന്റെ പക്ഷം. ക്രമം തെറ്റാതുള്ള എന്‍ഫീല്‍ഡിന്റെ ചങ്കിടിപ്പ് തന്നൊരു ചങ്കൂറ്റമുണ്ട്. ചരടുപൊട്ടിയ പട്ടത്തിന്റെ മനസ്സുമായി അത്ര നിശ്ചയമില്ലാത്ത പാതകളിലൂടെ രാപ്പകലുകള്‍ പിന്നിട്ടുള്ള സാഹസികയാത്രകള്‍ സമ്മാനിക്കുന്നൊരാത്മവിശ്വാസത്തിലൂടെ, എന്തുംചെയ്യാനുള്ള ധൈര്യവും എന്തും സാധ്യമാകുമെന്നൊരു തോന്നലും പിറക്കുകയാണ്. എവറസ്റ്റ് കീഴടക്കലാണ് തന്റെ അടുത്തലക്ഷ്യമെന്ന്് ഷഷ്ടിപൂര്‍ത്തിയോടടുക്കുമ്പോഴും പതിനാറിന്റെ ചുറുചുറുക്കോടെ ഡ്യൂക്ക് പറുയന്നതും അതുകൊണ്ടുതന്നെയാണ്.

ചടുലമായ ഒരു റോഡ്മൂവി പോലെയാണ് ഡ്യൂക്കിന്റെ ജീവിതം. മലേഷ്യയില്‍ ജനിച്ച് ലുധിയാനയില്‍ പകുതി ജീവിതം പിന്നിട്ട് കുവൈത്തിലെ യുദ്ധക്കെടുതിയിലൂടെ ദുബായിലേക്ക്. ഭാര്യയോടും മക്കളോടുമൊത്തുള്ള ദുബായ് നാളുകള്‍. ഒടുവില്‍ റിട്ടയര്‍മെന്റിനുശേഷമെടുത്തൊരു തീരുമാനത്തില്‍ ഒറ്റയക്കൊരുയാത്ര.....കൊച്ചിയില്‍ നിന്നുതുടങ്ങി എവറസ്റ്റിനടുത്തുള്ള ജെറി പോയിന്റുകണ്ട് തിരിച്ച് തിരുവന്തപുരത്തെ കന്യാകുമാരിവരെ നീണ്ട ഗ്രേറ്റിന്ത്യന്‍ സഞ്ചാരമായതിനെകുറിച്ചോര്‍ക്കുമ്പോള്‍ ഡ്യൂക്കിനിപ്പോഴും അദ്ഭുതമാണ്. ഒരു കുടുംബം ഒരുലോകമെന്ന ആശയവുമായി, അതിരുകള്‍ മായുകയും ലോകം ഒന്നാകുകയും ചെയ്യുന്ന കാലം സ്വപ്‌നം കണ്ട് ഇനിയും യാത്രകളില്‍ മുഴുകാനുള്ള ധൈര്യമാണ് ചങ്കൂറ്റം കൈമുതലാക്കിയുള്ള സാഹസികയാത്ര സമ്മാനിച്ചതെന്ന് ഇദ്ദേഹം പറയുന്നു. യാത്രകളിലൂടെ സേഫ് ഡ്രൈവിങ്ങ് സന്ദേശവും പകരുകയാണ് ഡ്യൂക്ക്.

അടുത്തയാത്ര ഗോവയിലേക്കാണ്. എന്‍ഫീല്‍ഡ് കമ്പനിയുടെ പ്രത്യേക ക്ഷണമാണ്, എല്ലാ തലമുറയിലും പെട്ട എന്‍ഫീല്‍ഡ് ഓണേഴ്‌സിന്റെ ഒരു സംഗമം, 'എന്‍ഫീല്‍ഡ് മാനിയ' എന്ന പേരില്‍, അതിനുശേഷം അമേരിക്കയിലേക്ക് ബൈക്കിലല്ല ഫ്ലൈറ്റില്‍...അവിടെ ചെന്ന് കൂട്ടുകാരന്റെ ഹോണ്ട 750 യില്‍ ഒരു കറക്കം. ലണ്ടനിലേക്ക് വെറും 14000 കി.മീ ഉള്ളെന്നുപറഞ്ഞ് ഫെയ്‌സ്ബുക്ക് കൂട്ടുകാര്‍ കൊതിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞ് ഡെസേര്‍ട് സ്റ്റോമില്‍ തലോടുകയാണ് ഡ്യൂക്ക്.

