TopGear1
കുളിപ്പിച്ച് കുട്ടി ഇല്ലാതായപ്പോള്‍...
Posted on: 06 Sep 2012
വിത്സണ്‍ വര്‍ഗീസ്‌വെളുക്കാന്‍ തേച്ചത് പാണ്ടായി. ആഗോള കാര്‍ നിര്‍മ്മാതാക്കളുടെ സാങ്കേതിക തികവ് സ്വന്തമാക്കാന്‍ അഭ്യന്തര കാര്‍ വിപണി തുറന്നിട്ടപ്പോള്‍ ഭൂരിഭാഗം ചൈനീസ് ബ്രാന്റുകളുടെയും കഥ ഏതാണ്ട് ഈ അവസ്ഥയിലായി. രാജ്യം അതിവേഗം മുന്നോട്ടോടണമെങ്കില്‍ നിക്ഷേപം വേണം. ഇക്കാര്യത്തില്‍ സോഷിലിസവും മുതലാളിത്തവും വ്യത്യാസമില്ല. നിക്ഷേപം കുമിഞ്ഞുകൂടുമ്പോള്‍ വ്യവസായം വളരും. വ്യാവസായിക മുന്നേറ്റമുണ്ടാകുമ്പോള്‍ പണിയാവും. പണിക്കാരാവും. അവരുടെ നിലവാരമുയരും. വാങ്ങല്‍ ശക്തി കൂടും. കൂടുതല്‍ ചിലവാക്കും. കൂടുതല്‍ ഉത്പന്നങ്ങള്‍ വാങ്ങും. വീണ്ടും വിപണി വളരും. ഇത് നിക്ഷേപമാകും. ഈ ചക്രം ഇങ്ങനെ ആവര്‍ത്തിക്കും. രാജ്യം റോക്കറ്റ് പോലെ കുതിച്ചുയരും.

എല്ലാ സമ്പദ്‌വ്യവസ്ഥകളുടെയും അടിസ്ഥാന വികസന സ്വപ്‌നം ഇങ്ങനെ പോകുന്നു. തരക്കേടില്ല. പ്രതീക്ഷിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ പോയാല്‍. പറഞ്ഞുവരുന്നത് ചൈനീസ് കാര്‍ നിര്‍മ്മാണ വ്യവസായത്തെ കുറിച്ചാണ്. അഭ്യന്തര പങ്കാളികളെ കണ്ടെത്തി മാത്രമേ വിദേശ കാര്‍ നിര്‍മ്മാതാക്കള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കൂ എന്ന ചൈനീസ് നിയമത്തിന്റെ പ്രധാന ഉദ്ദേശ്യം ആഗോള ബ്രാന്റുകളുടെ സാങ്കേതിക വിദ്യ കൈക്കലാക്കുക എന്നതായിരുന്നു. അങ്ങനെ സ്വന്തം ബ്രാന്റുകള്‍ വളര്‍ത്തുക. ഈ സ്വപ്‌നം ഫലപ്രദമായി നടപ്പാകാതെ പോയതാണ് ചൈനയിലെ ചെറുകിട കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ഭീഷണിയായത്. ചൈനീസ് കാര്‍ ബ്രാന്റുകള്‍ക്ക് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 25 ശതമാനം വിപണി നഷ്ടമായി.

