TopGear1
ടൂവീലര്‍ കിങ്‌സ്‌
Posted on: 21 Sep 2012
സന്ദീപ് സുധാകര്‍

മരുഭൂമിയിലെ വിജനമായ റോഡിലൂടെ ക്രൂയിസ് ബൈക്കിലൊരു യാത്ര. വീശിയടിക്കുന്ന കാറ്റിനെ കീറിമുറിച്ച് ദൂരങ്ങള്‍ താണ്ടിയുള്ള യാത്രക്കിടയില്‍ ക്ഷീണമകറ്റാന്‍ ഒരു ഹാര്‍ലി റെസ്റ്റോറന്റ്. എന്താണീ ഹാര്‍ലി റെസ്റ്റോറന്റ്. വഴിയെ മനസ്സിലാക്കാം...

ഹാര്‍ലി ഡേവിഡ്‌സണ്‍, ഹയാബ്യൂസ, നിന്‍ജ, എഫ.സി. വണ്‍, സി. ബി. ആര്‍... ആരൊക്കെയാണിവരെന്ന് അത്ഭുതപ്പെടേണ്ട. ഇരുചക്ര വാഹന പ്രേമികള്‍ക്ക് സുപരിചിതമായ പേരുകളാണിത്. ആഡംബരം കാറുകള്‍ക്ക് മാത്രമുള്ളതല്ലെന്നും ബൈക്കുകള്‍ക്കും ഇതില്‍ കാര്യമുണ്ടെന്നും തെളിയിച്ച പേരുകള്‍. പണ്ടൊക്കെ ശരാശരി മലയാളിയുടെ ഇരുചക്രവാഹന കമ്പം ഏറി വന്നാല്‍ അവസാനിക്കുക കുടു കുടു ശബ്ദത്തോടെ മസില്‍ പെരുപ്പിച്ച് ഓടുന്ന ബുളറ്റ് ബൈക്കുകളിലായിരുന്നു. പക്ഷെ ഇന്ന് സാങ്കേതിക തികവും തീവേഗവും മോട്ടോര്‍ബൈക്ക് 'സാവികളുടെ' ഭാഷയില്‍ പറഞ്ഞാല്‍ 'അള്‍ട്ടിമേറ്റ് ലുക്‌സും' സമാസമം ചേര്‍ത്ത ആഡംബര ബൈക്കുകള്‍ കൊച്ചി നഗരത്തെ കീഴടക്കി തുടങ്ങിയിരിക്കുന്നു. കുണ്ടന്നൂരില്‍ വരുന്ന ഹാര്‍ലി ഡേവിഡസ്ണ്‍ ഷോറൂം സാക്ഷി!

