TopGear1
വോള്‍വോയെ തോല്‍പ്പിക്കാനാവില്ല
Posted on: 30 Oct 2012അപകടങ്ങളില്‍ സുരക്ഷ നല്‍കുന്ന എയര്‍ബാഗുകള്‍ സമീപകാലംവരെ ഇന്ത്യയില്‍ ആഡംബര കാറുകളുടെ മാത്രം വിശേഷമായിരുന്നു. എന്നാല്‍ ഇന്ന് താരതമ്യേനെ വിലകുറഞ്ഞ ചെറുകാറുകളില്‍ പോലും എയര്‍ബാഗുകളുണ്ട്. സാധാരണക്കാരന്റെ കാറായ മാരുതി 800 ന്റെ പുതിയ പതിപ്പായ ഓള്‍ട്ടോ 800 ന്റെ ഉയര്‍ന്ന വേരിയന്റില്‍പ്പോലും ഇന്ന് എയര്‍ബാഗുകള്‍ ലഭിക്കും. കാര്‍ വാങ്ങുന്നവര്‍ സുരക്ഷ പ്രധാനമാണെന്ന് ചിന്തിച്ചു തുടങ്ങിയതുതന്നെ ഇതിന് കാരണം.

എയര്‍ബാഗ് ഘടിപ്പിച്ച ലോകത്തെ ആദ്യകാര്‍ പുറത്തിറങ്ങിയത് 1987 ല്‍ സ്വീഡനിലെ വോള്‍വോയുടെ അസംബ്ലി ലൈനില്‍നിന്നാണ്. അതിനുശേഷം എയര്‍ബാഗുകള്‍ നല്‍കുന്ന സുരക്ഷ വര്‍ധിപ്പിക്കാന്‍ നിരവധി പരീക്ഷണങ്ങള്‍ നടന്നു. എന്നാല്‍ ഇത്തരം പരീക്ഷണങ്ങള്‍ വിജയിപ്പിക്കുന്നതില്‍ എക്കാലവും മുന്നില്‍ എയര്‍ബാഗ് വികസിപ്പിച്ച വോള്‍വോ തന്നെ ആയിരുന്നു. 'എയര്‍ബാഗ് സംബന്ധിച്ച ഗവേഷണങ്ങളില്‍ വോള്‍വോയെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല', 1980 കളില്‍ വോള്‍വോ നടത്തിയ എയര്‍ബാഗ് ഗവേഷണങ്ങളില്‍ പങ്കെടുന്ന ഇപ്പോഴത്തെ വോള്‍വോ ഇന്റീരിയര്‍ സേഫ്റ്റി ജനറല്‍ മാനേജര്‍ ലെന്നാര്‍ട് ജോണ്‍സണ്‍ അവകാശപ്പെടുന്നു.

സഞ്ചാരികളുടെ മുന്നില്‍ തുറക്കുന്ന സാധാരണ എയര്‍ബാഗുകള്‍ക്കുശേഷം സീറ്റില്‍ ഘടിപ്പിച്ച സൈഡ് എയര്‍ബാഗും ഇന്‍ഫ്ലേറ്റബിള്‍ കര്‍ട്ടന്‍ (ഐ.സി) എയര്‍ബാഗും ആദ്യമായി അവതരിപ്പിച്ചതും വോള്‍വോ ആണ്. എയര്‍ബാഗ് സാങ്കേതിക വിദ്യയുടെ 25 ാം വാര്‍ഷികത്തില്‍ കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷ വാഗ്ദാനം ചെയ്യുന്ന പെഡസ്ട്രിയന്‍ എയര്‍ബാഗ് അവതരിപ്പിച്ച് വോള്‍വോ വാഹന ലോകത്തെ ഞെട്ടിച്ചു. വോള്‍വോ വി 40 ആയിരുന്നു പെഡസ്ട്രിയന്‍ എയര്‍ബാഗുമായി വിപണിയില്‍ എത്തിയ ആദ്യവാഹനം. അപകടമുണ്ടാകുമ്പോള്‍ യാത്രക്കാരുടെ കാല്‍മുട്ടിന് സമീപം വികസിക്കുന്ന എയര്‍ബാഗ് അവതരിപ്പിക്കാനും വോള്‍വോയ്ക്ക് അടുത്തിടെ സാധിച്ചു.

