TopGear1
പൊന്നോളം പോരുമോ ഫെരാരി
Posted on: 04 Sep 2012
സന്ദീപ് സുധാകര്‍

സ്വര്‍ണത്തിന് കണ്ണഞ്ചിപ്പിക്കുന്ന പ്രഭയാണ് ലോക വിപണിയില്‍. മറ്റേതൊരു നിക്ഷേപത്തിലുമുപരി ആഗോള നിക്ഷേപകന് ഇന്ന് പ്രിയം മഞ്ഞ ലോഹം തന്നെയെന്നതില്‍ സംശയമില്ല. ഔണ്‍സിന് പുതിയ ഉയരങ്ങള്‍ കണ്ടെത്തി കുതിക്കുന്ന സ്വര്‍ണത്തിന്റെ പൊള്ളുന്ന വില തന്നെ ഉദാഹരണം. 2007 മുതല്‍ സ്വര്‍ണ വില ഇരട്ടിയിലധികം വര്‍ധിച്ചു കഴിഞ്ഞു. പക്ഷേ, പൊന്നിനോളം അല്ലെങ്കില്‍ അതിനേക്കാളേറെ വില ഉയരുന്ന മറ്റൊരു നിക്ഷേപ മാര്‍ഗമാണ് കാറുകളെങ്കിലോ? പുരികം ചുളിക്കാന്‍ വരട്ടെ ചില ഫെരാരി കാറുകളുടെ വില കേട്ടാല്‍ അതിശയപ്പെടും. എന്നാലോ ബ്രാന്‍ഡ് ന്യൂ കാറുകള്‍ക്കല്ല ഇത്രയും ഡിമാന്‍ഡ്. 90കളിലും 70കളിലും ഇറങ്ങിയ വിന്റേജ് കാറുകളാണ് അമേരിക്കയില്‍ ഇന്ന് സ്വര്‍ണത്തെ നാണിപ്പിക്കുന്നത്.അമേരിക്കയിലെ നിക്ഷേപകരിലേറെയും സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് രക്ഷനേടാന്‍ ഇന്ന് ഉപയോഗിക്കുന്ന മറ്റൊരു സുരക്ഷിത നിക്ഷേപ മാര്‍ഗമാണ് വിന്റേജ് കാറുകളെന്ന് സാക്ഷ്യപ്പെടുത്തുന്നത് വിര്‍ജീനിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് ക്ലെയ്‌ബോണ്‍ ബുക്കര്‍. ഫെരാരി കാറുകള്‍ക്ക് മാത്രമല്ല വിന്റേജ് വിപണിയില്‍ പ്രിയം. പക്ഷേ, കമ്പനിയുടെ ലോഗോ തൊട്ടിങ്ങോട്ട് കുലമഹിമയുടെ ചിഹ്നങ്ങളായി ആരാധിക്കാന്‍ ആളുകളേറെയുള്ളപ്പോള്‍ ഫെരാറി കാറുകള്‍ ഉള്‍പ്പെട്ട ലേലങ്ങള്‍ക്കെല്ലാം തിക്കും തിരക്കുമാണ് അനുഭവപ്പെടുന്നത്.

