മാരുതി കാറുകളുടെ വിലകൂട്ടി
Posted on: 03 Oct 2012 ഹോണ്ടയും ജി.എമ്മും ഓഡിയും വിലകൂട്ടി
ടാറ്റ ഇന്‍ഡിക്ക ഇ.വി2 വിന്റെ വില കുറച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ ഒന്നാംകിട കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി വിപണിയില്‍ ഇറക്കുന്ന എല്ലാ കാറുകളുടെയും വിലകൂട്ടി. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ദ്ധനയും വിനിമയ നിരക്കിലെ വ്യത്യാസവുമാണ് തീരുമാനത്തിന് പിന്നില്‍. വിവിധ കാറുകളുടെ വില 2500 മുതല്‍ 5250 വരെ വര്‍ദ്ധിക്കുമെന്ന് മാരുതി സുസുക്കി വക്താവ് പറഞ്ഞു. വിലവര്‍ദ്ധന ഉടന്‍ നിലവില്‍വരും.
ചെറുകാറായ എം 800 മുതല്‍ ആഡംബര സെഡാനായ കിസാഷി വരെയുള്ള കാറുകളാണ് മാരുതി സുസുക്കി ഇന്ത്യയില്‍ വിറ്റഴിക്കുന്നത്. 2.4 ലക്ഷം മുതല്‍ 17.5 ലക്ഷം വരെയാണ് ഇവയുടെ ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂംവില.
കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട, ജനറല്‍ മോട്ടോഴ്‌സ്, ഓഡി എന്നിവയും അടുത്തിടെ വാഹനങ്ങളുടെ വില വര്‍ദ്ധിപ്പിച്ചിരുന്നു. ഹോണ്ട വിപണിയില്‍ ഇറക്കുന്ന ബ്രിയോ, ജാസ്, സിറ്റി കാറുകളുടെ വിലയാണ് വര്‍ദ്ധിപ്പിച്ചത്. 2.6 ശതമാനമാണ് വിലവര്‍ദ്ധന. ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍വന്നു. ജനറല്‍ മോട്ടോഴ്‌സ് പുറത്തിറക്കുന്ന കാറുകളുടെ വിലയും ഒന്നു മുതല്‍ വര്‍ദ്ധിച്ചു. ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡി ക്യൂ ത്രീ എസ്.യു.വിയുടെ വിലയാണ് കൂട്ടിയത്. ഇതിന്റെ വില 50,000 രൂപ ഉയരും. അതിനിടെ കോംപാക്ട് കാര്‍ ഇ.വി 2 വിന്റെ വില ടാറ്റാ മോട്ടോഴ്‌സ് 23000 രൂപ കുറച്ചു.