TopGear1
ഇറ്റാലിയന്‍ സുന്ദരന്മാരുടെ കൂട്ടപലായനം
Posted on: 25 Aug 2012
വിത്സണ്‍ വര്‍ഗീസ്‌ഇക്കഴിഞ്ഞ ജൂലായില്‍ ഇറ്റാലിയന്‍ നഗരമായ ബര്‍ഗാമോയില്‍ ഒരു ഡ്രൈവറെ അവിടുത്തെ ധനകാര്യ പോലീസ് അറസ്റ്റുചെയ്തു. അയാള്‍ ഓടിച്ചിരുന്ന ഫെരാരിക്ക് നികുതി അടച്ചില്ലെന്നതായിരുന്നു കുറ്റം. 2007 മുതലുള്ള കുടിശ്ശികയും പിഴയുമുണ്ട്. ആകെ 30 ലക്ഷം യൂറോ (ഏതാണ്ട് 20 കോടി രൂപ)! ആഡംബരത്തിന്റെ അവസാനവാക്കായ ഫെരാരി എഫ് 131 അയാള്‍ വാങ്ങിയതാകട്ടെ രണ്ട് ലക്ഷം യൂറോയ്ക്കും (1.38 കോടി രൂപ). 2006 മുതല്‍ ടാക്‌സ് അടക്കാതെ ഓടിച്ച് കളിച്ച ഫെരാരി 40 ന്റെ ഉടമയായ 44കാരന് പോലീസ് വെനിസില്‍ ചാര്‍ജ്ജ് ചെയ്തത് 80 ലക്ഷം യൂറോയുടെ കുടിശ്ശികയാണ്! ഇറ്റലി നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷ നേടാന്‍ പ്രധാനമന്ത്രി മരിയോ മോണ്ടി ചിലവു ചുരുക്കല്‍ പരിപാടികള്‍ നാട്ടിലെ സൂപ്പര്‍ കാറുടമകളായ കോടീശ്വരന്മാരുടെ കൊങ്ങയ്ക്ക് പിടിച്ചു തുടങ്ങുന്ന കാഴ്ചയാണിത്.

മോണ്ടിയുടെ ക്രൂരത സൂപ്പര്‍ കാറുകളുടെ ടാക്‌സ് കുത്തനെ കൂട്ടിയെന്നത് മാത്രമല്ല (3.17 ലക്ഷം യൂറോയുടെ ലംബോര്‍ഗിനിക്ക് 1600 യൂറോ ആയിരുന്നത് ഒറ്റയടിക്ക് 8600 യൂറോ ആക്കി) ഇത്തരം കിടിലന്‍ വണ്ടികളോടിക്കാനുള്ള സ്വത്തുണ്ടെങ്കില്‍ അതിന്റെ തെളിവും മുന്‍കാലപ്രാബല്യത്തോടെ നികുതിയും അടക്കണം! ഇവരെയൊക്കെ നികുതി പരിശോധകര്‍ ഏത് നിമിഷവും റെയ്ഡും ചെയ്‌തേക്കാം. ഇങ്ങനെ കുടുങ്ങിയവരില്‍ പലരും നികുതിവെട്ടിപ്പിനുള്ള പിഴകള്‍ കേട്ട് ബോധം കെട്ടെന്നാണ് കേള്‍വി.സഹികെട്ട് സ്വന്തം നാട്ടിലെ അഭിമാനസൂചകങ്ങളായ ഫെരാരിയും, മാസരാറ്റി യുമെല്ലാം നാടുകടത്തുകയാണ് ഉടമകള്‍. കഴിഞ്ഞവര്‍ഷം മുതലാണ് ഈ റെയ്ഡ് ശക്തമാക്കിയത്. ധനികര്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരങ്ങളില്‍ കാര്‍ നിര്‍ത്തിച്ച് വരുമാനവും വരുമാനശ്രോതസും പരിശോധിച്ച് ദശലക്ഷങ്ങള്‍ പിഴചുമത്തുന്നു പോലീസ്. ഇറ്റലിയിലെ ഫെരാരി ഓണേഴ്‌സ് ക്ലബ്ബിന്റെ തലവന്‍ ഫാബിയോ ബറോനെ പറയുന്നത് വിശ്വാസത്തിലെടുക്കാമെങ്കില്‍ സ്ഥിതി അതീവ ഗുരുതരമാണ്. ധനകാര്യ പോലീസുകാരുടെ കഴുകന്‍ കണ്ണില്‍നിന്ന് രക്ഷപ്പെടാന്‍ ക്ലബ് അംഗമായ ഒരാള്‍ താന്‍ 2.24 ലക്ഷം യൂറോ മുടക്കിവാങ്ങിയ ഫെരാരി-458 മോഡല്‍ കാര്‍ 1.43 ലക്ഷം യൂറോയ്ക്ക് വില്പനയ്ക്ക് വച്ചിരിക്കുകയാണ്.