മുമ്പൊക്കെ ഒരു ബൈക്ക് പ്രേമി ബൈക്ക് വാങ്ങാനായി ചെലവിട്ടിരുന്നത് ഏറിയാല്‍ 50,000 രൂപയാണ് ഇന്നിത് ലക്ഷങ്ങളിലാണ് എത്തി നില്‍ക്കുന്നത്. 3 ലക്ഷം രൂപ മുതല്‍ 30 ലക്ഷം രൂപ വരെ വില വരുന്ന ബൈക്കുകള്‍ക്ക് ഉടമകള്‍ ഇന്ന് കൊച്ചിയിലുണ്ട്. ഇവര്‍ പരസ്പരം പരിചയക്കാരുമാണ്. അതുകൊണ്ട് പുതിയ ബൈക്കുകളുടെ വിശേഷങ്ങളും ഈ മേഖലയിലെ മാറുന്ന അഭിരുചികളും വേഗം പങ്കുവെയ്ക്കാനും ഇവര്‍ക്ക് സാധിക്കുന്നു.അഗ്‌നിച്ചിറകേറിയ ഇത്തരം സൂപ്പര്‍ ബൈക്കുകളിലാണ് യൂവാക്കളിന്ന് നഗരം ചുറ്റാനിറങ്ങുന്നതെന്ന് സാക്ഷ്യപ്പെടുത്തുന്നത് പറവൂര്‍ സ്വദേശി രാഹുല്‍. 3. 5 ലക്ഷം രൂപ വില വരുന്ന കവാസാക്കി നിന്‍ജ 250 ആണ് രാഹുലിന്റെ വാഹനം. മുമ്പ് 70, 000ത്തോളം രൂപ വില വരുന്ന യമഹാ എഫ്. സി.യുടെ ഉടമയായിരുന്ന രാഹുലിന്റെ ബൈക്കിങ്ങിനോടുള്ള അടങ്ങാത്ത കമ്പമാണ് നിന്‍ജയില്‍ എത്തി നില്‍ക്കുന്നത്. പല നഗരങ്ങളിലും സൂപ്പര്‍ ബൈക്ക് ഉടമകള്‍ക്ക് ക്ലബ്ബുകളും മറ്റുമുണ്ടെങ്കിലും കൊച്ചി ഈ രീതിയിലേക്ക് വളരുന്നതേയുള്ളു. ഇത്തരം ഒരു ക്ലബ്ബ് കൊച്ചിയില്‍ വന്നാല്‍ അംഗത്വമെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലെന്നും രാഹുല്‍ പറയുന്നു.
സുഗമമായ യാത്ര, കാണാന്‍ അത്യാവശ്യം വലുപ്പം, ആരുടെയും ശ്രദ്ധയാകര്‍ഷിക്കാന്‍ പോന്ന ബോഡി ഡിസൈന്‍ എന്നിവയാണ് തന്റെ വാഹനത്തെ വേറിട്ട് നിര്‍ത്തുന്നതെന്നും രാഹുല്‍. രാഹുല്‍ ഉപയോഗിക്കുന്ന കാര്‍ ഹ്യുണ്ടായ് ഐ-ടെന്നാണ്. ബാങ്ക് ഉദ്യോഗസ്ഥനായ അച്ഛനും ഹോണ്ടയില്‍ ജോലി ചെയ്യുന്ന അമ്മയും രാഹുലിന്റെ ബൈക്ക് കമ്പത്തിന് ഒട്ടും എതിരല്ലെന്ന് മാത്രമല്ല അതിരറ്റ പ്രോത്സാഹനവുമാണ് നല്‍കുന്നതെന്നും ചിന്‍മയാ വിദ്യാപീഠില്‍ ബി. ബി. എം വിദ്യാര്‍ത്ഥിയായ രാഹുല്‍ പറയുന്നു.

ഔഡിയും ബെന്‍സും ബിമ്മറുമെല്ലാം കുതിച്ചു പായുന്ന കൊച്ചിയുടെ നിരത്തുകളില്‍ യമഹ അവതരിപ്പിച്ചിരിക്കുന്നത് ആര്‍ വണ്‍, എഫ്. സി. വണ്‍, വി മാക്‌സ് എന്നിങ്ങനെ മൂന്ന് സൂപ്പര്‍ ബൈക്കുകളാണ്. കൊച്ചിയുടെ ചെറിയ വിപണിയില്‍ തന്നെ പ്രതിവര്‍ഷം മുന്നോ നാലോ സുപ്പര്‍ ബൈക്കുകള്‍ തുടക്കത്തില്‍ തന്നെ വില്‍ക്കാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് യമഹ. ഇനി ഇതു കൂടുമെന്ന കാര്യവും കമ്പനിക്ക് ഉറപ്പാണ്.

