TopGear1
നിസാനോ ടൊയോട്ടയോ; ആര് ജയിക്കും
Posted on: 06 Aug 2012
ബി എസ് ബിമിനിത്‌യൂറോപ്യന്‍ വിപണിയില്‍ വര്‍ഷങ്ങളായി കടുത്ത പോരാട്ടത്തിലാണ് ടൊയോട്ടയും നിസ്സാനും. രണ്ടും നല്ല ഒന്നാം തരം ജപ്പാന്‍ കമ്പനികള്‍. ആഗോള കാര്‍ വിപണിയില്‍ നേടിയെടുത്ത സല്‍പ്പേരിനും പറയത്തക്ക കുഴപ്പമൊന്നുമില്ല. ഇടക്കാലത്ത് നിസ്സാനെ ബഹൂദൂരം പിന്നിലാക്കിയ ടൊയോട്ട വിപണയില്‍ കുത്തനെ കൂപ്പുകുത്തുന്നതും പിന്നീട് കണ്ടു. ഹൈബ്രിഡ് കാറുകളുടെ പുതിയ കാലത്ത് വിപണി പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഇരുകൂട്ടരും. ആരു ജയിക്കുമെന്ന ചര്‍ച്ചകള്‍ക്കിടയില്‍ ഉയര്‍ന്നു കേള്‍ക്കുന്നത് പേര് ടൊയോട്ടയുടേതാണ്.

പണ്ടുമുതലേ കാര്‍ നിത്യജീവിതത്തിന്റെ ഭാഗമായ യൂറോപ്യന്‍ രാജ്യങ്ങളിലെ വിപണി പിടിച്ചെടുക്കാന്‍ ഇരുകൂട്ടരും നടത്തിയ പടയോട്ടം ആധുനിക വാഹന ചരിത്രത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഒരേടാണ്. ഒരു കൂട്ടര്‍ തട്ടിത്തടഞ്ഞു വീഴുമ്പോള്‍ അതില്‍ ചവിട്ടി എതിര്‍പക്ഷം വിപണി പിടിക്കും. വര്‍ഷങ്ങള്‍ക്കകം വിപരീത ദിശയില്‍ ഇതേ ചരിത്രം ആവര്‍ത്തിക്കും. ടൊയോട്ടയുടേയും നിസ്സാന്റേയും ഉയര്‍ച്ച താഴ്ച്ചകള്‍ ഫിയറ്റും പ്യൂഷോയും ഫോഡും ഓപലും പോലുള്ള കമ്പനികള്‍ക്ക് ഗുണമുണ്ടാക്കിയില്ലെന്നു മാത്രമല്ല അവരുടെ മാര്‍ക്കറ്റിന് പലതവണ ക്ഷതമേല്‍ക്കുകയും ചെയ്തു.

യൂറോപ്പില്‍ ആദ്യമായി കാര്‍ഫാക്ടറി സ്ഥാപിച്ച ജപ്പാന്‍ കമ്പനിയാണ് നിസാന്‍. 1986 ല്‍ ഇംഗ്ലണ്ടിലെ സണ്ടര്‍ലാന്‍ഡില്‍. യൂറോപ്പിലെ ഏറ്റവും വലുതെന്നു പറയാവുന്ന കാര്‍ഫാക്ടറിയും അതാണ്. പിന്നെ യൂറോപ്യന്‍ വിപണി കൈവശപ്പെടുത്താന്‍ അവര്‍ക്ക് അധിക കാലം വേണ്ടിവന്നില്ല. 12 വര്‍ഷം നീണ്ട പടയോട്ടം താല്‍ക്കാലികമായി അവസാനിച്ചത് നിസാനേക്കാള്‍ അയ്യായിരം യൂണിറ്റുകള്‍ ടൊയോട്ട കൂടുതല്‍ വിറ്റ 1998ലാണ്.

