സാങ്‌യോങ്ങ് റക്‌സ്റ്റണ്‍ ഇന്ത്യയില്‍
Posted on: 17 Oct 2012
ന്യൂഡല്‍ഹി: കൊറിയയിലെ സാങ്‌യോങ്ങിന്റെ പ്രീമിയം എസ്.യു.വി റക്സ്റ്റണ്‍ ഇന്ത്യന്‍ വിപണിയിലെത്തി. മാനുവല്‍ വേരിയന്റിന് 17.67 ലക്ഷം രൂപയാണ് മുംബൈയിലെ എക്‌സ് ഷോറൂം വില. ഓട്ടോമാറ്റിക് വേരിയന്റിന് 19.67 ലക്ഷം വിലവരും. മഹീന്ദ്രയുടെ പുണെയിലുള്ള പ്ലാന്റിലാവും റക്‌സ്റ്റണുകള്‍ അസംബ്ലി ചെയ്യുക. ലോകപ്രശസ്ത എസ്.യു.വി നിര്‍മ്മാതാക്കളായ സാങ്‌യോങ്ങിനെ ഇന്ത്യയിലെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അടുത്തിടെ ഏറ്റെടുത്തിരുന്നു. ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, ഹ്യുണ്ടായ് സാന്റാഫെ, മിറ്റ്‌സുബിഷി പജേറോ സ്‌പോര്‍ട് എന്നിവയോടാവും വിപണിയില്‍ റക്സ്റ്റണ്‍ ഏറ്റുമുട്ടുക.
മെഴ്‌സിഡീസ് നല്‍കിയ അഞ്ചു സിലിണ്ടര്‍ ഡി.ഒ.എച്ച്.സി 2.7 ലിറ്റര്‍ ഡര്‍ബോ ഡീസല്‍ എന്‍ജിനാണ് റക്‌സ്റ്റണിന് കരുത്ത് പകരുന്നത്. അഞ്ചു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് വകഭേദങ്ങള്‍ വിപണിയില്‍ ലഭിക്കും. രണ്ട് ഗിയര്‍ബോക്‌സുകളും ഘടിപ്പിക്കാവുന്നവിധം പ്രത്യേകം ട്യൂണ്‍ ചെയ്തതാണ് എന്‍ജിന്‍. മാനുവല്‍ ഗിയര്‍ബോക്‌സുള്ള റക്‌സ്റ്റണ്‍ 162 ബി.എച്ച്.പി പരമാവധി കരുത്തും 34.7 കെ.ജി.എം പരമാവധി ടോര്‍ക്കും നല്‍കും. 184 കെ.ജി.എം പരമാവധി കരുത്തും 41 കെ.ജി.എം പരമാവധി ടോര്‍ക്കും പകരുന്നതാണ് ഓട്ടോമാറ്റിക് വേരിയന്റ്.
ആഡംബര എസ്.യു.വിയുടെ എല്ലാ സവിശേഷതകളുമായാണ് റക്‌സ്റ്റണ്‍ ഇന്ത്യയിലെത്തുന്നത്. സ്റ്റിയറിങ് വീലില്‍ ഘടിപ്പിച്ച ഗിയര്‍ഷിഫ്റ്റ് ബട്ടണുകള്‍, ഷിഫ്റ്റ് പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, വിങ് മിററുകളുടെയും ഡ്രൈവര്‍ സീറ്റിന്റെയും മൂന്ന് പൊസിഷനുകള്‍ മെമ്മറിയില്‍ സൂക്ഷിക്കാനുള്ള സൗകര്യം, എട്ടു തരത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, സണ്‍ബ്ലൈന്‍ഡ് സംവിധാനമുള്ള ഇലക്ട്രോണിക് സണ്‍റൂഫ്, ഓട്ടോമാറ്റിക് ഹെഡ് ലാമ്പുകള്‍, റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം, മേല്‍ത്തരം തുകല്‍കൊണ്ട് നിര്‍മ്മിച്ച അപ്‌ഹോള്‍സ്റ്ററിയും തുകല്‍ പൊതിഞ്ഞ സ്റ്റിയറിങ് വീലും ഗിയര്‍നോബും എന്നിവയെല്ലാം അടങ്ങിയതാണ് റെക്‌സ്റ്റണിലെ സുഖ സൗകര്യങ്ങള്‍.
ആര്‍.എക്‌സ് 5, ആര്‍.എക്‌സ് 7 എന്നീ രണ്ട് വേരിയന്റുകള്‍ വിപണിയില്‍ ലഭിക്കും. മാനുവല്‍ റെക്സ്റ്റണിന് 12.4 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് 11.18 കിലോമീറ്ററും മൈലേജ് ലഭിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.