ഹാര്‍ലി റെസ്‌റ്റോറന്റ്


ഗുരുവായൂര്‍ കേശവന്‍ എന്ന പേരിന്റെ തലപ്പൊക്കം ഏറെയാണ്. കേശവന്‍ മാത്രമല്ല ഗുരുവായൂരിലെ ആനകളും ആനപ്പന്തിയും വളരെ പ്രശസ്തമാണ്. അപ്പോള്‍ ഒരു ഗുരുവായൂര്‍ സ്വദേശിക്ക് ആനച്ചന്തമുള്ള ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകളോട് കമ്പം തോന്നിയാല്‍ തെറ്റുപറയാനൊക്കുമോ? ഗുരുവായൂരിനടുത്ത് ചേറ്റുവയില്‍ നിന്ന് കൊച്ചിയിലെത്തി ടയറുകളുടെ ബിസിനസ് ചെയ്യുന്ന കിരണ്‍ ഹാര്‍ലി ഡേവിഡ്‌സണോടുള്ള കമ്പത്തില്‍ ഏറെ പ്രശസ്തി നേടിക്കഴിഞ്ഞു. ഇത് മനസ്സിലാക്കാന്‍ എറണാകുളത്തെ ബൈപ്പാസ് റോഡിന് സമീപം സ്ഥിതി ചെയ്യുന്ന അദ്ദേഹത്തിന്റെ ചിലാക്‌സ് റെസ്റ്റോറന്റില്‍ ഒന്നു കയറിയാല്‍ മതി. ഹാര്‍ലി തീം അടിസ്ഥാനപ്പെടുത്തിയാണ് റെസ്റ്റോറന്റിന്റെ അകത്തളം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഹോളിവുഡ് സിനിമകളില്‍ മാത്രം കണ്ടു പരിചയമുള്ള ബൈക്കേഴ്‌സ് റെസ്റ്റോറന്റുകളുടെ അതേ പശ്ചാത്തലം. ചുവരില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ ചിത്രങ്ങള്‍. കോണ്ടിനെന്റല്‍ വിഭവങ്ങള്‍ അടക്കം എല്ലാം ലഭിക്കുന്ന റെസ്‌റ്റോറന്റിന്റെ ഡൈനിങ് ടേബിളുകളും എല്ലാം സവിശേഷമായ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഫൈനാര്‍ട്‌സ് ഹാളിന് സമീപവും അദ്ദേഹത്തിന് ഇതുപോലൊരു റെസ്‌റ്റോറന്റുണ്ട്.പുണെ സര്‍വകലാശാലയില്‍ നിന്ന് എം. ബി. എ. പൂര്‍ത്തിയാക്കിയ കിരണ്‍ നിരവധി ടയര്‍ കമ്പനികളില്‍ ജോലി നോക്കിയതിന് ശേഷമാണ് ടയറെക്‌സ് എന്ന സ്ഥാപനം കൊച്ചിയില്‍ തുടങ്ങുന്നത്. ടയറെക്‌സിന് ഇന്ന് തമിഴ്‌നാട്ടിലും, കര്‍ണാടകയിലും സാന്നിധ്യമുണ്ട്. ഒരു റസ്റ്റോറന്റ് ചെയിനാണ് കിരണിന്റെ അടുത്ത ലക്ഷ്യം.

