ഓള്‍ട്ടോ 800: 2.40 ലക്ഷം മുതല്‍
Posted on: 16 Oct 2012
ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവുംകൂടുതല്‍ വിറ്റഴിച്ചിരുന്ന എന്‍ട്രിലെവല്‍ ഹാച്ച്ബാക്ക് കാറായ എം 800 ന്റെ നവീന പതിപ്പ് ഓള്‍ട്ടോ 800 മാരുതി സുസുക്കി പുറത്തിറക്കി. 2.40 ലക്ഷമാണ് അടിസ്ഥാന വേരിയന്റിന്റെ ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. ഉയര്‍ന്ന വേരിയന്റായ എല്‍.എക്‌സ്.ഐ (എയര്‍ബാഗ് ഘടിപ്പിച്ചത്) യ്ക്ക് 3.13 ലക്ഷമാണ് വില. സി.എന്‍.ജി വേരിയന്റുകള്‍ക്ക് 3.15 മുതല്‍ 3.36 ലക്ഷം വരെയാണ് വില. ഓള്‍ട്ടോ 800 ന്റെ ആറ് വേരിയന്റുകളാവും വിപണിയില്‍ ഉണ്ടാവുക. 1,000 പേര്‍ ഇതിനകം പുതിയ കാര്‍ ബുക്കുചെയ്തു കഴിഞ്ഞു.
ഏഴാം തലമുറയില്‍പ്പെട്ട മാരുതി 800 എന്ന് ഓള്‍ട്ടോ 800 നെ വിശേഷിപ്പിക്കാം. 200 എന്‍ജിനിയര്‍മാര്‍ നാലു വര്‍ഷത്തോളം എടുത്താണ് കാര്‍ യാഥാര്‍ത്ഥ്യമാക്കിയത്. 22.7 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. എം 800 നെക്കാള്‍ നീളം 100 എം.എം കുറവാണ് പുതിയ കാറിന്. എന്നാല്‍ വീതിയും ഉയരവും കൂടുതല്‍. 2360 എം.എം ആണ് വീല്‍ ബെയ്‌സ്. 160 എം.എം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. ടേണിങ് റേഡിയസ് 4.6 മീറ്റര്‍. പിന്നിലെ ലെഗ്‌റൂം എം.എം വര്‍ധിച്ചിട്ടുണ്ട്. ബൂട്ട സ്‌പെയ്‌സ് 177 ലിറ്ററാണ്.
796 സി.സി മൂന്നുവാല്‍വ് 12 സിലിണ്ടര്‍ എന്‍ജിന്‍ 6000 ആര്‍.പി.എമ്മില്‍ 48 പി.എസ് പരമാവധി കരുത്തും 3500 ആര്‍.പി.എമ്മില്‍ 69 എന്‍.എം പരമാവധി ടോര്‍ക്കും നല്‍കും. 6.4 സെക്കന്‍ഡുകള്‍കൊണ്ട് പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തിലെത്തും. കാര്യമായ സുരക്ഷാ സംവിധാനങ്ങളൊന്നും അടിസ്ഥാന വേരിയന്റുകളില്‍ ഇല്ല. ഏറ്റവും ഉയര്‍ന്ന വേരിയന്റിനൊപ്പം ഡ്രൈവര്‍ എയര്‍ബാഗ് ലഭിക്കും.
പവര്‍ സ്റ്റിയറിങ്, മുന്നിലെ പവര്‍ വിന്‍ഡോകള്‍, ഉള്ളില്‍നിന്ന് നിയന്ത്രിക്കാവുന്ന റിയര്‍വ്യൂ മിററുകള്‍, റിമോട്ട് ബൂട്ട്‌ലിഡ് ഓപ്പണര്‍ എന്നിവ ഏറ്റവും ഉയര്‍ന്ന എല്‍.എക്‌സ്.ഐ വേരിയന്റില്‍ മാത്രം ലഭിക്കും. ട്യൂബ് ലെസ് ടയറുകള്‍, ഡ്യുവല്‍ ട്രിപ്പ് മീറ്റര്‍, ബോട്ടില്‍ ഹോള്‍ഡര്‍ എന്നിവ എല്ലാ വേരിയന്റുകളിലും ലഭിക്കും. എ.സിയും ഡോറുകളിലെ പോക്കറ്റുകളും അടിസ്ഥാന വേരിയന്റിലില്ല. അവ എല്‍.എക്‌സ്, എല്‍.എക്‌സ്.ഐ വേരിയന്റുകളില്‍ മാത്രം.