TopGear1
കരവിരുതില്‍ തീര്‍ത്ത കാര്‍എഞ്ചിനുകള്‍
Posted on: 13 Sep 2012
പി.എസ്.രാകേഷ്‌

ഒരു കാര്‍ ഉണ്ടാക്കിത്തരുമോ എന്നാവശ്യപ്പെട്ടാല്‍ അല്പം പണിത്തിരക്കുണ്ട്, അടുത്തയാഴ്ച മതിയോ എന്നു മറുപടി പറയുന്ന ഒരാളെ സങ്കല്‍പിക്കാന്‍ സാധിക്കുമോ? കാറെന്താ മസാലദോശയാണോ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഉണ്ടാക്കാന്‍ എന്ന ചോദ്യം അവിടെ നില്‍ക്കട്ടെ. കാറുകളുടെ എഞ്ചിന്‍ ഒറ്റയ്ക്കുണ്ടാക്കുന്ന എണ്ണം പറഞ്ഞ ടെക്‌നീഷ്യന്‍മാര്‍ പല കമ്പനികളിലുമുണ്ടെന്ന കാര്യം അറിയുക. മാസം തോറും പതിനായിരക്കണക്കിന് വണ്ടികള്‍ നിരത്തിലിറക്കുന്ന സാദാ കാര്‍കമ്പനികളിലല്ല, കാറൊന്നിന് കോടികള്‍ വിലയുളള പ്രീമിയം ബ്രാന്‍ഡുകള്‍ക്കാണ് ഇത്തരം പെരുന്തച്ചന്‍മാരുള്ളത്.

വാഹനങ്ങള്‍ക്കായി കൈകൊണ്ട് എഞ്ചിന്‍ നിര്‍മിക്കുകയെന്നത് ഇപ്പോള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന കലാരൂപമല്ല, മറിച്ച് കമ്പനികള്‍ ഇന്നും ഉത്സാഹത്തോടെ കൊണ്ടുനടക്കുന്ന രീതിയാണത്. പരമ്പരാഗത കാര്‍ എഞ്ചിന്‍ നിര്‍മാതാക്കളോടുള്ള ബഹുമാനം കൊണ്ടാണ് ഈ കമ്പ്യൂട്ടര്‍ യുഗത്തിലും ഇത്തരമൊരു സമയംകൊല്ലി നിര്‍മാണരീതി കളയാതെ സൂക്ഷിക്കുന്നത്. മറ്റൊരു കാര്യം 'കൈകൊണ്ടുണ്ടാക്കിയ കാര്‍ എഞ്ചിന്‍' എന്ന പരസ്യവാചകത്തിന്റെ വിപണിമുല്യം തന്നെ. മെഴ്‌സിഡിസ്-എ.എം.ജി. കാര്‍ കമ്പനി 1960 മുതല്‍ക്കേ 'ഒരാള്‍, ഒരു എഞ്ചിന്‍' എന്ന പരസ്യകാമ്പയിന്‍ നടത്തുന്നവരാണ്. വര്‍ഷങ്ങളുടെ പരിശീലനവും അനുഭവസമ്പത്തുമുള്ള ടെക്‌നീഷ്യന്‍മാരാണ് മെര്‍സിഡസ് ബെന്‍സ് കാര്‍ എഞ്ചിനുകള്‍ സംയോജിപ്പിക്കുന്നത്. ഓരോ കാറിനൊപ്പവും അതിന്റെ എഞ്ചിന്‍ നിര്‍മ്മിച്ച ടെക്‌നീഷ്യന്റെ കൈയ്യൊപ്പോടുകൂടിയ സിഗ്‌നേച്ചര്‍ പ്ലേറ്റും ഉടമകള്‍ക്ക് ലഭിക്കും. സ്വന്തം കാറിന്റെ ഹൃദയമായ എഞ്ചിന്‍ നിര്‍മ്മിച്ചത് പേരും മുഖവുമില്ലാത്ത അസംബ്ലി ലൈന്‍ യന്ത്രങ്ങളല്ല അല്ലെന്ന അഭിമാനവുമായി ബെന്‍സ് ഉടമകള്‍ സംതൃപ്തിയടയുന്നു.