ഹാര്‍ലിയ്ക്ക് എത്ര മൈലേജ് കിട്ടുമെന്ന് ചോദിച്ചപ്പോള്‍ കിരണിന്റെ നെറ്റി ചുളിഞ്ഞു. സത്യം പറഞ്ഞാല്‍ മൈലേജ് ഇതുവരെ ശ്രദ്ധിച്ചിട്ടില്ലെന്ന് കിരണ്‍. മൈലേജോ വിലയോ നോക്കി വാങ്ങുന്നവര്‍ക്കുള്ളതല്ല ഹാര്‍ലി ബൈക്കുകള്‍. ഹാര്‍ലി ഡേവിഡ്‌സണ്‍ ഒരു ബ്രാന്‍ഡ് മാത്രമല്ല പ്രത്യേക സംസ്‌ക്കാരമാണ്. ജിപ്‌സികളെയും ക്ഷുഭിത യൗവനത്തെയുമൊക്കെ ഓര്‍മിപ്പിക്കുന്ന ചിന്താഗതിയുള്ളവര്‍ക്കുള്ള അള്‍ട്ടിമേറ്റ് ബ്രാന്‍ഡ്. 2009ല്‍ ഫാറ്റ്‌ബോയ് എന്ന ഹാര്‍ലി മോഡല്‍ സ്വന്തമാക്കാന്‍ ഇറക്കുമതി തീരുവ അടക്കം കിരണിന് ചെലവായത് 24 ലക്ഷം രൂപയാണ്. കേരളത്തില്‍ ഹാര്‍ലി ഷോറൂം തുടങ്ങാന്‍ പോകുന്നുവെന്ന് കേട്ടതിന്റെ ത്രില്ലിലാണ് ഈ ഹാര്‍ഡ് ഹാര്‍ലി ഫാന്‍. ഇനി ഹോഗ് ക്ലബ്ബുകള്‍ ഇവിടെയുമെത്തും. ഹാര്‍ലി ഡേവിഡ്‌സണ്‍ ഉടമകളുടെ കൂട്ടായ്മയാണ് ഹോഗ് ക്ലബ്ബുകള്‍. കേരളത്തില്‍ സൂപ്പര്‍ബൈക്ക് ഉടമകള്‍ക്ക് ഒരു ക്ലബ്ബില്ലെന്ന കുറവ് ഹോഗ് ക്ലബ്ബുകള്‍ നികത്തുമെന്നും അദ്ദേഹം പറയുന്നു. തിരക്കിട്ട ബിസിനസ് ജീവിതത്തിനിടിയില്‍ തന്റെ ഫാറ്റ്‌ബോയിലുള്ള ലോങ് റൈഡാണ് കിരണിന് ഹൈഡ് ഔട്ട്.ബൈക്കിങ് രണ്ടുതരമുണ്ട്. ഒന്ന് അതിവേഗ ബൈക്കിങ് (സ്‌പോര്‍ട്‌സ് ബൈക്കിങ്) രണ്ട് കംഫര്‍ട്ടബിളായ ക്രൂയിസ് ബൈക്കിങ്. അതിവേഗ ബൈക്കിങ്ങിനോട് ഒട്ടും താത്പര്യമില്ലാത്ത കിരണ്‍ സ്വാതന്ത്ര്യം വിളംബരം ചെയ്യുന്ന യാത്രാ രീതിയായാണ് ക്രൂയിസ് ബൈക്കിങ്ങിനെ കാണുന്നത്. കംഫര്‍ട്ടിന് മാത്രമാണ് ഇത്തരം ബൈക്കിങ്ങില്‍ പ്രാധാന്യം. ഹാര്‍ലി ബ്രാന്‍ഡും ക്രൂയിസര്‍മാര്‍ക്കുള്ളതാണ്. കൊച്ചിയിലെ തിരക്കിട്ട റോഡില്‍ ഇത്തരം ബൈക്കുകള്‍ക്ക് എന്ത് പ്രാധാന്യമെന്ന് ചോദിച്ചപ്പോള്‍ ഉടനെ വന്നു മറുപടി. അപ്പോള്‍ പിന്നെ ഔഡിയും ബിമ്മറുമെല്ലാം കൊച്ചിയില്‍ എന്തു ചെയ്യും? ആഡംബര കാറുകള്‍ക്കൊക്കെ കൊച്ചിയിലെ ഇടറോഡുകള്‍ വരെ പരിചിതമാണ്. റോഡുകള്‍ക്ക് തിരിച്ചും. ഇതുപോലെ സുപ്പര്‍ബൈക്കുകളും വഴിയോടിണങ്ങുമെന്ന കാര്യത്തില്‍ കിരണിന് സംശയമില്ല.