ഫെരാരി-458 ഇന്ന് ഇറ്റാലിയന്‍ നഗരങ്ങളില്‍ നിന്ന് കൂട്ടത്തോടെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്ക് പലായനം ചെയ്യുന്നു. 2001-ല്‍ തുടങ്ങിയ മാന്ദ്യത്തിന്റെ ഏറ്റവും ഗുരുതരമായ നാലാം ഘട്ടത്തിലെത്തുമ്പോള്‍ നൂറുകണക്കിന് ട്രക്കുകളാണ് ആഡംബര കാറുകളുമായി നാടുവിടുന്നത്. ഈ വര്‍ഷം ആദ്യത്തെ അഞ്ചുമാസത്തെ കണക്കനുസരിച്ച് ഉന്നത നിലവാരമുള്ള സെക്കന്റ് ഹാന്‍ഡ് കാറുകളുടെ കയറ്റുമതി ഇവിടെ മൂന്നിരട്ടി വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 4923 കാര്‍ കയറ്റി വിട്ടപ്പോള്‍ ഇക്കുറി അത് 13633 ആയി കുതിച്ചുയര്‍ന്നു. ഫ്രാന്‍സ്, ജര്‍മ്മനി, കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് ഇറ്റാലിയന്‍ സുന്ദരന്മാര്‍ പലായനം ചെയ്യുന്നത്. അവിടങ്ങളില്‍നിന്നുള്ള അന്വേഷണങ്ങളും ധാരാളം. ഇറ്റലിയിലും നിര്‍മാണശാലയുള്ള പോര്‍ഷെയുടെ സെക്കന്റ് ഹാന്റ് കയറ്റുമതിയും നാലോ അഞ്ചോ ഇരട്ടി വര്‍ദ്ധിച്ചിട്ടുണ്ട്.

ആഗോള വ്യവസായ രംഗത്ത് ഇറ്റലിക്ക് പേരുള്ളത് ഫെറാരി, മാസരാറ്റി, ലംബോര്‍ഗിനി തുടങ്ങിയ സൂപ്പര്‍കാര്‍ നിര്‍മാതാക്കളുടെ നാട് എന്ന നിലയിലാണ്. പക്ഷേ പുതിയ നികുതി നിയമങ്ങള്‍ വന്നതോടെ ഈ കാറുകള്‍ക്ക് ജന്മനാട്ടില്‍ വില്‍പന കുറയുന്നു എന്നതാണ് ശ്രദ്ധേയം.1.9 ട്രില്യന്‍ യൂറോ കടബാധ്യതയുള്ള രാജ്യത്തെ രക്ഷിക്കാന്‍ പ്രധാനമന്ത്രി മരിയോ മോണ്‍ടിയുടെ സര്‍ക്കാര്‍ 25 ബില്യന്‍ യൂറോയുടെ കഠിനമായ ചെലവുചുരുക്കല്‍ നടപടിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ നാല് ക്വാര്‍ട്ടറുകളിലും തുടര്‍ച്ചയായി മാന്ദ്യം വരിഞ്ഞുമുറുക്കിയപ്പോള്‍ രാജ്യത്തെ തൊഴിലില്ലായ്മ കഴിഞ്ഞ 13 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തോതിലെത്തി. ജനങ്ങളുടെ കൈയ്യില്‍ ചെലവഴിക്കാന്‍ പണവുമില്ല. വ്യാവസായികോത്പാദനവും കുത്തനെ ഇടിഞ്ഞു.

മൊത്തം യൂറോപ്പില്‍ തന്നെ വാഹന വില്‍പന കാര്യമായി ഇടിയുന്ന കാലത്ത് ഇറ്റലിയുടെ സ്ഥിതി ഗുരുതരമാണ്. ഇറ്റലിയുടെ ഏറ്റവും വലിയ കാര്‍നിര്‍മാണ കമ്പനിയായ ഫിയറ്റ് അവരുടെ വികസന പദ്ധതികള്‍ പലതും ഉപേക്ഷിക്കുകയാണ്. മാത്രമല്ല നിലവിലുള്ള ശാലകളില്‍ അമിത നിയമനത്തിന്റെ പ്രശ്‌നമുണ്ടെന്ന് ചീഫ് എക്‌സിക്യുട്ടീവ് മര്‍ച്ചിയോണ്‍ പരാതിപ്പെടുന്നുമുണ്ട്. സിസിലിയില്‍ കഴിഞ്ഞവര്‍ഷം ഒരു പ്ലാന്റ് ഫിയറ്റ് അടച്ചിരുന്നു. മറ്റൊന്ന് ഉടന്‍ അടച്ചേക്കും. അമേരിക്കയിലേക്കും ചൈനയിലേക്കും ഉറ്റുനോക്കുകയാണിപ്പോള്‍ ഫിയറ്റ്.
Print
SocialTwist Tell-a-Friend
Other stories in this section