ബെന്‍സ് മാത്രമല്ല ഫെരാറി, ബുഗറ്റി, ഷെവര്‍ലെ കോര്‍വെറ്റ് തുടങ്ങിയ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാണ കമ്പനികളും കൈകൊണ്ടുണ്ടാക്കിയ എഞ്ചിനുകളെയാണ് ആശ്രയിക്കുന്നത്. ഓട്ടോമാറ്റിക് അസംബഌ ലൈന്‍ സംവിധാനങ്ങള്‍ക്ക് പകരം എഞ്ചിന്റെ ഓരോഭാഗവും കൈകൊണ്ട് അസംബിള്‍ ചെയ്യുന്ന രീതിയാണ് തങ്ങള്‍ പിന്തുടരുന്നതെന്ന് ഈ കമ്പനികളെല്ലാം പരസ്യങ്ങളിലൂടെ പെരുമ്പറയടിക്കാറുമുണ്ട്.
തങ്ങളുടെ കാറിലുപയോഗിക്കുന്ന ആയിരം ബി.എച്ച്.പി. ഡബഌു. 16 എഞ്ചിന്‍ നിര്‍മിക്കുന്നത് 3,500 വ്യത്യസ്തഭാഗങ്ങള്‍ സംയോജിപ്പിച്ചുകൊണ്ടാണെന്നും അതിനായി ഒരാഴ്ച സമയമെടുക്കുമെന്നും കോര്‍വെറ്റ് പറയുന്നു. യു.എസ്. സംസ്ഥാനമായ മിഷിഗനില്‍ പ്രവര്‍ത്തിക്കുന്ന കോര്‍വറ്റിന്റെ വിക്‌സിയം ഫാക്ടറിയില്‍ നിന്ന് കഴിഞ്ഞവര്‍ഷം 3400 എഞ്ചിനുകളാണ് പണികഴിഞ്ഞിറങ്ങിയത്. ഇവിടെ 22 എഞ്ചിന്‍ സെറ്റിങ് ടെക്‌നീഷ്യന്‍മാര്‍ ജോലി ചെയ്യുന്നുണ്ട്.

2011ന്റെ തുടക്കത്തില്‍ കോര്‍വറ്റ് കമ്പനി കിടിലനൊരു ഓഫര്‍ മൂന്നോട്ടുവച്ചു. കാര്‍ ഓര്‍ഡര്‍ ചെയ്തവര്‍ക്ക് എഞ്ചിന്‍ നിര്‍മാണവേളയില്‍ പ്ലാന്റിലെത്തി അതിന്റെ ജോലികളില്‍ പങ്കെടുക്കാമെന്നതായിരുന്നു കോര്‍വെറ്റിന്റെ ഓഫര്‍. ഈ ഓപ്ഷന് 6000 ഡോളര്‍ അധികം മുടക്കണമെന്നുമാത്രം. ടോഡ് ഷ്‌നിറ്റ് എന്ന റേഡിയോ അവതാരകനാണ് ഈ ഓഫര്‍ സ്വീകരിക്കാന്‍ ആദ്യം മൂന്നോട്ടുവന്നത്. താന്‍ ബുക്ക് ചെയ്ത കാറിന്റെ എഞ്ചിന്‍ നിര്‍മാണവേളയില്‍ പങ്കെടുക്കണമെന്നതായിരുന്നു ടോഡിന്റെ ആഗ്രഹം. ആവശ്യമംഗീകരിച്ച ഷെവര്‍ലെ കമ്പനി അധികൃതര്‍ ടോഡിന് വിമാനടിക്കറ്റ് അയച്ചുകൊടുത്തു. പിറ്റേദിവസം തന്നെ അദ്ദേഹം വിക്‌സിയം പ്ലാന്റിലെത്തി. അവിടെ ടോഡിനെ സ്വീകരിക്കാന്‍ ജി.എമ്മിന്റെ പ്രധാന ടെക്‌നീഷ്യന്‍ മൈക്ക് പ്രീസ്റ്റ് കാത്തിരിപ്പുണ്ടായിരുന്നു. പ്ലാന്റ് മുഴുവന്‍ ചുറ്റിക്കാണിച്ചശേഷം എഞ്ചിന്‍ നിര്‍മാണത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ പ്രീസ്റ്റ് ടോഡിനുവിശദീകരിച്ചുനല്‍കി.

