ഷെവി സ്പാര്‍ക് മുഖംമിനുക്കി
Posted on: 26 Oct 2012
ന്യൂഡല്‍ഹി: അടിമുടി പുതുമകളുമായി ഷെവര്‍ലെയുടെ ചെറുകാര്‍ സ്പാര്‍ക് വിപണിയിലെത്തി. ജനറല്‍ മോട്ടോഴ്‌സിന്റെ ബാംഗ്ലൂരിലെ ടെക്‌നിക്കല്‍ സെന്ററിലെ വിദ്ഗ്ദ്ധരാണ് സ്പാര്‍ക്കിന്റെ മുഖംമിനുക്കലിന് നേതൃത്വം നല്‍കിയത്. 3.16 ലക്ഷം മുതല്‍ 3.99 ലക്ഷം വരെയാണ് നവീന സ്പാര്‍ക്കിന്റെ ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.
പതിവ് മുഖംമിനുക്കലുകള്‍ തന്നെയാണ് സ്പാര്‍ക്കില്‍ ജി.എം വരുത്തിയിരിക്കുന്നത്. എന്നാല്‍ അവ നാമമാത്രമല്ല. മുന്നിലും പിന്നിലും ഉള്‍വശത്തുമെല്ലാം പുതുമകളുണ്ട്. റേഡിയേറ്റര്‍ ഗ്രില്ലിലും ബമ്പറിലുമാണ് മുന്നിലെ പുതുമകള്‍. ബീറ്റ്, ക്രൂസ്, കാപ്റ്റിവ തുടങ്ങിയ ഷെവര്‍ലെ വാഹനങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് മുന്നിലെ സ്പ്ലിറ്റ് ഹണികോമ്പ് ഗ്രില്‍. വലിയ ഫോഗ് ലാമ്പുകളും ചെറുകാറിന്റെ മുന്‍വശത്തിന് പുതുമ നല്‍കുന്നുണ്ട്.
നവീന ഫേബ്രിക് സീറ്റുകള്‍, ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍, സെന്‍ട്രല്‍ മൗണ്ടഡ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് ഉള്‍വശത്തെ പുതുമകള്‍. യു.എസ്.ബി, ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ഓഡിയോ സിസ്റ്റവും മുഖംമിനുക്കിയ സ്പാര്‍ക്കില്‍ ജനറല്‍ മോട്ടോഴ്‌സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. പെട്രോള്‍, സി.എന്‍.ജി കാറുകളുടെ എല്‍.ടി, എല്‍.എസ് വേരിയന്റുകള്‍ തിരഞ്ഞെടുക്കാം. ഇന്ത്യയില്‍ മാത്രമാണ് നിലവില്‍ സ്പാര്‍ക് കാറുകള്‍ ജി.എം വിറ്റഴിക്കുന്നത്.