TopGear1
വരുന്നു...മാരുതിയുടെ പുതിയ ജനുസ്
Posted on: 11 Sep 2012
സജി.സി.നായര്‍

വേരുകള്‍ ആഴത്തില്‍ താഴ്ത്തിയ മണ്ണ് പതുക്കെ ഇളകിമാറാന്‍ തുടങ്ങിയോ എന്ന സംശയം മനസ്സില്‍ പതിഞ്ഞപ്പോഴായിരുന്നു പതുക്കെ മാരുതി കളം മാറ്റിച്ചവിട്ടിയത്. ഇന്ത്യയിലെ ട്രാഫിക് സിഗ്‌നലില്‍ നിന്ന് ഒരു കല്ലെടുത്ത് മുകളിലേക്കിട്ടാല്‍ അത് വന്ന് വീഴുന്നത് മാരുതിയുടെ ഏതെങ്കിലും വണ്ടിയുടെ മുകളിലായിരിക്കും എന്നൊരു കാലമുണ്ടായിരുന്നു. എന്നാല്‍, വരുത്തന്‍മാരുടെ വരവോടെ തങ്ങളുടെ ഗ്ലാമര്‍ സെഗ്‌മെന്റായ ചെറുകാര്‍ വിഭാഗത്തിലേക്ക് ശക്തമായ ഒരു മടങ്ങിവരവിന് കാഹളമിടുകയാണ് മാരുതി. ആരംഭിച്ച കാലം മുതല്‍ മുടിചൂടാമന്നനായി തിളങ്ങി നിന്ന ചെറുകാര്‍ വിഭാഗത്തിലേക്ക് വിദേശികള്‍ കടന്നുകയറിയപ്പോഴായിരുന്നു മാരുതിക്ക് അടിതെറ്റാന്‍ തുടങ്ങിയത്. ഹ്യുണ്ടായിയുടെ ഇയോണ്‍ എത്തിയതോടെ അത് മാര്‍ക്കറ്റില്‍ പ്രതിഫലിച്ചു തുടങ്ങി. മാരുതി 800, പിന്നീട് ആള്‍ട്ടോ. ഇവരുടെ മുന്നില്‍ നില്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല. എന്നാല്‍, പുതിയ കാലത്ത് മാറ്റങ്ങളും ആഡംബരവുമായി പുതിയ കാറുകള്‍ ചെറുകാര്‍ വിഭാഗത്തിലേക്ക് എത്തിയതോടെ മാരുതിയുടെ ഗ്രാഫ് പതുക്കെ താഴ്ന്നു. കൂനിന്‍മേല്‍ കുരുവായി മനേസര്‍ പ്ലാന്റിലെ സമരവും.ഇരുപത്തിയെട്ട് വര്‍ഷം മുമ്പ് മാരുതി 800 ഒരു വിപ്ലവമായിട്ടായിരുന്നു ഇന്ത്യയില്‍ അവതരിച്ചത്. 2.5 മില്ല്യണ്‍ കാറുകളാണ് പിന്നീട് ഇന്ത്യന്‍ റോഡുകളില്‍ തലങ്ങും വിലങ്ങും പാഞ്ഞത്. കുഞ്ഞു കുടുംബങ്ങളുടെ നാടായ ഇന്ത്യയില്‍ ചെറുകാറുകളുടെ മാര്‍ക്കറ്റ് ശരിക്കും മുതലാക്കിയതും മാരുതി ഇക്കാലത്താണ്. 1986-ല്‍ നടത്തിയ മുഖംമാറ്റമൊഴിച്ചാല്‍ പിന്നെ അല്ലറച്ചില്ലറ മിനുപണികളൊഴിച്ച് ഒന്നും ഈ 800 -ല്‍ കമ്പനി പരീക്ഷിച്ചിട്ടില്ല. മലിനീകരണ നിയമം കര്‍ശനമാക്കിയതോടെ ഭാരത് സ്റ്റേജ് ഫോര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ മെട്രോ സിറ്റി റോഡുകളില്‍ നിന്നും പതുക്കെ ഓരത്തായി. ഗ്രാമവീഥികളിലാണ് ഓട്ടമെങ്കിലും ആരാധകരേറേയാണ്. പുതിയ കാറിന്റെ വരവോടെ 800- ന്റെ നിര്‍മാണം കമ്പനി അവസാനിപ്പിക്കുകയാണെന്ന് വരെ അഭ്യൂഹങ്ങളുണ്ടായിരുന്നു. അതേ കാലഘട്ടത്തിലാണ് ചേട്ടനായ ആള്‍ട്ടോയുടെ രംഗപ്രവേശം. 