സ്റ്റണ്ണറിനോട് മുട്ടാന്‍ ഇഗ്നൈറ്റര്‍
Posted on: 25 Aug 2012 സന്ദീപ് സുധാകര്‍
ഹോണ്ടയുമായുള്ള ബന്ധത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം വേര്‍പിരിഞ്ഞ ഇന്ത്യന്‍ കമ്പനി ഹീറോ, ഹോണ്ടയുടെ സ്റ്റണ്ണറിനൊട് നേരിട്ട് മത്സരത്തിനൊരുങ്ങുകയാണ് ഇഗ്നൈറ്ററിലൂടെ. 125 സിസി വിഭാഗത്തിലെത്തുന്ന ഇഗ്നൈറ്റര്‍ ഒറ്റ നോട്ടത്തില്‍ സ്റ്റണ്ണറിന്റെ തനി പകര്‍പ്പായി തോന്നാം. പക്ഷെ സൗന്ദര്യം വര്‍ധിപ്പിക്കുന്നതില്‍ ഹീറോയുടെ എന്‍ജിനിയര്‍മാരുടെ കരവിരുത് ബോഡിയില്‍ പ്രകടം.
ബോഡിയുടെ നിറത്തോടു കൂടിയ മിററുകളും കുറച്ചു കൂടി അഗ്രസീവ് ആയ ഡിസൈനും ഇഗ്നൈറ്ററിന് വേറിട്ടൊരു ഭംഗി നല്‍കുന്നുണ്ട്. ഹീറോഹോണ്ട മുമ്പ് അവതരിപ്പിച്ച കരിസ്മ എന്ന മോഡലിന്റെ കൊച്ചു പതിപ്പാണ് ഇഗ്നൈറ്ററെന്നും വേണമെങ്കില്‍ പറയാം. പാവങ്ങളുടെ കരിസ്മ ഇഗ്നൈറ്ററിനെ അങ്ങനെയും വിശേഷിപ്പിക്കാം.
കൂടാതെ ഇലക്ട്രിക്ക് സ്റ്റാര്‍ട്ടിനോടൊപ്പം തന്നെ കിക്ക് സ്റ്റാര്‍ട്ട് സൗകര്യവും നല്‍കുന്നതിലൂടെ ഒരു പടി മുന്നില്‍ നില്‍ക്കാന്‍ ഇഗ്നെറ്ററിന് സാധിക്കുന്നു. മിഴിവേറിയ ഇന്‍സ്ട്രമെന്റ് പാനലില്‍ അനലോഗ് ടാക്കോ മീറ്ററും ഡിജിറ്റല്‍ സ്പീഡോ മീറ്റര്‍ ഓഡോ മീറ്റര്‍ എന്നിവയും മനോഹരമായി ഉള്‍ച്ചേര്‍ത്തിരിക്കുന്നു. ടാങ്കിന് മുകളിലെ ടൂ ടോണ്‍ ഗ്രാഫിക്‌സും സ്റ്റണ്ണിറില്‍ നിന്ന് വ്യത്യസ്ഥത നല്‍കുന്നുണ്ട്.
സ്റ്റണ്ണറിന്റെ അത്ര പിക്ക് അപ്പ് ലഭിക്കുന്നില്ലെങ്കിലും ആയാസരഹിതമായ യാത്ര ഇഗ്നൈറ്ററിന്റെ സവിശേഷതയായി പറയാം. 124.7 സിസി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എസ്.ഒ.എച്ച്.സി മോട്ടോറാണ് ഇഗ്നൈറ്ററിന്റെ ഹൃദയം. 5000 ആര്‍.പി.എമ്മില്‍ 11 എന്‍.എം ടോര്‍ക്കും ഇഗ്നൈറ്ററിന്റെ എന്‍ജിന്‍ വാഗ്ദാനം ചെയ്യുന്നു. 8,000 ആര്‍.പി.എമ്മില്‍ 11 പി.എസ് പവറും ഈ എന്‍ജന്‍ നല്‍കും. ഹോണ്ടയുടെ സി.ബി സ്റ്റണ്ണറിലേതു പോലെ തന്നെ ഫസ്റ്റ് ഗിയര്‍ താഴേക്കും ബാക്കിയുള്ള നാല് ഗിയറുകള്‍ മുകളിലേക്കുമെന്നത് പോലെയാണ് ഗിയര്‍ഷിഫ്റ്റിങ് സംവിധാനം.
മുന്നിലെ ടെലസ്‌ക്കോപ്പിക്ക് ഫോര്‍ക്കുകളും പിന്നിലെ ഹൈഡ്രോളിക്ക് അഡജസ്റ്റബിള്‍ ഷോക്ക് അബ്‌സോര്‍ബറുകളും ആയാസരഹിത യാത്ര പ്രദാനം ചെയ്യുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്നു. ഡ്രം ബ്രേക്കുകളുമായി എത്തുന്ന മോഡലിനെക്കാള്‍ ഇഗ്നൈറ്ററിന്റെ ഡ്‌സക്ക് ബ്രേക്കുമായി എത്തുന്ന മോഡലാണ് കൂടുതല്‍ നല്ലത്. നൂറ് കിലോമീറ്റര്‍ സ്പീഡില്‍ പോകാവുന്ന ഏത് ബൈക്കിനും ഡിസ്‌ക്ക് ബ്രേക്കുകള്‍ അത്യാവശ്യമെന്നത് പറയേണ്ടതില്ലല്ലോ. ഡ്രം ബ്രേക്കുമായി എത്തുന്ന ബേസ് മോഡലിന് 56,498 രൂപയും ഡിസ്‌ക്ക് ബ്രേക്കുള്ള മുന്തിയ മോഡലിന് 58,516 രൂപയുമാണ് കേരളത്തിലെ എക്‌സ് ഷോറൂം വില.