അഞ്ചുലക്ഷം സി.ആര്‍.വികള്‍ തിരിച്ചുവിളിക്കുന്നു
Posted on: 17 Oct 2012 തിരിച്ചു വിളിക്കുന്നത് യു.എസ്സിലും യൂറോപ്പിലും
ആഫ്രിക്കയിലും വിറ്റഴിച്ച വാഹനങ്ങള്‍
ടോക്യോ: ജപ്പാന്‍ വാഹന ഭീമന്മാരായ ഹോണ്ട അമേരിക്കയിലും യൂറോപ്പിലും വിറ്റഴിച്ച അഞ്ചുലക്ഷത്തോളം സി.ആര്‍.വി വാഹനങ്ങള്‍ തിരിച്ചു വിളിക്കുന്നു. പവര്‍ വിന്‍ഡോ സ്വിച്ചിന് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. 2002 നും 2006 നും മധ്യേ നിര്‍മ്മിച്ച വാഹനങ്ങളിലാണ് തകരാര്‍ കണ്ടെത്തിയിട്ടുള്ളത്.
പവര്‍ വിന്‍ഡോ സ്വിച്ചിനുള്ളില്‍ മഴവെള്ളം കയറാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരിച്ചു വിളിക്കല്‍. ഇത് സ്വിച്ച് ചൂടുപിടിക്കുന്നതിനും തീപ്പിടിക്കുന്നതിനും കാരണമായേക്കാം. യൂറോപ്യന്‍ വിപണിയില്‍ വിറ്റഴിച്ച 2.20 ലക്ഷം സി.ആര്‍.വികളും അമേരിക്കയില്‍ വിറ്റഴിച്ച 2.68 ലക്ഷം വാഹനങ്ങളും ആഫ്രിക്കയില്‍നിന്ന് നൂറെണ്ണവുമാണ് തിരിച്ചു വിളിക്കുന്നതെന്ന് ഹോണ്ട വക്താവ് പറഞ്ഞു.
പവര്‍ വിന്‍ഡോ സ്വിച്ചില്‍ തീ കണ്ടെത്തിയ അഞ്ച് സംഭവങ്ങള്‍ ഉപഭോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ ആര്‍ക്കും പൊള്ളലേറ്റിട്ടില്ലെന്നും കമ്പനി അധികൃതര്‍ പറയുന്നു. വടക്കേ അമേരിക്കയില്‍ വിറ്റഴിച്ച 6.03 ലക്ഷം അക്കോര്‍ഡ് കാറുകള്‍ ഒക്ടോബര്‍ ഒന്നിന് ഹോണ്ട തിരിച്ചു വിളിച്ചിരുന്നു. പവര്‍ സ്റ്റിയറിങ്ങിന്റെ തകരാര്‍ പരിഹരിക്കാന്‍ ആയിരുന്നു തിരിച്ചു വിളിക്കല്‍. തൊട്ടുപിന്നാലെയാണ് സി.ആര്‍.വികളുടെ തിരിച്ചു വിളിക്കല്‍.