800 ഉയര്‍ത്തിക്കൊണ്ടു വന്ന ഗ്രാഫ് അതേപോലെ നിലനിര്‍ത്തുന്നതിന് പുറമേ കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കി ഇന്ത്യയിലെ സാധാരണക്കാരന്റെ ഹൃദയത്തോട് ആള്‍ട്ടോ ചേര്‍ന്നു നിന്നു. ഒരു ദശാബ്ദക്കാലമായി ഇന്ത്യന്‍ റോഡുകള്‍ അടക്കി വാണ ആള്‍ട്ടോയ്ക്ക് വമ്പനടിയുമായാണ് ഹ്യുണ്ടായും ഷെവര്‍ലേയുമൊക്കെ ചെറുകാറുകളുടെ വിഭാഗത്തിലേക്ക് കടന്നു വന്നത്. ലക്ഷ്വറി കാറുകളുടെ സൗകര്യവുമായി സ്പാര്‍ക്ക്, ഇയോണ്‍ എന്നിവയുടെ വരവ് ആള്‍ട്ടോയെ ക്ഷീണിപ്പിച്ചു. സ്മാള്‍ സെഗ്‌മെന്റില്‍ മത്സരം മൂര്‍ച്ഛിച്ചതോടെ ഈ വിഭാഗത്തില്‍ പുതിയ കാര്‍ ഒരുക്കുമെന്ന് ഇക്കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ മാരുതി സുസുക്കി ഇന്ത്യ മാനേജിങ് ഡയറക്ടര്‍ നകാനിഷി പ്രഖ്യാപിച്ചു. ഇനിയും ഇവിടെ സ്ഥലമുണ്ടോ എന്നായിരുന്നു കേട്ടവര്‍ പരസ്പരം ചോദിച്ചത്. പിന്നീട് അറിഞ്ഞു വിദേശങ്ങളില്‍ ഹിറ്റായ സെര്‍വോയായിരിക്കും പുതുരൂപം പ്രാപിച്ച് ഇന്ത്യയില്‍ അവതരിക്കുകയെന്ന്

എന്നാല്‍, ഇപ്പോഴാകട്ടെ ഇന്ത്യന്‍ റോഡുകള്‍ക്ക് വേണ്ടി പുതിയൊരു ജനുസ്സ് തന്നെയാണ് മാരുതി അണിയറയില്‍ ഒരുക്കുന്നത് എന്നാണ്. ആള്‍ട്ടോ 800 എന്നായിരിക്കും ചിലപ്പോള്‍ ഇതിന്റെ പേര് മാറ്റാനും സാധ്യതയുണ്ട്. അടുത്ത ഉത്സവ സീസണില്‍ ഇന്ത്യന്‍ റോഡുകളില്‍ ചിലപ്പോള്‍ ഇവനെ കാണാം. ആദ്യം സെര്‍വോയെ തന്നെയായിരുന്നു കമ്പനി ഇന്ത്യയിലേക്ക് ലക്ഷ്യമിട്ടിരുന്നതെങ്കിലും, ആള്‍ട്ടോയുടേയും 800-ന്റെയും വിലയില്‍ സെര്‍വോ വിറ്റാല്‍ മുതലാവില്ല എന്നവര്‍ തിരിച്ചറിഞ്ഞു. അതെ തുടര്‍ന്നാണ് ആള്‍ട്ടോയുടെ പ്ലാറ്റ്‌ഫോമില്‍ പുതിയൊരു മോഡലിന് രൂപംകൊടുത്തത്. മാരുതിയില്‍ ഇതുവരെ പരീക്ഷിക്കാത്തൊരു രൂപമായിരിക്കും ആള്‍ട്ടോ 800-നെന്നാണ് ഇതിന്റെ സ്‌പൈ ചിത്രങ്ങളില്‍ തെളിയുന്നത്. അതേസമയം ചിലഭാഗത്ത് നിന്നുള്ള നോട്ടങ്ങളില്‍ മറ്റ് പല കാറുകളെയും ചിലപ്പോള്‍ മനസ്സില്‍ തെളിഞ്ഞെന്നും വരാം. മുന്നിലെ എയര്‍ ഡാം