സൈക്കിള്‍ ബാലന്‍സ് വരുതിയിലാക്കിയപ്പോള്‍ മുതല്‍ ഇരുചക്രങ്ങളുടെ സ്‌നേഹിതനായിരുന്നു ഡ്യൂക്ക്. സ്‌കൂളില്‍ ആദ്യം സൈക്കിള്‍ ചവുട്ടിയതും, ബൈക്കോടിച്ചതും താനായിരുന്നെന്ന് ഓര്‍ക്കുമ്പോള്‍ അന്നത്തെ ആവേശം അലതല്ലുകയാണിപ്പോഴും. ബൈക്കുകളോടും പ്രകൃതിയോടുമുള്ള അഭിനിവേശമാണ് ഈ 57-ാം വയസ്സിലും യാത്രകളിലൂടെ ഗിയറിട്ടിറങ്ങാന്‍ തന്നെ ചൊടിപ്പിച്ചിതെന്ന് ഡ്യൂക്ക്് പറയുന്നു. യാത്രകളില്‍ പക്ക വെജിറ്റേറിയനാണിദ്ദേഹം. ബാക്ക്പാക്കില്‍ അത്യാവശ്യം ഡ്രസ്സുകളും ആയുര്‍വ്വേദമരുന്നുകളും പ്രതിരോധഗുളികകളും കൈയിലും കാലിലും അണിയാന്‍ പാഡുകളും മൂന്നാം കണ്ണായ ക്യാമറയുമൊക്കെ റെഡിയാക്കിയായിരുന്നു യാത്ര. കൊച്ചിയില്‍ നിന്നും പൊള്ളാച്ചി വഴി വെല്ലൂരിലൂടെ ചെന്നൈ നഗരം കടന്ന് വിജയവാഡ, കാക്കിനാഡ, വിശാഖപട്ടണം, ബഹറംപൂര്‍, കൊല്‍ക്കത്ത പിന്നിട്ട് അതിര്‍ത്തിയിലേക്ക്...പാട്‌ന, ജൗദ്പൂര്‍, കാഠ്മണ്ഡു വഴി ജെറിയില്‍....സമുദ്രനിരപ്പില്‍ നിന്ന് 4250 അടി ഉയരത്തില്‍ ബൈക്കിലെത്തിയ അവിസ്മരണീയ നിമിഷം. നേപ്പാളില്‍ 'സാഗര്‍മാത' എന്നറിയപ്പെടുന്ന എവറസ്റ്റിന്റെ താഴ്‌വാരത്തുനിന്നും ഒരു നോട്ടം. ദൈവവിചാരത്തില്‍ മനോബലമാര്‍ജ്ജിച്ച് താണ്ടിയ ഓഫ് റോഡുകള്‍...വരാണസി, മധ്യപ്രദേശ്, നാഗ്പൂര്‍, ഹൈദരാബാദ്, ബാഗ്ലൂര്‍, വയനാട്, കോഴിക്കോട് കൊച്ചി വഴി തിരുവനന്തപുരം കന്യാകുമാരി 'സാഗരതീര'ത്തില്‍ അവസാനിച്ച ഇരുപതുദിവസത്തെ യാത്ര. യാത്രാവിവരങ്ങളും ഉപ്പിയ ഫോട്ടോകളും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് യുവതലമുറയ്ക്ക് ആവേശമാവുകയാണ് ഡ്യൂക്ക് നൈനാന്‍.

കാണാത്ത കാഴ്ചകള്‍ തേടിയുള്ള യാത്രകള്‍ക്കായി ഇനിയും ഒരുങ്ങുകയാണ് ഡ്യൂക്ക്. 'എറൗണ്ട് ദ വേള്‍ഡ് ഇന്‍ 80 ഡെയ്‌സ'് പഴങ്കഥയാക്കി 54 ദിനങ്ങള്‍ കൊണ്ട് ലോകം കറങ്ങാനും അടങ്ങാത്ത ആഗ്രഹത്തിലുമാണിദ്ദേഹം ...ശിഷ്യരായ അരുണ്‍തോമസ് എബ്രഹാം, ലീന ചാണ്ടി, ബിജു മാത്യൂസ് എന്നിവരും ഡ്യൂക്കിന്റെ മാതൃക പിന്‍തുടര്‍ന്ന് യാത്രയ്‌ക്കൊരുങ്ങിയിരിക്കുകയാണ്. യാത്രയില്‍ മനസ്സില്‍ കുടുങ്ങിയ കാലില്ലാ യാത്രികന്‍ മുഹമ്മദിന്റെയും മറ്റുമൊക്കെ മുമ്പില്‍ താനാരുമല്ലെന്ന് പറഞ്ഞ് വിനയാന്വിതനുമാകുകയാണ് ഈ എന്‍ഫീള്‍ഡ് ചങ്ങാതി. www.facebook.com/duke.ninan
Print
SocialTwist Tell-a-Friend
Other stories in this section