ചൈനയിലെ ഏതാണ്ട് 171 ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പകുതിയോളം പേര്‍ അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ കട പൂട്ടിയേക്കും! ഭരണകൂടത്തിന്റെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോ അസോസിയേഷനാണ് ' കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടി ഇല്ലാതായ' തില്‍ പരിതപിക്കുന്നത്. ചൈനയുടെ ചെറുനഗരങ്ങളില്‍ ജനറല്‍ മോട്ടോഴ്‌സും ഫോക്‌സ് വാഗനും അടക്കമുള്ളവര്‍ ഓടിച്ച് കയറുമ്പോള്‍ അത്രമെച്ചമല്ലാത്ത ചൈനീസ് കാറുകള്‍ നിരത്ത് വിടാതിരുന്നെങ്കിലല്ലേ അത്ഭുതമുള്ളൂ. (ഇതൊക്കെയാണെങ്കിലും ചൈനയിലെ വമ്പന്‍ കാര്‍ നിര്‍മ്മാണ കമ്പനികളെ ഇത് ബാധിച്ചിട്ടില്ലെന്ന് മാത്രമല്ല അവരുടെ വില്‍പ്പന കുതിച്ചുയര്‍ന്നിട്ടുമുണ്ട്).ആഗോളതലത്തില്‍ സാങ്കേതിക വിദ്യ ഏറെ മുന്നോട്ടുപോകുമ്പോള്‍ തങ്ങളുടെ തട്ടിക്കൂട്ടുകാറുകള്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ല എന്ന തിരിച്ചറിവിലാണ് മേല്‍പ്പടി നിയമം ചൈന കൊണ്ടുവന്നത്. നിയമത്തെ തുടര്‍ന്ന് ബില്യണ്‍ കണക്കില്‍ ഡോളറുമായി ആഗോള കാര്‍ നിര്‍മ്മാതാക്കള്‍ ചൈനയിലെത്തിയെന്നത് സത്യമാണ്. വ്യവസായം തുടങ്ങി. ദശലക്ഷക്കണക്കിന് ചൈനീസ് ചെറുപ്പക്കാര്‍ക്ക് തൊഴിലുമായി, ശമ്പളവുമായി. പക്ഷെ ഇതോടെ ഭൂരിഭാഗം ചൈനീസ് കാര്‍ നിര്‍മ്മാണകമ്പനികളും നഷ്ടത്തിലായി. ഇത്തരം കാറുകള്‍ ഇപ്പോള്‍ ആര്‍ക്കും വേണ്ടതന്നെ. സാങ്കേതിക വിദ്യ സ്വീകരിച്ച് സ്വന്തം കമ്പനികള്‍ക്ക് മത്സരക്ഷമതയുണ്ടാക്കാം എന്ന് കരുതിയത് അമ്പേ പരാജയപ്പെട്ടു. 'മാര്‍ക്കറ്റ് തരാം, പക്ഷെ, സാങ്കേതിക വിദ്യ വേണം' ഇതായിരുന്നു ഡിമാന്റ്. എന്നാല്‍, കഴിഞ്ഞ 30 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ ഒരു ചൈനീസ് കമ്പനിക്കും നിര്‍ണ്ണായകമായ ഒരു സാങ്കേതിക വിദ്യയും ലഭിച്ചിട്ടില്ല'. - തെക്കുപടിഞ്ഞാറന്‍ മുനിസിപ്പാലിറ്റിയായ ചോംങ്കിംഗില്‍ നിര്‍മ്മാണ തലസ്ഥാനമുള്ള കാര്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാണ കമ്പനിയായ ലിഫാന്‍ ഇന്‍ഡസ്ട്രി ഗ്രൂപ്പ് കമ്പനി വൈസ് പ്രസിഡന്റ് ലിയാവോ സിയോഗുയി യുടെ വാക്കുകള്‍.

ചൈനയുടെ ഓട്ടോമൊബൈല്‍ വ്യവസായം ഇപ്പോള്‍ ശൈശവാവസ്ഥയിലാണ്. രണ്ടുവയസ്സുകാരന് എങ്ങനെയാണ് 30 കാരനോട് മത്സരിക്കാനാവുക' -സങ്കടത്തോടെ അദ്ദേഹം ചോദിക്കുന്നു. വിദേശ കാറുകള്‍ക്കും വിദേശ-'സ്വദേശ സംരഭങ്ങള്‍ക്കുമായി യാത്രാ വാഹനത്തിന്റെകാര്യത്തില്‍ 63 ശതമാനം വിപണി വിഹിതം ഉണ്ടായിരുന്നു ഇക്കഴിഞ്ഞ ജൂലായില്‍. ആഭ്യന്തര ബ്രാന്റുകളുടെ വില്പനയാകട്ടെ 49.2 ശതമാനത്തില്‍ നിന്നും 37 ശതമാനമായി 2010 ജനവരിയില്‍ ഇടിഞ്ഞു. '' അന്താരാഷ്ട്ര ബ്രാന്റുകള്‍ സാങ്കേതികമായി ഏറെ മുന്നിലാണെന്ന വിശ്വാസമാണ് ഇതിന് കാരണം. പറയുന്നത് ഫോര്‍ഡിന്റെ ഏഷ്യാ-പസഫിക്-ആഫ്രിക്ക റീജ്യന്‍ പ്രസിഡന്റ് ജോ ഹിന്‍റിച്ച്‌സ്.

