TopGear1
മത്സരം കൊഴുപ്പിക്കാന്‍ ഇവാലിയ
Posted on: 12 Aug 2012
ഹാനി മുസ്തഫഒളിമ്പിക്‌സ് അരങ്ങേറുന്ന ലണ്ടന്‍ നഗരത്തിലെ പ്രധാന ആകര്‍ഷണമാണ് ലോകപ്രശസ്തമായ ലണ്ടന്‍ കേബ് ടാക്‌സികള്‍. പ്രത്യേക രൂപഭംഗിയും സ്ഥലസൗകര്യവും യാത്രാസുഖവും ഗുണനിലവാരവും എല്ലാമാണ് ഇതിന് പ്രശസ്തിനേടിക്കൊടുത്തത്. അടുത്ത കാലത്താണ് ലണ്ടന്‍ കേബിന് ഒരു പിന്‍ഗാമി ഉണ്ടായത്. നിസ്സാന്‍ എന്‍വൈ 200-ന്റെ ഇന്ത്യന്‍ മോഡലായ നിസ്സാന്‍ ഇവാലിയ.

ജപ്പാനിലെ രണ്ടാമത്തെ വലിയ വാഹന നിര്‍മാതാക്കളാണ് നിസ്സാന്‍. ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റിനോയുമായുള്ള സഹകരണംകൊണ്ട് നിസ്സാന് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ലോകത്തെതന്നെ ഏറ്റവും വലിയ നിര്‍മാതാക്കളാവുകയാണ് നിസ്സാന്റെ ആഗ്രഹം. ഇതിന് ഇന്ത്യന്‍ വിപണിയിലെ പങ്കും വളര്‍ച്ചയും അത്യന്താപേക്ഷിതമാണെന്ന് അവര്‍ക്കറിയാം. അത്തരത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു വിഭാഗത്തിലേക്കാണ് നിസ്സാന്‍ അവരുടെ പുതിയ പോരാളിയായ ഇവാലിയയെ എത്തിച്ചിരിക്കുന്നത്.

ഓരോ വ്യക്തിക്കും ഓരോ സീറ്റ് എന്നതാണ് അന്താരാഷ്ട്ര വാഹനനിയമം. സുരക്ഷിതത്വത്തിന് ഏറെ പ്രാധാന്യംനല്‍കുന്ന ഈ നിയമം അടുത്തുതന്നെ ഇന്ത്യയില്‍ കൂടുതല്‍ ശക്തമായി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടാണ് കൂടുതല്‍ കമ്പനികള്‍ ഏഴ് സീറ്റ്‌വിഭാഗത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. ഈ വിഭാഗത്തിലേക്കാണ് നിസ്സാന്‍ ഇവാലിയയെ കൊണ്ടുവന്നിരിക്കുന്നത്.

പുതുമയാര്‍ന്നതും ഈ വിഭാഗത്തില്‍ മറ്റു കമ്പനികളില്‍നിന്ന് വ്യത്യസ്തമായ രൂപഘടനയുമാണ് ഇവാലിയക്ക് നല്‍കിയിരിക്കുന്നത്. ഇതിന് ജപ്പാനിലെ ആളുകളുടെ രൂപത്തില്‍ക്കാണുന്ന ചെറിയ കണ്ണുകള്‍ക്ക് സമാനമായ ചെറിയ ക്ലിയര്‍ ലെന്‍സ് ഹെഡ്‌ലൈറ്റും പുഞ്ചരിപൂണ്ട മെഷ് ഗ്രില്ലുമാണ് നല്‍കിയിരിക്കുന്നത്. പുഞ്ചിരിയില്‍ ഗൗരവം നിലനിര്‍ത്താന്‍ വലിയ ബമ്പറും വലിയ എയര്‍വെന്റും സഹായിക്കുന്നു. ഉയര്‍ന്നതും നീളംകുറഞ്ഞതുമായ ബോണറ്റിന്റെ ഭാഗമാണ് മറ്റൊരു സവിശേഷത. ഇത് ഇവാലിയയ്ക്ക് വാനിന്റെ രൂപം നല്‍കുന്നു.

മുന്‍ ഡോറിന്റെ ഗ്ലാസും പിന്നിലെ രണ്ട് ഗ്ലാസുകളും വേറിട്ടാണ് നില്‍ക്കുന്നതെന്നതാണ്. ബോഡിലൈനുകളും വീല്‍ ആര്‍ച്ചും വലിയ സൈഡ് മിററും ഇവാലിയയുടെ വശങ്ങളെ വേറിട്ടുനിര്‍ത്തുന്നു. എന്നാല്‍, ഇതില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത് പിന്നിലെ സ്ലൈഡിങ് ഡോര്‍ ആണ്.

