TopGear1
TopGear2
21.49 ലക്ഷത്തിന് ബി ക്ലാസ്‌
Posted on: 18 Sep 2012



മുംബൈ: മെഴ്‌സിഡീസ് ബെന്‍സിന്റെ ഹാച്ച്ബാക്ക് കാറായ ബി ക്ലാസ് സ്‌പോര്‍ട്‌സ് ടൂറര്‍ ഇന്ത്യന്‍ വിപണിയിലെത്തി. 21.49 ലക്ഷമാണ് മുംബൈയിലെ എക്‌സ് ഷോറൂംവില. യുവാക്കളെ ലക്ഷ്യമാക്കി വിപണിയിലെത്തുന്ന ഹാച്ച്ബാക്ക് 30 ലക്ഷത്തിനുതാഴെ വിലയുടെ കാറുകളുടെ വിപണിയില്‍ ശക്തമായ സാന്നിധ്യമാകുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍. ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ ബെന്‍സ് കാറാണിത്.

വലിയ ഹാച്ച്ബാക്കെന്നോ ചെറിയ എം.പി.വി എന്നോ വിശേഷിപ്പിക്കാവുന്ന വാഹനത്തില്‍ അഞ്ച് സീറ്റുകളാണ് ഉള്ളത്. മെഴ്‌സിഡീസ് ബെന്‍സിന്റെ തലയെടുപ്പുള്ള കാറുകളായ എസ്.എല്‍.എസ് എ.എം.ജി, സി.എല്‍.എസ് ക്ലാസ് എന്നിവയോട് സാദൃശ്യമുണ്ട് ഡാഷ് ബോര്‍ഡിനും ഉള്‍വശത്തിനും.



മെഴ്‌സിഡീസ് ബെന്‍സ് നവീനമായി വികസിപ്പിച്ച മുന്‍വീല്‍ ഡ്രൈവ് പ്ലാറ്റ്‌ഫോമുമായി വിപണിയില്‍ എത്തുന്ന ആദ്യ വാഹനമാണിത്. വരാനിരിക്കുന്ന എ ക്ലാസ് പുതിയ സലൂണ്‍, എസ്.യു.വി എന്നിവ ഈ പ്ലാറ്റ്‌ഫോമില്‍ വികസിപ്പിച്ചവയാണ്. നാലു സിലിണ്ടര്‍ 1595 സി.സി ഡയറക്ട് ഇന്‍ജെക്ഷന്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ഏഴു സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിന്റെ കരുത്ത് ചക്രങ്ങളില്‍ എത്തിക്കും. 1.8 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ കരുത്തേകുന്ന ബി ക്ലാസുകള്‍ പിന്നീട് ഇന്ത്യയിലെത്തും.



ഇന്ധനക്ഷമത ഉറപ്പുവരുത്തുന്ന ബ്ലൂ എഫിഷന്‍സി സംവിധാനങ്ങള്‍ ബ്ലി ക്ലാസിന്റെ സവിശേഷതയാണ്. ട്രാഫിക് സിഗ്നലുകളില്‍ കാത്തുകിടക്കേണ്ടി വരുന്ന അവസരങ്ങളില്‍ എന്‍ജിന്‍ സ്റ്റോപ്പാകുന്ന സ്റ്റാര്‍ട്ട് - സ്റ്റോപ് സംവിധാനം അടക്കമുള്ളവ ഇതിന്റെ ഭാഗമാണ്. ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ്, പരോരമിക് സണ്‍റൂഫ് എന്നിവ സ്റ്റാന്‍ഡേര്‍ഡാണ്. എയര്‍ബാഗുകള്‍, അറ്റന്‍ഷന്‍ അസിസ്റ്റ് തുടങ്ങിയവയെക്കുറിച്ച് പറയേണ്ടതില്ലല്ലോ. 250 ബുക്കിങ്ങുകള്‍ ബി ക്ലാസിന് ഇതിനകം ലഭിച്ചു കഴിഞ്ഞുവെന്ന് മെഴ്‌സിഡീസ് ബെന്‍സ് അധികൃതര്‍ പറഞ്ഞു. ഒക്ടോബറില്‍ ഇവ ഉടമകള്‍ക്ക് കൈമാറും. ഇനി ബുക്കുചെയ്യുന്നവര്‍ക്ക് 2013 ജനവരി മുതല്‍ മാത്രമെ ബി ക്ലാസുകള്‍ ലഭിക്കൂ.
Print
SocialTwist Tell-a-Friend










Other stories in this section