'' വിദേശീയര്‍ക്ക് വേണ്ടിയുള്ള കാര്‍ നിര്‍മ്മാണത്തിലെ ലാഭം മാത്രമായിരുന്നു ചൈനീസ് കമ്പനികളുടെ ലക്ഷ്യം. അതേസമയം വിദേശിയര്‍ സാങ്കേതിക വിദ്യ നല്‍കാന്‍ മിനക്കെട്ടുമില്ല. വില്പനയുടെ എണ്ണം മാത്രം ശ്രദ്ധിച്ചിരുന്ന ചൈനീസ് ബ്രാന്റുകള്‍ക്കാകട്ടെ ഇതൊട്ടുകാര്യവുമായിരുന്നില്ല. 'കൂട്ടുസംരംഭനയം' പരാജയപ്പെടാനുണ്ടായ കാരണം ദൈവ ക്യാപിറ്റല്‍ മാര്‍ക്കറ്റ് ഹോംങ്കോങ്ങ് ലിമിറ്റഡിന്റെ വക്താവ് ജെഫ് ചുങ്ങിന്റെ വാക്കുകളില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തം. ഇതൊക്കെയാണെങ്കിലും കൂട്ടുസംരംഭനയം ചൈനീസ് സമ്പദ്‌വ്യവസ്ഥയെ ഏറെ സഹായിച്ചിട്ടുണ്ട് എന്നത് നേരാണ്. അമേരിക്കയെ പിന്തള്ളി പുതിയ വാഹനങ്ങളുടെ ഏറ്റവും വലിയ മാര്‍ക്കറ്റ് എന്ന നിലയിലേക്ക് ചൈന വളര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ പുതുവാഹനങ്ങളുടെ വില്പന 18 ദശലക്ഷമാണിവിടെ. ചൈനയില്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ എണ്ണം മൂന്ന് കോടിയായി വളരുകയും ചെയ്തു. ഗവണ്‍മെന്റ് കണക്കനുസരിച്ച് ആകെ തൊഴില്‍ ശക്തിയുടെ 11 ശതമാനം വരും ഇത്. ചൈനീസ് കാറുകളും ഒരു പരിധിവരെ മെച്ചപ്പെട്ടിട്ടുണ്ട്. എന്നുമാത്രമല്ല, അതിജീവിച്ച പല ചൈനീസ് കമ്പനികളും പുകഴ്‌പെറ്റ ആഗോള കാര്‍ ഡിസൈനര്‍മാരെ സ്വന്തമാക്കി മത്സരക്ഷമത നിലനിര്‍ത്തി.വിരലിലെണ്ണാവുന്ന ബ്രാന്റുകള്‍ക്ക് വന്‍ മുന്നേറ്റവും ഉണ്ടായി. 2011 ന്റെ തുടര്‍ച്ചയായി ഇക്കുറിയും ചൈനീസ് കാറുകളുടെ വന്‍ കയറ്റുമതിയാണ് ലക്ഷ്യം വെച്ചിരിക്കുന്നത്. 56 ശതമാനം വര്‍ദ്ധന. റഷ്യയാണ് പ്രധാന വിപണി. ബ്രസീലും ഓസ്്‌ട്രേലിയയും ഒപ്പമുണ്ട്. രണ്ട് ദശലക്ഷം വില്പന എന്ന ലക്ഷ്യം അഞ്ചോളം ചൈനീസ് കമ്പനികള്‍ കൈവരിച്ചു. വിരലിലെണ്ണാവുന്ന ബ്രാന്റുകള്‍ ഒരു ദശലക്ഷം മാര്‍ക്ക് നോടടുത്തു. SAIC മോട്ടോര്‍ കോര്‍പ്പറേഷന്‍, ഡോങ്ങ്‌ഫെങ്ങ് മോട്ടോര്‍ ഗ്രൂപ്പ് കമ്പനി തുടങ്ങിയവയാണ് രണ്ട് ദശലക്ഷം പിന്നിട്ടത്. BAIC ആണ് ഒരു ദശലക്ഷത്തിന് മുകളില്‍ എത്തിയ കമ്പനികളില്‍ പ്രധാനി.
Print
SocialTwist Tell-a-Friend
Other stories in this section