TopGear1
TopGear2
കുഞ്ഞുകാറുകളുടെ ലോകം വരുന്നു
Posted on: 04 Oct 2012
നീനു മോഹന്‍

മുന്‍പില്‍ ചാടിയ കുട്ടിയെ കണ്ട് കാര്‍വെട്ടിക്കാന്‍ ഒരുങ്ങും മുമ്പ് വാഹനം സ്വയം ബ്രേക്കിട്ട് നിന്നാലോ.. ' ഹ..ഹ..ഹ എത്ര മനോഹരമായ നടക്കാത്ത സ്വപ്നം' എന്ന വലിയ ചിരിയാണ് ഉത്തരമെങ്കില്‍ ഞെട്ടാന്‍ തയ്യാറായിക്കൊള്ളൂ.. രണ്ടുദശാബ്ദത്തിനകം റോഡ് സെന്‍സ് ചെയ്ത് ഡ്രൈവറെക്കാള്‍ വിവേകപൂര്‍വ്വം വാഹനം നിയന്ത്രിക്കുന്ന സ്വയം പര്യാപ്തമായ കാറുകള്‍ നിരത്തിലിറങ്ങും. പറയുന്നത് മറ്റാരുമല്ല, വാഹനനിര്‍മ്മാണ രംഗത്തെ അതികായരായ ഓഡി. 2030 ല്‍ നിരത്തിലിറങ്ങുന്ന തങ്ങളുടെ കാറുകള്‍ക്ക് റോഡിലെ തിരക്കുകളെ അപഗ്രന്ഥിച്ച് യുക്തിപൂര്‍വ്വം അപകടരഹിതമായി സ്വയം ഓടാന്‍ കഴിയുമെന്നാണ് ഓഡി അവകാശപ്പെടുന്നത്. ഈ സ്വപ്‌നം നിരത്തിലിറക്കാനുള്ള ശ്രമങ്ങളും അവര്‍ തുടങ്ങി കഴിഞ്ഞു.രണ്ട് ദശാബ്ദത്തിനപ്പുറത്തുള്ള കാറുകളെക്കുറിച്ചുള്ള സജീവമായ ചര്‍ച്ചയിലാണ് വാഹനലോകം. ഓഡി പറയുന്നതുപോലെ അത്യാധുനിക സെന്‍സിങ്ങ് സംവിധാനമുള്ള കാറുകളായിരിക്കും വിപണിയിലെത്തുകയെന്നതിനെ സംബന്ധിച്ച് ആര്‍ക്കും സംശയമില്ല. നഗരവത്കരണം ശക്തമാകുന്നതോടെ റോഡുകളെല്ലാം നമ്മുടെ നാനോയെ പോലുള്ള ഭാരമില്ലാത്ത കുഞ്ഞന്മാര്‍ കൈയടക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ദരുടെ അഭിപ്രായം. വീട്ടിലെ സ്വീകരണമുറിയിലൊതുങ്ങുന്ന കുഞ്ഞുകാറാണ് 2030 ലേക്കുള്ള തങ്ങളുടെ പദ്ധതിയെന്ന് അമേരിക്കന്‍ കാര്‍ നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോര്‍ഴ്‌സ് (ജി.എം.) ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. പൂര്‍ണ്ണമായും വൈദ്യുതിയില്‍ ഓടുന്നവയായിരിക്കുമത്രേ ഈ കാറുകള്‍.നിലവില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ തലങ്ങും വിലങ്ങുമോടുമ്പോഴും ഇലക്ട്രിക് കാറുകള്‍ അത്ര എളുപ്പത്തില്‍ സ്വീകരിക്കപ്പെടുമോ എന്ന കാര്യത്തില്‍ സംശയാലുക്കള്‍ ഇപ്പോഴുമുണ്ട്. എന്നാല്‍ 2020 ഓടെ നിരത്തിലിറങ്ങുന്ന പത്തിലൊന്ന് കാറുകളും ഇലക്ട്രിക് കാറുകളായിരിക്കുമെന്നാണ് വന്‍കിട വാഹനനിര്‍മ്മാതാക്കളുടെ മറുപടി. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ നേതൃത്വത്തിലുള്ള പ്രചാരണ പരിപാടികളും സബ്‌സിഡികളും ഒരു പക്ഷേ വേണ്ടി വന്നേക്കാമെങ്കിലും പിന്നീട് സ്വാഭാവികമായും ജനങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളെ സ്വീകരിക്കുവാന്‍ തയ്യാറാകുമത്രേ. അനുദിനം വര്‍ദ്ധിക്കുന്ന ഇന്ധന ചെലവും ഈ മാറ്റത്തിന് വേഗത കൂട്ടുമെന്നാണ് കരുതുന്നത്. ബി.എം.ഡബ്ല്യൂ, നിസ്സാന്‍, റിനോ തുടങ്ങി വന്‍കിട കാര്‍ നിര്‍മ്മാതാക്കളെല്ലാം രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കകം ഇലക്ട്രിക് കാറുമായെത്തും. 2013 ഓടുകൂടി പ്രാവര്‍ത്തികമാകുമെന്ന് കരുതുന്ന ബി.എം.ഡബഌുവിന്റെ ഇലക്ട്രിക് കാര്‍നിര്‍മ്മാണ പദ്ധതിയ്ക്ക് മെഗാസിറ്റി എന്നാണ് പേര് നല്‍കിയിരിക്കുന്നത്. റിനോയും നിസ്സാനും തങ്ങളുടെ ഇലക്ട്രിക് കാറുകള്‍ വിദേശ ഓട്ടോമൊബൈല്‍ മാഗസിനുകളില്‍ പരസ്യം ചെയ്യാനും തുടങ്ങി.ഓ.. പദ്ധതികളെല്ലാം വാക്കാല്‍ കൊള്ളാം എപ്പോള്‍ നടക്കാനാണ് എന്നു കരുതുന്നവരുണ്ടോ. കാറുകളേക്കാള്‍ ഞങ്ങള്‍ക്ക് പ്രിയം മൊബൈലാണ് എന്നു പറയുന്ന നഗരവാസികളെ കൂടെകൂട്ടാന്‍ എന്തു ചെയ്യാനും കാര്‍നിര്‍മ്മാതാക്കള്‍ക്ക് മടിയില്ല. മാറ്റത്തിന്റെ തുടക്കമെന്നോണം മിക്ക വാഹനനിര്‍മ്മാതാക്കളും തങ്ങളുടെ വാഹനങ്ങളുടെ ഭാരം കുറയ്ക്കാനുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞു. ഇരുമ്പിനും സ്റ്റീലിനും പകരം അലുമിനിയം ഉപയോഗിച്ച് നിര്‍മ്മിച്ച ഹ്യുണ്ടായിയുടെ സൊനാറ്റയാണ് ഈ ശ്രേണിയിലെ ആദ്യവാഹനം. ടാറ്റാ നാനോയാകട്ടെ അര്‍ബന്‍ വാഹനങ്ങള്‍ക്കുവേണ്ട എല്ലാവിധ ഗുണങ്ങളുമായാണ് ഇപ്പോഴേ ഓടുന്നത്. ഏതു ഗതാഗത കുരുക്കിലും എളുപ്പം ഓടിക്കാം, പാര്‍ക്ക് ചെയ്യാനാകട്ടെ പരിമിതമായ സ്ഥലം മതി. ആവശ്യത്തിന് ഇന്ധനക്ഷമതയുമുണ്ട്. അപ്പോള്‍ പിന്നെ വലിയ കാര്‍ വാങ്ങാനുള്ള പദ്ധതിയൊക്കെ മാറ്റി നമുക്കും കുഞ്ഞുകാറുകളിലേക്ക് കൂടുകൂട്ടുകയല്ലേ. കാലത്തിനു മുന്‍പേ നീങ്ങുന്നവരാണ് നമ്മളെന്ന് നാട്ടുകാരും അറിയട്ടേ.


Print
SocialTwist Tell-a-Friend
Other stories in this section