ഫാസ്റ്റും എക്‌സ്പ്രസ്സും ഇനി കെ.എസ്.ആര്‍.ടി.സിക്ക് മാത്രം
Posted on: 20 Aug 2012 മോട്ടോര്‍വാഹനനിയമം ഭേദഗതി ചെയ്യുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഫാസ്റ്റ് പാസഞ്ചര്‍, എക്‌സ്പ്രസ്, ഡീലക്‌സ്, ലക്ഷ്വറി ബസ് സര്‍വീസുകള്‍ നടത്താനുള്ള അവകാശം കെ.എസ്.ആര്‍.ടി.സിക്ക് മാത്രമായി നിജപ്പെടുത്തുന്നു. ഇതിനുവേണ്ടി മോട്ടോര്‍വാഹന നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
1988 ലെ മോട്ടോര്‍ വാഹന നിയമമനുസരിച്ച് 'ഫ്ലാറ്റ് ഓണേഴ്‌സി'ന് (അമ്പതിലധികം ബസ്സുള്ള ഉടമസ്ഥര്‍) മാത്രമേ ഫാസ്റ്റ് പാസഞ്ചറിന് അപ്പുറമുള്ള വിഭാഗങ്ങളില്‍ ബസ് സര്‍വീസ് നടത്താന്‍ അധികാരമുള്ളൂ. സംസ്ഥാനത്ത് ഈ ഗണത്തില്‍ പെടുന്ന ഇരുപതില്‍ താഴെ സ്വകാര്യ ബസ് ഉടമസ്ഥരേയുള്ളൂ. എന്നാല്‍ നൂറുകണക്കിന് വാഹന ഉടമകള്‍ കോടതിവഴി പ്രത്യേകയിളവ് നേടിയശേഷം ഓര്‍ഡിനറി സര്‍വീസുകളെ ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്?പ്രസ് തുടങ്ങിയ ഉയര്‍ന്ന ശ്രേണിയിലാക്കി സര്‍വീസ് നടത്തുകയും ചെയ്യുന്നുണ്ടെന്ന് അധികൃതര്‍ കണ്ടെത്തി. പ്രാദേശികമായ പ്രത്യേകത, ഗതാഗത സൗകര്യങ്ങളുടെ കുറവ്, യാത്രക്കാരുടെ പെരുപ്പം തുടങ്ങിയ ഘടകങ്ങള്‍ ഉന്നയിച്ചാണ് ഇത് നേടുന്നത്. ഇതുകൊണ്ട് സര്‍ക്കാരിന് പ്രത്യേകിച്ച് നേട്ടമുണ്ടാകുന്നില്ലെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, വിദ്യാര്‍ത്ഥികള്‍, വികലാംഗര്‍ എന്നിവരുള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ക്ക് സൗജന്യനിരക്കിലുള്ള യാത്രയ്ക്ക് അവസരം കുറയുകയും ചെയ്യുന്നു. ഇതിനെതിരെ സര്‍ക്കാര്‍ പല തവണ കേസ്സിന് പോയിട്ടുണ്ടെങ്കിലും പരാജയപ്പെടുകയായിരുന്നു.
മോട്ടോര്‍ വാഹന നിയമത്തില്‍ പഴുതുകളടച്ചുകൊണ്ട് ഭേദഗതി വരുത്തിയാലേ, നിയമം ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയുകയുള്ളൂവെന്ന് ഹൈക്കോടതി തന്നെ അഭിപ്രായപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ആ ദിശയിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നത്.
ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ്, ഡീലക്‌സ്,സൂപ്പര്‍ ഡീലക്‌സ് തുടങ്ങിയ ശ്രേണിയില്‍പ്പെട്ട പൊതുയാത്രാ സര്‍വീസുകള്‍ നടത്താന്‍ കെ.എസ്.ആര്‍.ടി.സിക്ക് മാത്രം അധികാരം നല്‍കിക്കൊണ്ടുള്ള നിയമഭേദഗതിക്കാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി ഉടനെ ഓര്‍ഡിനന്‍സ് കൊണ്ടുവരും. ഓര്‍ഡിനന്‍സിന് മുന്നോടിയായി, ഇക്കാര്യത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ആറായിരത്തോളം ബസ്സുകളുള്ള കെ.എസ്.ആര്‍.ടി.സിക്ക് മാത്രം ഫ്ലാറ്റ് ഓണറിന്റെ ആനുകൂല്യം നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പരമാവധി സ്വകാര്യ ബസ്സുകള്‍ ഓര്‍ഡിനറി സര്‍വീസുകളാക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് കൂടുതല്‍ യാത്രാസൗകര്യം ലഭ്യമാകുമെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ട്. നിലവില്‍ 5300 ഓളം ഷെഡ്യൂളുകള്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നുണ്ട്. 15 ലക്ഷം കിലോമീറ്ററില്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകളോടുന്നു. ഇത് ഇരുപത് ലക്ഷത്തോളമാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. നാല്‍പ്പത് ലക്ഷത്തോളം പേര്‍ പ്രതിദിനം കെ.എസ്.ആര്‍.ടി.സി ബസ്സില്‍ യാത്രചെയ്യുന്നു. പന്ത്രണ്ടായിരത്തിലധികം വരുന്ന സ്വകാര്യ ബസ്സുകള്‍ എഴുപത് ലക്ഷത്തോളം യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുന്നുണ്ട്.