എഞ്ചിന്റെ മുഴുവന്‍ പണിയും തീര്‍ത്ത് അതിന്റെ പരീക്ഷണവും നടത്തിയശേഷമാണ് ടോഡ് വിക്‌സിയം പ്ലാന്റില്‍ നിന്ന് മടങ്ങിയത്. മൂന്നാഴ്ചയക്കു ശേഷം ടോഡിന് കാര്‍ ഡെലിവറി ലഭിച്ചു. സ്വന്തം കാറിന്റെ എഞ്ചിന്‍ സെറ്റ് ചെയ്ത ലോകത്തിലെ ആദ്യ കാര്‍ ഉടമ എന്ന ബഹുമതി നേടാനായ സന്തോഷത്തിലാണ് ടോഡ് ഇപ്പോള്‍. എഞ്ചിന്‍ കൈ കൊണ്ട് അസംബിള്‍ ചെയ്യുന്നതിന്റെ വീഡിയോകള്‍ കോര്‍വെറ്റ് യൂ-ട്യൂബില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കോര്‍വെറ്റ് മാത്രമല്ല ഒട്ടേറെ കാര്‍ കമ്പനികളുടെ മാന്വല്‍ എഞ്ചിന്‍ സെറ്റിങ് വീഡിയോകള്‍ യൂട്യൂബില്‍ പരതിയാല്‍ കിട്ടും.ഫോര്‍മുല വണ്‍ പോലുള്ള കാറോട്ട മത്സരങ്ങളിലുപയോഗിക്കുന്ന വാഹനങ്ങളിലെ എഞ്ചിനുകള്‍ മുഴുവന്‍ കൈ കൊണ്ട് അസംബിള്‍ ചെയ്യുന്നവയാണ്. മത്സരത്തിന്റെ ചെറിയ ഇടവേളകളില്‍ ടെക്‌നീഷ്യന്‍മാര്‍ ഓടിവന്നു കാര്‍ എഞ്ചിന്‍ റീ-കണ്ടീഷന്‍ ചെയ്യുന്നത് ടി.വി.യില്‍ കാണാനാവും. ഹെന്‍ഡ്രിക്ക് മോട്ടോര്‍സ്‌പോര്‍ട്‌സ് എന്ന വാഹനനിര്‍മ്മാണക്കമ്പനിയാണ് ലോകത്തെ മിക്കവാറും റേസിങ് കാറുകള്‍ക്ക് എഞ്ചിന്‍ നിര്‍മിക്കുന്നത്. ഇതേപേരില്‍ തന്നെ ഒരു കാര്‍ റേസിങ് ടീമുമുണ്ട്.ഒരുവര്‍ഷം 650 കാര്‍ എഞ്ചിനുകള്‍ ഹെന്‍ഡ്രിക്ക് കമ്പനി ഉണ്ടാക്കുന്നു. ''ഞങ്ങള്‍ക്ക് അസംബഌ ലൈനോ, ഓട്ടോമാറ്റിങ് പ്രൊസസിങ് പ്ലാന്റുകളോ ഇല്ല. എഞ്ചിനിലെ സിലിണ്ടറുകളെല്ലാം ടെക്‌നീഷ്യന്‍മാര്‍ കൈ കൊണ്ടാണ് ഉറപ്പിക്കുന്നത്. എഞ്ചിനുള്ളിലെ ഓരോ നട്ടും ബോള്‍ട്ടും മുറുക്കുന്നതും കൈകൊണ്ടു തന്നെ. കഴിഞ്ഞ ഇരുപതുവര്‍ഷമായി ഇങ്ങനെയാണ് ഞങ്ങള്‍ കാര്‍ എഞ്ചിനുകള്‍ നിര്‍മിക്കുന്നത്''- ഹെന്‍ഡ്രിക്കിന്റെ എഞ്ചിന്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജെഫ് ആന്‍ഡ്രൂസ് പറയുന്നു. ആകെ 13 എഞ്ചിന്‍ അസംബഌമാരേ ഹെന്‍ഡ്രിക്ക് കമ്പനിയിലുള്ളൂ. ഇവരെല്ലാവരും കൂടി ആഴ്ചയില്‍ 13 മുതല്‍ 15 വരെ കാര്‍ എഞ്ചിനുകള്‍ നിര്‍മിക്കുന്നുണ്ട്.

റോബോട്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന അസംബഌലൈന്‍ സ്ഥാപിക്കാന്‍ വന്‍ കമ്പനികള്‍ കോടികള്‍ മുടക്കുന്ന കാലത്താണ് മനുഷ്യന്റെ കഴിവിലും ശക്തിയിലും മാത്രം വിശ്വാസമര്‍പ്പിച്ചുകൊണ്ട് കാര്‍ എഞ്ചിനുകള്‍ നിര്‍മിക്കാന്‍ മെര്‍സിഡസും കോര്‍വെറ്റും ഹെന്‍ഡ്രിക്കുമൊക്കെ ധൈര്യം കാട്ടുന്നത്. കാര്‍ നിര്‍മാണവ്യവസായം എത്ര കണ്ടു പുരോഗമിച്ചാലും കൈ കൊണ്ടുണ്ടാക്കുന്ന എഞ്ചിനിലോടുന്ന കാറുകള്‍ക്ക് പ്രത്യേക സ്ഥാനമുണ്ടാകുമെന്നതില്‍ തര്‍ക്കമില്ല. ഇത്തരം കാറുകള്‍ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ ജനം തയ്യാറാണെന്ന കാര്യവും ഓര്‍ക്കണം. മനുഷ്യവിഭവശേഷിയെ പുച്ഛിച്ചുകൊണ്ട് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതില്‍ ആനന്ദം കണ്ടെത്തുന്ന ചില ഇന്ത്യന്‍ കാര്‍ കമ്പനികള്‍ ഇതു കണ്ടു പഠിക്കട്ടെ.

(അവലംബം: എഞ്ചിന്‍ ടെക്‌നോളജി ഇന്റര്‍നാഷനല്‍)

Print
SocialTwist Tell-a-Friend
Other stories in this section