തുടരുന്ന ഗവേഷണം
എയര്‍ബാഗുകള്‍ സര്‍വസാധാരണമായെങ്കിലും ഈ രംഗത്ത് ഗവേഷണ പ്രവര്‍ത്തനങ്ങല്‍ തുടരുകയാണ്. എയര്‍ബാഗ് നിര്‍മ്മിക്കുന്നത് വലിയ കാര്യമൊന്നുമല്ലെന്ന് ലെന്നാര്‍ട് ജോണ്‍സണ്‍ പറയുന്നു. എന്നാല്‍ യാത്രക്കാര്‍ക്ക് പരമാവധി സുരക്ഷ നല്‍കുന്ന വിധത്തില്‍ കൃത്യ സമയത്തുതന്നെ എയര്‍ബാഗ് വികസിക്കുക എന്നത് എളുപ്പമല്ല. എയര്‍ബാഗ് വികസിക്കേണ്ട സമയം, രീതി എന്നിവ സംബന്ധിച്ച ഗവേഷണങ്ങളാണ് നിലവില്‍ പുരോഗമിക്കുന്നത്. ഇടിയുടെ തീവ്രതയ്ക്ക് അനുസരിച്ച് എയര്‍ബാഗ് വികസിക്കുന്ന രീതിയെക്കുറിച്ചും ഗവേഷണങ്ങള്‍ പുരോഗമിക്കുന്നു. റഡാറുകളും ക്യാമറകളും ഉപയോഗിച്ച് അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് എയര്‍ബാഗ് വികസിക്കുന്ന സംവിധാനം വികസിപ്പിക്കുന്ന കാര്യത്തിലും ഗവേഷണം പുരോഗമിക്കുന്നുണ്ട്.

ആരംഭം 1950 കളില്‍


എയര്‍ബാഗുകളുമായി ബന്ധപ്പെട്ട ഗവേഷണം 1950 കളിലാണ്ത തുടങ്ങിയത്. 1955 ല്‍ എയര്‍ബാഗിന് സമാനമായ സംവിധാനത്തിന് ചിലര്‍ പേറ്റന്റും നേടി. എന്നാല്‍ അപകടമുണ്ടാകുമ്പോള്‍ ഡ്രൈവര്‍ ബട്ടണമര്‍ത്തി എയര്‍ബാഗ് വീര്‍പ്പിക്കേണ്ടി വന്നിരുന്നു. വാഹനങ്ങളുടെ സുരക്ഷ സംബന്ധിച്ച ബില്‍ 1984 ല്‍ അമേരിക്ക പാസാക്കിയതോടെ എയര്‍ബാഗുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ വേഗത്തിലായി. സേഫ്റ്റി ബെല്‍റ്റ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ കാറുകളില്‍ നിര്‍ബന്ധമാക്കാന്‍ വ്യവസ്ഥ ചെയ്യുന്നതായിരുന്നു ബില്‍.

സീറ്റ് ബെല്‍റ്റും എയര്‍ബാഗും


വോള്‍വോ അവതരിപ്പിച്ച എയര്‍ബാഗിന് മികച്ച സ്വീകാര്യതയാണ് വാഹന ഉടമകളില്‍നിന്ന് ലഭിച്ചത്. അപകടങ്ങളില്‍ പെടുന്ന കാര്‍ യാത്രക്കാര്‍ക്ക് മികച്ച സുരക്ഷ നല്‍കാന്‍ എയര്‍ബാഗുകള്‍ക്ക് കഴിയുമെന്ന് തെളിയിക്കപ്പെട്ടു. 1959 ല്‍ വോള്‍വോ തന്നെ അവതരിപ്പിച്ച സേഫ്റ്റി ബെല്‍റ്റിന് (സീറ്റ് ബെല്‍റ്റ്) പകരം കാറുകളില്‍ എയര്‍ബാഗ് സ്ഥാനം പിടിക്കുമെന്ന് പലരും കരുതി. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ വോള്‍വോ മാത്രം തയ്യാറായില്ല. സുരക്ഷ ഉറപ്പുവരുത്താന്‍ സേഫ്റ്റി ബെല്‍റ്റും എയര്‍ബാഗും വാഹനങ്ങളില്‍ ഉണ്ടാകണമെന്നായിരുന്നു വോള്‍വോയുടെ നിലപാട്. വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റും എയര്‍ബാഗും ഉണ്ടെങ്കിലും സുരക്ഷ ഉറപ്പായെന്ന് അവര്‍ ഇപ്പോഴും കരുതുന്നില്ല. വാഹനത്തിന്റെ ഘടന, ഇടിയുടെ ആഘാതം ഡ്രൈവറിലെത്തിക്കാതെ പ്രതിരോധിക്കുന്ന സ്റ്റിയറിങ് കോളം എന്നിവ ഇവയെപ്പോലെതന്നെ പ്രധാനമാണെന്ന് വോള്‍വോ കരുതുന്നു.