ഫെരാരിയുടെ പെരുന്തച്ചന്‍ പിന്‍ഫാരിന ഡിസൈന്‍ ചെയ്ത 14-ഓളം കാറുകള്‍ക്ക് ലഭിച്ച സ്വീകാര്യത ഫെരാരി കാറുകളില്‍ നിന്ന് ഉപഭോക്താക്കള്‍ നല്ല റിട്ടേണ്‍ പ്രതീക്ഷിക്കുന്നതിന് ഉത്തമ ഉദാഹരണമായും ബുക്കര്‍ ചൂണ്ടിക്കാട്ടുന്നു. പതിന്നാലു കാറുകളും ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു എന്നതും ഈ കാറുകള്‍ക്ക് ഡിമാന്‍ഡ് കുത്തനെ ഉയര്‍ത്തി. 17.5 ലക്ഷം ഡോളറിനും 20 ലക്ഷം ഡോളറിനും ഇടയില്‍ അടിസ്ഥാന വിലയ്ക്ക് ലേലത്തിനെത്തിയ കാറുകള്‍ 24 ലക്ഷം രൂപയ്ക്കാണ് വിറ്റത്. ലോസ് ആഞ്ജലിസില്‍ ഒമ്പത് വര്‍ഷം മുമ്പ് ലേലത്തിനെത്തിയ ഇതേ കാറിന് ലഭിച്ചത് 4.32 ലക്ഷം ഡോളര്‍ മാത്രമായിരുന്നുവെന്ന് മനസ്സിലാക്കുമ്പോള്‍ ഈ വിന്റേജ് കാറിനുണ്ടായ വില വര്‍ധന മനസ്സിലാവും. പത്ത് വര്‍ഷത്തിനിടയില്‍ ഈ കാര്‍ നല്‍കിയ റിട്ടേണ്‍ 20 ലക്ഷം ഡോളറിലും അധികം. കാറുകളുടെ ഉടമസ്ഥതയും മറ്റ് വിവരങ്ങളുമെല്ലാം വില നിശ്ചയിക്കുന്നതില്‍ പ്രധാന ഘടകമാവാറുണ്ടെങ്കിലും ലേല വിപണിയിലെ ട്രെന്‍ഡ് അത്ഭുതകരം തന്നെയാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഫെരാരിയുടെ സ്ഥാപകന്‍ എന്‍സോ ഫെരാരിയുടെ കരസ്പര്‍ശം അവകാശപ്പെടാവുന്ന ഡേറ്റോണ മോഡലുകള്‍ക്കും ലേല വിപണിയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മണിക്കൂറില്‍ 172 മൈല്‍ വേഗത്തില്‍ കുതിക്കാന്‍ ഇപ്പോഴും കഴിയുന്ന ഈ വിന്റേജ് മോഡലിന് പൊന്നുവിലയാണ് അമേരിക്കന്‍ വിപണിയില്‍.എന്നാല്‍ ഫെരാരിക്ക് പുറമെ ലേല വിപണികളില്‍ വന്‍ ഡിമാന്‍ഡ് അവകാശപ്പെടാവുന്ന മറ്റൊരു ബ്രാന്‍ഡാണ് ഷെല്‍ബി ഓട്ടോ മൊബൈല്‍സ്. ബ്രാന്‍ഡിന്റെ സ്ഥാപകനും മുന്‍ കാര്‍ റേസിങ് താരവുമായിരുന്ന കരോള്‍ ഷെല്‍ബിയുടെ മരണത്തിന് പിന്നാലെയാണ് ഷെല്‍ബി ഡിസൈന്‍ ചെയ്ത ഷെല്‍ബി കാറുകള്‍ക്ക് ഡിമാന്‍ഡ് ഉയര്‍ന്നത്. ഷെല്‍ബി ഡിസൈന്‍ ചെയ്ത ഫോര്‍ഡ് മുസ്താങ് മോഡലുകള്‍ക്ക് ആവശ്യക്കാരേറെയാണ്. എന്നാല്‍ ഓഹരി വിപണിയിലെ നിക്ഷേപമെന്ന പോലെ സമയത്തിന് പ്രാധാന്യം നല്‍കി വേണം വിന്റേജ് മോഡലുകളിലും നിക്ഷേപിക്കാന്‍. ഓരോ ബ്രാന്‍ഡിനുമുള്ള ഡിമാന്‍ഡ് എത്രകാലം തുടരുമെന്നതെല്ലാം മനസ്സിലാക്കാനായാല്‍ മികച്ച റിട്ടേണ്‍ ലഭിക്കും. 1995-ഓടെ ചില മോഡലുകള്‍ക്ക് അപ്രതീക്ഷിതമായി വിലയിടിഞ്ഞത് ലേല വിപണിയിലെ ബിയറിഷ് സെന്റിമെന്റിന് ഉദാഹരണമായാണ് വിലയിരുത്തപ്പെടുന്നത്.

ഇതെല്ലാം അമേരിക്കന്‍ വിപണിയിലെ കഥ. എന്നാല്‍ വിന്റേജ് കാറുകള്‍ക്കും പഴയ ബൈക്കുകള്‍ക്കും ഡിമാന്‍ഡ് കൂടി വരുന്ന കേരളത്തിലും സമീപ കാലത്ത് തന്നെ കോടികളുടെ ഒരു ലേലം വാര്‍ത്തയായാല്‍ ആശ്ചര്യപ്പെടാന്‍ കഴിയില്ല. പഴയ യസ്ഡി ബൈക്കുകളും ആര്‍ എക്‌സ് 100 യമഹ ബൈക്കുകളും മോഹവില നല്‍കിയാണ് ഇന്ന് ചെറുപ്പക്കാര്‍ സ്വന്തമാക്കുന്നത്. ഇന്ത്യക്കാരന്റെ സ്വകാര്യ അഹങ്കാരമായിരുന്ന അംബാസഡറിന്റെ ഒരു വിഡിയോയ്ക്ക് യൂട്യൂബില്‍ ലഭിച്ചത് 56,000-ത്തിലധികം ഹിറ്റാണ്. വിപണിയിലെ വില കുറവാണെങ്കിലും പ്രശസ്തരായ വ്യക്തികള്‍ ഉപയോഗിച്ച അംബിയും പണ്ടെത്തെ റോഡുകളില്‍ മാത്രം കണ്ടിരുന്ന പ്രീമിയര്‍ പദ്മിനിയുമെല്ലാം ഉടുത്തൊരുങ്ങി ലേലത്തിനെത്തിയാല്‍ ഒരുപക്ഷേ, ഇന്ത്യന്‍ വിപണിയിലും ഇതു വലിയ വാര്‍ത്തയായേക്കും. ഇത്തരം കാറുകള്‍ കൈവശമുള്ളവര്‍ ലക്ഷപ്രഭുക്കളും.
Print
SocialTwist Tell-a-Friend
Other stories in this section