വലിയ പിന്‍ ഡോര്‍ എത്ര വലിയ ലഗേജും അനായാസം കയറ്റാന്‍ സഹായിക്കുന്നു. ബോഡി മോണോകോക്ക് രീതിയില്‍ നിര്‍മിച്ചിരിക്കുന്നതിനാല്‍ ഫ്ലോറിന്റെ ഉയരം കുറയ്ക്കുന്നു. ഇതുമൂലം അകത്തേയ്ക്ക് കയറാനും ബൂട്ടില്‍ സാധനങ്ങള്‍ കയറ്റാനും എളുപ്പമാണ്.ഉള്‍വശം ആകര്‍ഷകം തന്നെ. മുഖ്യ ആകര്‍ഷണം സെന്റര്‍ കണ്‍സോളും അതിന്റെ താഴെയായിട്ടുള്ള ഗിയര്‍ ലിവറുമാണ്. നിസ്സാന്റെ മറ്റു മോഡലുകളില്‍ കണ്ടുവന്നിട്ടുള്ള സ്റ്റിയറിങ് വീല്‍ തന്നെയാണ് ഇവാലിയയില്‍ കൊടുത്തിട്ടുള്ളത്. ഉയരം ക്രമീകരിക്കാന്‍ സാധിക്കുമെന്നത് ഇതിനെ വ്യത്യസ്തമാക്കുന്നു.ഇറ്റാലിയയുടെ ഏറ്റവും ഉയര്‍ന്ന മോഡലില്‍ റിമോര്‍ട്ട് കീ, റിവേഴ്‌സ് ക്യാമറ എന്നിവയും വരുന്നുണ്ട്. മീറ്റര്‍ കണ്‍സോളിലെ എല്‍സിഡി സ്‌ക്രീനിലാണ് റിവേഴ്‌സ് ക്യാമറയുടെ ദൃശ്യങ്ങള്‍ കാണുക. നിസ്സാന്‍ ഇന്ത്യയില്‍ ഏറ്റവും അധികം ഉപയോഗിച്ചുവരുന്ന 'കെ 9 കെ' എന്ന 1.5 ലിറ്റര്‍ ടെര്‍ബോ ഡീസല്‍ എന്‍ജിനാണ് ഇവാലിയയിലും ഉള്ളത്. കോമണ്‍ റെയില്‍ ഇന്‍ജക്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഇതിന് 85 എച്ച്പി കരുത്തും 200എന്‍എം ടോര്‍ക്കും ആണുള്ളത്. ഫ്രണ്ട് വീല്‍ ഡ്രൈവായി ഇവാലിയയ്ക്ക് അഞ്ച് സ്പീഡ് മാന്വല്‍ ഗിയര്‍ ബോക്‌സാണ് ഘടിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട ജേണര്‍ലിസ്റ്റുകളാണ് ബാംഗ്ലൂരില്‍ നടന്ന ഇവാലിയയുടെ ഡ്രൈവില്‍ പങ്കെടുത്തത്. ബാംഗ്ലൂരിലെ ലളിത് ഹോട്ടലില്‍നിന്ന് നന്ദി ഹില്‍സ്‌വരെയായിരുന്നു ടെസ്റ്റ് ഡ്രൈവ്. തിരക്കേറിയ നഗരത്തില്‍ പവര്‍ സ്റ്റിയറിങ് ഡ്രൈവിങ് അനായാസമാക്കി. ട്രാഫിക് കുറഞ്ഞ സ്ഥലങ്ങളില്‍ 200എന്‍എം ടോര്‍ക്ക് അറിയുന്നരീതിയില്‍ത്തന്നെയായിരുന്നു പിക്ക്അപ്പ്. ഹൈവേയിലും നന്ദി ഹില്ലിലെ ചുരത്തിലും മികച്ച പ്രകടനമാണ് ഇവാലിയ കാഴ്ചവച്ചത്. താരതമ്യേന വളരെ ഉയര്‍ന്ന ഇന്ധനക്ഷമതയും ലഭിക്കുന്നുണ്ട്. ടെസ്റ്റ് ഡ്രൈവില്‍ 19 കി.മീ. ആയിരുന്നു ശരാശരി മൈലേജ്.

ഇവാലിയയുടെ ഉയര്‍ന്ന യാത്രാസുഖവും വിശാലമായ ഉള്‍വശവും മികച്ച ഗുണനിലവാരവും ഇന്ത്യയിലെ വേര് ശക്തമാക്കാന്‍ നിസ്സാനെ സഹായിക്കുമെന്നതില്‍ സംശയമില്ല. എങ്കിലും നിസ്സാന്‍ പരിഗണിക്കേണ്ട ചെറിയ പോരായ്മകള്‍ വാഹനത്തിനുണ്ട്. പിന്‍ ഡോറിലെ ബട്ടര്‍ഫ്ലൈ ഗ്ലാസ് തുറക്കുന്ന രീതിമാറ്റി മുന്നിലെപ്പോലെ താഴേക്കോ അല്ലെങ്കില്‍ സ്ലൈഡിങ് ആയോ തുറക്കുന്നതും ഉത്തമം. മുന്നിലുള്ള ഗ്ലോവ് ബോക്‌സിന് അടപ്പുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ നന്നാവുമായിരുന്നു.

സപ്തംബര്‍ അവസാനത്തിലാണ് നിസ്സാന്‍ അവരുടെ ഈ പുതിയ ഹെര്‍ബല്‍ യൂട്ടിലിറ്റി വെഹിക്കിള്‍ വിപണിയില്‍ എത്തിക്കുന്നത്. അപ്പോഴായിരിക്കും ഇതിന്റെ വിലയും പുറത്തുവിടുക. എങ്കിലും 10 മുതല്‍ 12 ലക്ഷംവരെ വിലയെന്നാണ് കണക്കാക്കുന്നത്.

Print
SocialTwist Tell-a-Friend
Other stories in this section