സൈഡ് ഇംപാക്ട് പ്രൊട്ടക്ഷന്‍90 കള്‍ മുതല്‍ എല്ലാ വോള്‍വോ കാറുകളിലും എയര്‍ബാഗ് ഘടിപ്പിച്ചു തുടങ്ങി. 94 ല്‍ വോള്‍വോ സീറ്റില്‍ ഘടിപ്പിച്ച സൈഡ് എയര്‍ബാഗുകള്‍ അവര്‍ അവതരിപ്പിച്ചു. കാറിന്റെ വശങ്ങളില്‍ മാറ്റുവാഹനങ്ങള്‍ വന്നിടിച്ചാല്‍ യാത്രക്കാര്‍ക്ക് സുരക്ഷ ഒരുക്കാനായിരുന്നു സൈഡ് എയര്‍ബാഗുകള്‍. കാര്‍ ബോഡിയുടെ ഭാഗമായ സൈഡ് ഇംപാക്ട് പ്രൊട്ടക്ഷന്‍ സംവിധാനമാണ് വോള്‍വോ പിന്നീട് അവതരിപ്പിച്ചത്. മുന്‍സീറ്റിലും പിന്‍സീറ്റിലുമെല്ലാം ഇരുന്ന് യാത്രചെയ്യുന്നവര്‍ക്ക് സുരക്ഷ ഒരുക്കുന്ന ഇന്‍ഫ്ലേറ്റബിള്‍ കര്‍ട്ടന്‍ (ഐ.സി) ആയിരുന്നു ഈ രംഗത്തെ വോള്‍വോയുടെ അടുത്ത കാല്‍വയ്പ്പ്. വാഹനം കരണം മറിയുന്ന സാഹചര്യത്തില്‍പ്പോലും സുരക്ഷ വാഗ്ദാനം ചെയ്യുന്നതാണ് ഈ എയര്‍ബാഗ് സംവിധാനം. വാഹനത്തിന്റെ റൂഫില്‍ ഘടിപ്പിച്ച ഐ.സിയുടെ പതിപ്പ് 1998 ല്‍ അവതരിപ്പിച്ചു. ഇന്ന് സി 70 ഒഴികെയുള്ള എല്ലാ വോള്‍വോ വാഹനങ്ങളിലും റൂഫ് മൗണ്ടഡ് ഐ.സിയുടെ സുരക്ഷ ലഭിക്കും.

25 വര്‍ഷം പിന്നിട്ടപ്പോള്‍ 1987 ല്‍ വോള്‍വോ അവതരിപ്പിച്ച എയര്‍ബാഗുകളുടെ കാര്യക്ഷമത ഇന്ന് പതിന്മടങ്ങ് വര്‍ധിച്ചു. ഈരംഗത്തെ ഗവേഷണ പ്രവര്‍ത്തനങ്ങളിലെല്ലാം വോള്‍വോ തന്നെ ആയിരുന്നു എന്നും മുന്നില്‍. ഗവേഷണങ്ങള്‍ അവസാനിപ്പിക്കാന്‍ ഇനിയും അവര്‍ തയ്യാറല്ല. ലോകത്തെ ഏറ്റവും സുരക്ഷിതമായ കാര്‍ വികസിപ്പിക്കുക എന്ന ലക്ഷ്യവുമായി വോള്‍വോ മുന്നോട്ടുപോവുകയാണ്. കാറില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ വോള്‍വോയെ അടുത്തൊന്നും ആര്‍ക്കും തോല്‍പ്പിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
Print
SocialTwist Tell-a-Friend
Other stories in this section