ബോള്‍ട്ടിന്റെ കൈയ്യൊപ്പുമായി ജി.ടി ആര്‍
Posted on: 19 Oct 2012
വേഗത്തിന്റെ രാജാവ് ഉസൈന്‍ ബോള്‍ട്ടിന്റെ കൈയ്യൊപ്പ് പതിഞ്ഞ സ്‌പെഷ്യല്‍ എഡിഷന്‍ സ്‌പോര്‍ട്‌സ് കാര്‍ സ്വന്തമാക്കാന്‍ അപൂര്‍വ അവസരം. നിസാന്‍ നിര്‍മ്മിച്ച ജി.ടി ആര്‍ സ്‌പെഷ്യല്‍ എഡിഷന്‍ കാര്‍ ഇ ബേയില്‍ ഉടന്‍ ലേലത്തിനെത്തും. ജി.ടി ആര്‍ ലേലം ചെയ്യുന്നതില്‍നിന്ന് ലഭിക്കുന്ന തുക ജന്മനാടായ ജമൈക്കയില്‍ ബോള്‍ട്ട് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും.
ബോള്‍ട്ടിന്റെ കൈയ്യൊപ്പുള്ള കാര്‍ ഒന്നുമാത്രമെ ഉണ്ടാകൂവെങ്കിലും ജി.ടി.ആര്‍ സ്‌പെഷ്യല്‍ എഡിഷന്‍ കാറുകള്‍ നിസാന്‍ വൈകാതെ വിപണിയില്‍ എത്തിക്കും. നിസാന്റെ ബ്രാണ്ട് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട ബോള്‍ട്ട് ജി.ടി ആറിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. ജപ്പാനിലെ ഒപ്പാമയ്ക്ക് സമീപമുള്ള നിസാന്റെ ടെസ്റ്റ് ഗ്രൗണ്ടില്‍ ഒരാഴ്ചയോളം അദ്ദേഹം ജി.ടി ആര്‍ ഓടിച്ച് കാര്‍ വികസിപ്പിച്ചവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി.
ലോകത്തെ പ്രമുഖ വിമാനത്താവളങ്ങളില്‍ ഉസൈന്‍ ബോള്‍ട്ടും ജി.ടി ആര്‍ കാറും താരങ്ങളാകുന്ന പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചുകൊണ്ട് വിപുലമായ ബ്രാണ്ട് കാമ്പയില്‍ നിസാന്‍ തുടങ്ങിക്കഴിഞ്ഞു. 2009 മുതല്‍ ജി.ടി ആര്‍ കാറാണ് ബോള്‍ട്ട് ഉപയോഗിക്കുന്നതെന്ന് നിസാന്‍ അവകാശപ്പെടുന്നു. ലോകത്ത് ഇതുവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍വച്ച് ഏറ്റവും മികച്ച നിരത്തിലോടുന്ന കാര്‍ ജി.ടി ആര്‍ തന്നെയെന്നാണത്രെ ബോള്‍ട്ടിന്റെ അഭിപ്രായം. 2.8 സെക്കന്‍ഡുകള്‍കൊണ്ട് പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ നിസാന്‍ ജി.ടി ആറിന് കഴിയും. 21,000 കാറുകള്‍ ലോകത്ത് ഇതുവരെ വിറ്റഴിച്ചിട്ടുണ്ട്.
ലണ്ടന്‍ ഒളിമ്പിക്‌സില്‍ റെക്കോര്‍ഡോടെയാണ് ഈ ജമൈക്കന്‍ ചീറ്റപ്പുലി നൂറുമീറ്ററില്‍ സ്വര്‍ണ്ണം നേടിയത്. 9.63 സെക്കന്‍ഡിലാണ് ബോള്‍ട്ട് ഫിനിഷ് ചെയ്തത്. ബെയ്ജിങ്ങില്‍ നാലു വര്‍ഷം മുന്‍പ് താന്‍ തന്നെ കുറിച്ച 9.69 സെക്കന്‍ഡാണ് ബോള്‍ട്ട് ലണ്ടനില്‍ തിരുത്തിയെഴുതിയത്.