കിരണിന്റെ താത്പര്യം ക്രൂയിസ്‌ബൈക്കുകളിലാണെങ്കില്‍ തീര്‍ത്തും വ്യത്യസ്തനാണ് സുഹൃത്തായ അമിത്. അമിത്എന്‍ജിനിയറിങ്, കോണ്ടിനെന്റല്‍ എന്നിങ്ങനെ രണ്ട് കമ്പനികള്‍ക്ക് ഉടമയായ അമിത്തിന് താത്പര്യം സ്‌പോര്‍ട്‌സ് ബൈക്കുകളോടാണ്. എഫ്.സി.വണ്‍, ഹോണ്ട സി.ബി.ആര്‍. എന്നീ രണ്ടു മോഡലുകളാണ് അമിത്തിനുള്ളത്. എഫ്‌സിയ്ക്ക് 11 ലക്ഷം രൂപയും സി. ബി.ആറിന് 16 ലക്ഷം രൂപയും അമിത്തിന് ചെലവായി. കൂടാതെ ഒരു ബുള്ളറ്റ് 500 സിസി ബൈക്കും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. സൂപ്പര്‍ ബൈക്കുകളോട് കമ്പമേറുമ്പോഴും ബുള്ളറ്റിനെ എങ്ങനെ മറക്കാന്‍ കഴിയും? ഹോണ്ട സി.ആര്‍.വി, പുണ്ടോ എന്നീ കാറുകളും അമിതിന് സ്വന്തമായുണ്ട്. നേരത്തെയുണ്ടായിരുന്ന യമഹാ ആര്‍. ഡി 350 ഈയടുത്താണ് വിറ്റത്.

ഹാര്‍ലി മാങ്കോ !


ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിലാണ് അമേരിക്കന്‍ ബ്രാന്‍ഡായ ഹാര്‍ലി ഡേവിഡ്‌സണ്‍ കൊച്ചിയിലെത്തുന്നത്. ഇതിന് പിന്നിലും രസകരമായ ഒരു കഥയുണ്ട്. ഇന്ത്യയില്‍ വിദേശ ആഡംബര ബൈക്കുകള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള തീരുവ അമിതമാണെന്നതായിരുന്ന ഹാര്‍ലിയുടെ പരാതി. മലിനീകരണ ചട്ടങ്ങളും വഴിമുടക്കി. യുറോ നാല് മലിനീകരണ ചട്ടങ്ങള്‍ ഹാര്‍ലി പാലിക്കുന്നില്ലെന്നതായിരുന്നു ആരോപണം. പക്ഷെ അമേരിക്ക ഇതിനും ഒരു വഴി കണ്ടെത്തി.

ഇന്ത്യന്‍ മാങ്ങകള്‍ക്കുള്ള വിലക്ക് നീക്കി. 2007ല്‍ ഇന്ത്യയില്‍ നിന്ന് മാങ്ങ ഇറക്കുമതി ചെയ്യാന്‍ അമേരിക്ക തയ്യാറായപ്പോള്‍ മാത്രമാണ് മലിനീകരണ ചട്ടങ്ങളില്‍ നേരിയ ഇളവുകളോടെ ഹാര്‍ലി ബൈക്കുകള്‍ ഇന്ത്യ ഇറക്കുമതി ചെയ്യാമെന്ന് സമ്മതിച്ചത്. പക്ഷെ ഇറക്കുമതി തീരുവ കുറയ്ക്കാന്‍ തയ്യാറായതുമില്ല. ഇന്ത്യന്‍ മാങ്ങകള്‍ക്ക് അമേരിക്ക പകരം നല്‍കിയ ആഡംബര ബ്രാന്‍ഡാണ് ഹാര്‍ലി ഡേവിഡ്‌സണെന്നും പറയാം.

ലോകത്തിലെ രണ്ടാമത്തെ വലിയ ഇരുചക്രവാഹന വിപണിയായ ഇന്ത്യയിലേക്ക് കടക്കാന്‍ ഹാര്‍ലിയുടെ അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനും അതോടെ വിരാമമായി. ഏതായാലും ഹാര്‍ലിയെത്തിയതോടെ മത്സര രംഗം കൊഴുത്തു. റോയല്‍ എന്‍ഫീല്‍ഡ്, ഹീറോ, ഹോണ്ട, സുസുക്കി എന്നി വമ്പന്‍മാര്‍ക്ക് മത്സരം കടുത്തു.
Print
SocialTwist Tell-a-Friend
Other stories in this section