ന്യൂഡല്‍ഹി: ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ തങ്ങളുടെ അഞ്ചാമത്തെ വാഹനം സ്‌കാല ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളുമായി എത്തുന്ന സ്‌കാല സലൂണിന് 6.99 ലക്ഷം മുതല്‍ 7.85 ലക്ഷം വരെയാണ് ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.
നിസാന്‍ സണ്ണിയെ ബാഡ്ജ് എന്‍ജിനിയറിങ്ങിലൂടെ നവീകരിച്ച് രൂപകല്‍പ്പന ചെയ്ത സ്‌കാല കാഴ്ചയില്‍ സണ്ണിയെക്കാള്‍ ആകര്‍ഷകമാണെന്ന് പറയാതെവയ്യ. റെനോ പള്‍സിനോട് സാദൃശ്യം തോന്നുന്ന വലിയ റേഡിയേറ്റര്‍ ഗ്രില്‍, ഹെഡ് ലാമ്പുകള്‍, ഫോഗ് ലാമ്പുകള്‍ തുടങ്ങിയവയാണ് സ്‌കാലയ്ക്ക് ആകര്‍ഷക രൂപം നല്‍കുന്നത്. സണ്ണിയില്‍നിന്ന് കാര്യമായ വ്യത്യാസമൊന്നും ഉള്‍വശത്ത് ഇല്ല.
സണ്ണിക്ക് കരുത്ത് പകരുന്ന 1.5 ലിറ്റര്‍ ഡീസല്‍, പെട്രോള്‍ എന്‍ജിനുകള്‍ തന്നെയാണ് സ്‌കാലയിലും. 1461 സി.സി ഡീസല്‍ എന്‍ജിന്‍ 84.8 ബി.എച്ച്.പി പരമാവധി കരുത്തും 20.4 കെ.ജി.എം പരമാവധി ടോര്‍ക്കും പകരും. 97.6 ബി.എച്ച്.പി പരമാവധി കരുത്തും 13.6 കെ.ജി.എം പരമാവധി ടോര്‍ക്കും പകരുന്നതാണ് 1498 സി.സി പെട്രോള്‍ എന്‍ജിന്‍.
ലതര്‍ അപ്‌ഹോള്‍സ്റ്ററി, സ്റ്റിയറിങ്ങില്‍ ഘടിപ്പിച്ച കണ്‍ട്രോള്‍ സ്വിച്ചുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഫോളോ മീ ഹെഡ്‌ലാമ്പുകള്‍, കീലെസ് എന്‍ട്രി, വൈദ്യുതികൊണ്ട് മടക്കാവുന്ന റിയര്‍വ്യൂ മിററുകള്‍, 15 ഇഞ്ച് അലോയ് വീലുകള്‍, രണ്ട് എയര്‍ബാഗുകള്‍, എ.ബി.എസ്, ഇ.ബി.ഡി, ബ്രേക്ക് അസിസ്റ്റ് തുടങ്ങിയവയാണ് സ്‌കാലയുടെ സവിശേഷതകള്‍. നാലുവര്‍ഷം അഥവാ 80,000 കീലോമീറ്റര്‍ ദൂരം ഓടുന്നതുവരെയുള്ള സര്‍വീസ് പാക്കേജു റെനോ വാഗ്ദാനം ചെയ്യുന്നുണ്ട്.