പിന്നീടുണ്ടായ നിസാന്റെ കറുത്ത ദിനങ്ങള്‍ യൂറോപ്പില്‍ ടൊയോട്ടക്ക് നല്ല കാലമായിരുന്നു. നല്ല കാലമല്ല വളരെ നല്ലകാലം. 1997 ല്‍ തുടങ്ങിയ ടൊയോട്ടയുടെ കുതിപ്പ് 2007 വരെ നിര്‍ത്താതെ തുടര്‍ന്നു. തിരിച്ചടിക്ക് മുഖ്യ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ടൊയോട്ട ഔറിസിന്റെ രംഗപ്രവേശനമാണ്. ആഗോളവിപണിയില്‍ സൂപ്പര്‍ഹിറ്റായ കോറോളക്കു പകരം വെക്കാന്‍ ടൊയോട്ട ഇറക്കിയ ഹാച്ച്ബാക്ക് കാറാണ് ഔറിസ്. വില്പനയില്‍ വന്‍ കുതിച്ചു ചാട്ടം പ്രതീക്ഷിച്ചെങ്കിലും ഔറിസ് എന്ന പേരും മോഡലും നിരാശയാണ് സമ്മാനിച്ചത്.

അല്ലെങ്കിലും മറ്റുള്ള കാര്‍ കമ്പനികളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഉപയോക്താക്കളെ വെറുപ്പ് സമ്പാദിക്കാന്‍ അപാര കഴിവാണ് ടൊയോട്ടക്ക്. ബോഡി ഡിസൈനില്‍ കാണിക്കുന്ന അലസതയും ഉപയോക്താക്കളുടെ അഭിരുചികള്‍ പരിഗണിക്കാത്ത സാങ്കേതികതയും ഉയര്‍ന്ന വിലയും ടൊയോട്ടക്ക് സ്ഥിരമായി ചീത്തപ്പേരുണ്ടാക്കിക്കൊടുത്തു. അത്ര ആകര്‍ഷകമല്ലാത്ത മോഡല്‍ പേരുകളും, അനാവശ്യമായുള്ള പേരുമാറ്റവും, മാര്‍ക്കറ്റില്‍ നന്നായി കത്തി നില്‍ക്കുന്ന മോഡലുകള്‍ പെട്ടെന്ന് പിന്‍വലിക്കുന്നതുമൊക്കെ ആഗോളതലത്തില്‍ തന്നെ ടൊയോട്ടക്ക് പലതവണ വിമര്‍ശനമേറ്റുവാങ്ങിക്കൊടുത്തിട്ടുണ്ട്. ഇന്ത്യന്‍ റോഡുകളില്‍ കത്തി നിന്ന ക്വാളിസിനെ പെട്ടെന്ന് പിന്‍വലിച്ചത് എന്തിനാണെന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുന്നതുപോലെ.

മൂന്നു വര്‍ഷത്തിനു ശേഷം 2010 ആയതോടെ ടൊയോട്ടക്ക് വീണ്ടും തിരിച്ചടി നേരിട്ടു. ലക്‌സസ് അടക്കം ടൊയോട്ട കാറുകള്‍ വിവിധ കാരണങ്ങളാല്‍ ഏഴു തവണയാണ് വിപണിയില്‍ നിന്നും തിരിച്ചു വിളിച്ചത്. പിന്നാലെ 2010 ലെ ജനീവ ഓട്ടോ ഷോയില്‍ ഉപഭോക്താക്കളോട് പൊതുമാപ്പ് അപേക്ഷിക്കുകയും ചെയ്തു ടൊയോട്ട. 2007 ലെ ഏറ്റവും നല്ല കാലത്തു നിന്നും 40 ശതമാനത്തിലേറെ വില്പനയില്‍ ഇടിവു സംഭവിച്ചു 2011 ലെത്തിയപ്പോള്‍. 2007 ല്‍ 9,30500 വാഹനങ്ങള്‍ വിറ്റു പോയ സ്ഥാനത്ത് 2011 ല്‍ 5,69000 യൂണിറ്റുകള്‍ മാത്രമാണ് വിറ്റത്.

1998 ല്‍ ടൊയോട്ട മുന്നേറ്റം തുടര്‍ന്നപ്പോള്‍ നിസാന്റെ വളര്‍ച്ച താഴേക്കായിരുന്നു. അത് 2007 ല്‍ നിസാന്‍ തങ്ങളുടെ എസ്.യു.വി ആയ ഖാഷ്‌കായ് പുറത്തിറക്കുന്നതു വരെ മാത്രം. അതായത് 2007 ല്‍ ടൊയോട്ടക്ക് മോശം കാലം തുടങ്ങിയപ്പോള്‍ നിസാന് നല്ല കാലമായി എന്നു ചുരുക്കം. അതിലേക്ക് നയിച്ചത് റെനോയുമായുള്ള തന്ത്രപ്രധാന കൂട്ടുകെട്ടാണ്.

