റോഡ്‌സുരക്ഷ മെച്ചപ്പെടുത്താന്‍ പ്രത്യേക നിധി
Posted on: 13 Aug 2012
ന്യൂഡല്‍ഹി: റോഡ്‌സുരക്ഷ ഉറപ്പുവരുത്താന്‍ ഓരോ സംസ്ഥാനത്തും പ്രത്യേക സുരക്ഷാനിധി ഏര്‍പ്പെടുത്തും. സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ എണ്ണമായിരിക്കും ഈ സുരക്ഷാനിധിക്ക് അടിസ്ഥാനമാക്കുക. മോട്ടോര്‍ വെഹിക്കിള്‍ നിയമപ്രകാരം ശേഖരിക്കുന്ന തുകയുടെ പകുതി ഈ ഫണ്ടിലേക്ക് നീക്കിവെക്കും.
സുരക്ഷാനിധിയിലെ തുക റോഡ് സുരക്ഷ മെച്ചപ്പെടുത്താനാവണം വിനിയോഗിക്കേണ്ടത്. സംസ്ഥാന റോഡ് സുരക്ഷാ സമിതിയും ജില്ലാതല റോഡ് സുരക്ഷാ കൗണ്‍സിലുകളും അംഗീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കേ ഫണ്ട് ഉപയോഗപ്പെടുത്താനാവൂ. ഓരോ സംസ്ഥാനത്തേയും സ്ഥിതിഗതികളും വാഹനാപകടങ്ങളുടെ എണ്ണവും മറ്റും കണക്കാക്കി സര്‍ക്കാറുകള്‍ക്ക് കേന്ദ്രത്തില്‍നിന്ന് ഇതിലേക്കുള്ള സഹായം ആവശ്യപ്പെടാം.
റോഡ് ഗതാഗത പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നേരത്തേ സുന്ദര്‍ കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശയില്‍ ഇത്തരമൊരു സുരക്ഷാനിധി എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടാവേണമെന്ന് നിര്‍ദേശിച്ചിരുന്നു. ആംബുലന്‍സുകള്‍, ക്രെയിനുകള്‍, റോഡ് സുരക്ഷയ്ക്കുള്ള മറ്റ്ഉപകരണങ്ങള്‍ തുടങ്ങിയവ വാങ്ങല്‍, റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പ്രചാരണപ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് ഈ തുക വിനിയോഗിക്കാം.