സണ്ണിയുടെ ഇരട്ട വരുന്നു; സ്‌കാല
Posted on: 04 Sep 2012 ഫ്രഞ്ച് കാര്‍ നിര്‍മാണക്കമ്പനിയായ റിനോ പുതിയ സെഡാന്‍ മോഡല്‍ പുറത്തിറക്കുന്നു. സ്‌കാല എന്ന പേരിലെത്തുന്ന പുതിയ മോഡല്‍ നിസ്സാന്‍ സണ്ണിയുടെ പുതുക്കിയ രൂപമായിരിക്കുമെന്നാണ് അറിയുന്നത്. ദീപാവലിയോടെ സ്‌കാല വിപണിയിലെത്തും. സണ്ണി സ്‌കാലയായതുപോലെ മുമ്പും പരീക്ഷണങ്ങളുണ്ടായിട്ടുണ്ട്. ബാഡ്ജ് എന്‍ജിനിയറിങ് എന്നാണ് ഈ രൂപം മാറ്റലിന് പേര്. ഒരു ബ്രാന്‍ഡിന് കീഴിലെത്തിയ കാര്‍ മോഡലിനെ മറ്റൊരു മോഡലാക്കി പരിഷ്‌കരിക്കുന്ന ഏര്‍പ്പാടാണിത്. ഒരു തരം റീബ്രാന്‍ഡിങ് തന്നെ.
അഭിരുചികളില്‍ അല്‍പ്പം വ്യത്യസ്തരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് കമ്പനികള്‍ ഈ മാര്‍ഗം തിരഞ്ഞെടുക്കുന്നത്. ഒരു തരത്തില്‍ പറഞ്ഞാല്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുന്ന പരിപാടിയാണിതെങ്കിലും വളരെ അധികം വിജയിച്ച മാര്‍ഗവുമാണിത്. റിനോ നിസ്സാന്‍ സഖ്യം നേരത്തേ ഇതേ മാര്‍ഗം പരിചയപ്പെടുത്തിയിട്ടുണ്ട്. നിസ്സാന്‍ 2010-ല്‍ പുറത്തിറക്കിയ മൈക്ര എന്ന മോഡലിനെ രൂപം മാറ്റി ഇറക്കിയതായിരുന്നു 2012-ലെത്തിയ റിനോയുടെ പള്‍സ്. ഫ്രഞ്ച്-ജാപ്പനീസ് സങ്കര ഇരട്ടകളായാണ് മൈക്രയെയും പള്‍സിനെയും വാഹന വിപണി എതിരേറ്റത്. ഫോക്‌സ് വാഗണ്‍ പോളോയും സ്‌കോഡ ഫാബിയയും ഇത്തരത്തിലുള്ള ഇരട്ടകള്‍ തന്നെയാണ്.
സ്‌കോഡ റാപ്പിഡ് എന്ന സെഡാന്‍ മോഡലിനെ അണിയിച്ചൊരുക്കിയത് ഫോക്‌സ്‌വാഗണിന്റെ വെന്റോയുടെ ചട്ടക്കൂടിലാണ്. ഇതുപോലെ തന്നെയാണ് സണ്ണിയുടെ ചുവട് പിടിച്ച് സ്‌കാലയുമെത്തുന്നത്. പതിനഞ്ച് മാസക്കാലത്തിനിടെ റിനോ ഇന്ത്യയിലിറക്കുന്ന അഞ്ചാമത്തെ മോഡലായിരിക്കും സ്‌കാല. സാങ്കേതികമായി സണ്ണിയുമായി വലിയ വ്യത്യാസങ്ങളിലാതെയായിരിക്കും സ്‌കാലയുമെത്തുക.
നിസ്സാന്‍ നിലവില്‍ നല്‍കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമായിരിക്കും സ്‌കാലയിലും പരീക്ഷിക്കുക. പെട്രോളിന് വില വളരെ ഉയരത്തിലായ സാഹചര്യം പരിഗണിച്ച് പെട്രോള്‍ മോഡല്‍ വിപണിയിലെത്താന്‍ വൈകിയേക്കുമെന്നും കരുതുന്നുണ്ട്. പുറം മോഡിയില്‍ മാത്രമായിരിക്കും കാര്യമായ മാറ്റങ്ങളെന്നാണ് കരുതുന്നത്. സണ്ണിയിലേതിന് സമാനമായി മികച്ച ബൂട്ട് സ്‌പേസും മികച്ച ഇന്റീരിയര്‍ ഡിസൈനുമായിരിക്കും സ്‌ക്കാലയിലും. വില സംബന്ധിച്ച് വിവരം ലഭ്യമല്ല.