മുംബൈ: തണ്ടര്‍ബേഡ് ബൈക്കിന്റെ നവീകരിച്ച 500 സി.സി പതിപ്പ് ബുള്ളറ്റ് ഇരുചക്രവാഹനങ്ങളുടെ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് മുംബൈയില്‍ പുറത്തിറക്കി. 27.2 ഹോഴ്‌സ്പവര്‍ കരുത്തും 41.3 എന്‍.എം ടോര്‍ക്കും നല്‍കുന്ന ബൈക്കിന് 1.82 ലക്ഷം രൂപയാണ് മുംബൈയിലെ എക്‌സ് ഷോറൂംവില. ഇന്ത്യന്‍ വിപണിയിലുള്ള ഏറ്റവും വിലയേറിയ എന്‍ഫീല്‍ഡ് ബൈക്കായി ഇതോടെ തണ്ടര്‍ബേഡ് 500 മാറി. ലിറ്ററിന് 25 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.
തണ്ടര്‍ബേഡ് 350 നെക്കാള്‍ വലിയ ഇന്ധനടാങ്ക്, സ്ലിറ്റ് ഡിസൈന്‍ സീറ്റ്, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍.ഇ.ഡി ടെയില്‍ ലൈറ്റുകള്‍ എന്നിവയാണ് കാഴ്ചയിലെ പുതുമകള്‍. ഷാസിയിലും സ്വിങ് ആമിലും മുന്‍ ഫോര്‍ക്കിലുമെല്ലാം പുതുമകളുണ്ട്. കനംകുറഞ്ഞ മുന്നിലെ ഫോര്‍ക്കുകള്‍ തണ്ടര്‍ബേഡ് യാത്രകളില്‍ ആത്മവിശ്വാസം കുറയ്ക്കുമെന്ന പരാതി ഇനി പറയാനാകില്ല.
ഇന്ധനടാങ്കിന്റെ വലിപ്പം വര്‍ദ്ധിപ്പിച്ചതിനാല്‍ ഒരുതവണ നിറച്ചശേഷം 500 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം. പുതുമകളോടെ 350 സി.സി തണ്ടര്‍ബേഡ് വിപണിയില്‍ തുടരും. ഒരുതവണ ഇന്ധനടാങ്ക് നിറച്ചാല്‍ 600 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന ബൈക്കിന്റെ മുംബൈയിലെ എക്‌സ് ഷോറൂം വില 1.43 ലക്ഷം മുതലാണ്. 2002 ലാണ് തണ്ടര്‍ബേഡ് 350 വിപണിയില്‍ എത്തിയത്.
2011 ല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളുടെ വില്‍പ്പന 50 ശതമാനം വര്‍ദ്ധിച്ചുവെന്ന് മാതൃസ്ഥാപനമായ ഐഷര്‍ മോട്ടോഴ്‌സ് മാനേജിങ് ഡയറട്കറും സി.ഇ.ഒയുമായ സിദ്ധാര്‍ത്ഥ് ലാല്‍ പറഞ്ഞു. പ്രതിവര്‍ഷം 75,000 യൂണിറ്റുകളായാണ് വില്‍പ്പന ഉയര്‍ന്നത്. പ്രതിവര്‍ഷം ഒരുലക്ഷം ബൈക്കുകള്‍ നിരത്തില്‍ ഇറക്കുകയെന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. അവരുടെ ചെന്നൈയിലെ പുതിയ നിര്‍മ്മാണ യൂണിറ്റ് 2013 ല്‍ പ്രവര്‍ത്തന സജ്ജമാവും. പ്രതിവര്‍ഷം 1.5 ലക്ഷം ബൈക്കുകള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ളതാണ് പ്ലാന്റ്. പുതിയ പ്ലാന്റ് പ്രവര്‍ത്തിച്ച് തുടങ്ങുന്നതോടെ എന്‍ഫീല്‍ഡ് ബൈക്കുകളുടെ വെയ്റ്റിങ് പീരീഡ് കുറയുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍. നിലവില്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ ബുക്കുചെയ്യുന്നവര്‍ക്ക് എട്ടുമാസത്തിലേറെ കാത്തിരുന്ന ശേഷമെ ബൈക്ക് ലഭിക്കൂ. രാജ്യത്തെ ഡീലര്‍ഷിപ്പുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാനും റോയല്‍ എന്‍ഫീല്‍ഡിന് പദ്ധതിയുണ്ട്.