ഒറ്റനോട്ടത്തില്‍ ഫോര്‍ഡ് ഫിഗോയേയും റിനോയുടെ പള്‍സിനേയും ഓര്‍മിപ്പിക്കുന്നു. ഹെഡ്‌ലാംപ് ക്ലസ്റ്റര്‍ ഒരു പക്ഷേ ഹ്യുണ്ടായ് ഐ 10 നെയാണ് തോന്നിപ്പിക്കുക. മാരുതിക്ക് ഇതുവരെ കാണാത്ത ചെറിയ ഫ്രണ്ട് ഗ്രില്ലാണ് മറ്റൊരു മാറ്റം. ഫ്രണ്ട് ബമ്പറിലും പുതുമകള്‍ നിറച്ചിട്ടുണ്ട്. ഈ ഭാഗവും ഐ 10നോട് സാമ്യമുണ്ട്. പിന്നില്‍ നിന്നും ഹ്യുണ്ടായ് ഐ 20 യെയാണ് ഓര്‍മ്മിപ്പിക്കുന്നത്. എന്നാല്‍, മാരുതിയുടെ സ്ഥിരം ബൂട്ട് ലിഡിന് മാറ്റമൊന്നും സംഭവിച്ചിട്ടില്ല. എ. സ്റ്റാറിന്റേതിന് പോലെയല്ലെന്ന് മാത്രം. ഇന്റീരിയറിലും മാരുതി ഏറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ബീജും കറുപ്പും കലര്‍ന്നതാണ് ഡാഷ്‌ബോര്‍ഡ്. തുകലില്‍ പൊതിഞ്ഞ ഗിയര്‍ഷിഫ്റ്റും കൂടുതല്‍ ചന്തമേറ്റുന്നു.ഡാഷില്‍ കൂടുതല്‍ സ്ഥലം ലഭിക്കുന്ന രീതിയിലാണ് മാറ്റങ്ങള്‍. 800 സി സി പെട്രോള്‍ എന്‍ജിനുമായിട്ടായിരിക്കും ആള്‍ട്ടോ 800 വരുന്നത്. ബി. എസ് 4, 5 എന്നിവയുമുണ്ടായിരിക്കും. രണ്ടര ലക്ഷം മുതലായിരിക്കും ഇതിന്റെ വിലയെന്നാണ് പ്രതീക്ഷ. മാരുതിയുടെ ചെറുകാറുകളില്‍ ഇതുവരെ കണ്ടുവന്ന നിലയില്‍ ബേസ് മോഡലില്‍ എയര്‍കണ്ടീഷണര്‍ ഉണ്ടായിരിക്കില്ല. ബേസ് മോഡല്‍ ടാറ്റാ നാനോയുടെ ഹയര്‍വേരിയന്റുമായും മറ്റ് മോഡലുകള്‍ ഹ്യുണ്ടായ് ഇയോണ്‍, ഷെവിസ്പാര്‍ക്ക്, ടാറ്റാ ഇന്‍ഡിക്ക സീറ്റ എന്നിവയുമായിട്ടായിരിക്കും വിപണിയില്‍ ഏറ്റുമുട്ടുക. അതേസമയം ആള്‍ട്ടോയുടെ കെ 10 സീരീസ് വില്പനയില്‍ തുടരാനുമാണ് കമ്പനിയുടെ പദ്ധതിയെന്നറിയുന്നു. ഒക്‌ടോബറിലും നവംബറിനുമിടയ്ക്കായിരുന്നു പുറത്തിറക്കാന്‍ പദ്ധതിയിട്ടതെങ്കിലും മനേസര്‍ പ്ലാന്റിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് നിശ്ചയിച്ച സമയത്ത് ആള്‍ട്ടോ 800 എത്താന്‍ സാധ്യതയില്ല.

ഇപ്പോഴും തങ്ങളുടെ വിജയബ്രാന്‍ഡായ 800 നെ നിരത്തില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കാന്‍ കമ്പനി തയ്യാറായിട്ടില്ല, കാരണം ഇപ്പോഴും ജനങ്ങള്‍ക്കിടയിലെ വിശ്വാസം തന്നെ കാരണം. വിശ്വാസം അതല്ലേ എല്ലാം.
Print
SocialTwist Tell-a-Friend
Other stories in this section