1998 ല്‍ നിസാന് ടൊയോട്ടയില്‍ നിന്ന് തിരിച്ചടി നേരിട്ടതിന്റെ അടുത്ത വര്‍ഷം, റെനോയുമായി സഖ്യത്തിലെത്തിയതോടെ യൂറോപ്പില്‍ നിസാന്റെ ചരിത്രത്തിലെ പുതിയ അധ്യായം തുടങ്ങി. എന്നാല്‍ വിപണിയില്‍ അത് കാര്യമായി പ്രതിഫലിക്കാന്‍ 2011 വരെ കാത്തിരിക്കേണ്ടിവന്നുവെന്നുമാത്രം. അന്ന് റെനോയുടെ സി.ഇ.ഒ ആയിരുന്ന ലൂയിസ് ഷ്വിറ്റ്‌സര്‍ തന്റെ വലംകൈയായ കാര്‍ലോസ് ഗോസനെ നിസാന്‍ - റെനോ കൂട്ടുകെട്ടിന്റെ മേല്‍നോട്ടം ഏല്‍പ്പിച്ചു. നിസാന്റേയും റെനോയുടെയും സി.ഇ.ഒയും നിസ്സാന്‍ - റെനോ കൂട്ടുകെട്ടിന്റെ ചെയര്‍മാനുമാണ് ബ്രസീലില്‍ ജനിച്ച ലബനീസ് ബിസിനസ്സുകാരനായ ഗോസന്‍. കുറച്ചുകാലം ഗോസന്റെ തന്ത്രങ്ങള്‍ വിജയിച്ചെങ്കിലും കാലത്തിനനുസരിച്ചുള്ള പരിഷ്‌കരണങ്ങള്‍ ഫലംകാണാത്തതിനാലാണ് 2007 ല്‍ 17 വര്‍ഷത്തെ ഏറ്റവും മോശം അവസ്ഥയിലേക്ക് അവര്‍ കൂപ്പുകുത്തിയത്. 2008 ല്‍ പുറത്തിറങ്ങിയ എസ്.യു.വി ഖാഷ്‌കായ് നിസാനെ കരകയറ്റി. ഖാഷ്‌കായുടെ അനിയനായ ജൂക്കും നിസാന് വന്‍ ആശ്വാസമാണ് സമ്മാനിച്ചത്. ജപ്പാനിലും ഓസ്‌ട്രേലിയയിലും നിസാന്‍ ഡുവാലിസ് എന്ന പേരില്‍ വിപണി പിടിച്ച ഖാഷ്‌കായ് 2011 വരെ പത്ത് ലക്ഷത്തോളം എണ്ണമാണ് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം മാത്രം 2.18 ലക്ഷം കാറുകള്‍ വിറ്റുപോയി.

ഖാഷ്‌കായില്‍ തുടങ്ങിയ മുന്നേറ്റം ജൂക്കിലൂടെ ലീഫ് ഇ.വി എന്ന ഇലക്ട്രിക് കാറിലെത്തി നില്‍ക്കുകയാണിപ്പോള്‍. 2011 ലെ യൂറോപ്യന്‍ കാര്‍ ഓഫ് ദി ഇയറാണ് നിസാന്‍ ലീഫ് ഇവി. 2010 ല്‍ ജപ്പാനില്‍ പരീക്ഷിച്ചു തുടങ്ങിയ അഞ്ചു വാതിലുള്ള പ്രകൃതി സൗഹൃ ഫാമിലി കാര്‍. തകര്‍ച്ചയില്‍ നിന്ന് നിസാനെ കരകയറ്റിയതോടെ ഗോസന് 'മിസ്റ്റര്‍ ഫിക്‌സ് ഇറ്റ്' എന്ന ഇരട്ടപ്പേര് വീഴുകയും ചെയ്തു. മിസ്റ്റര്‍ ഫിക്‌സ് ഇറ്റ് എന്നാല്‍ ഇടംകാലൊടിഞ്ഞ നിസാനെ സുഖപ്പെടുത്തി ഒളിംപിക്‌സിന് കൊണ്ടുപോകാന്‍ തയ്യാറാക്കിയവന്‍ എന്നായിരിക്കണം പേരിട്ടവര്‍ മനസ്സില്‍ കണ്ടിരിക്കുക. 2015 ഓടെ യൂറോപ്യന്‍ വിപണിയി തങ്ങളുടെ കൈവെള്ളയിലിരിക്കുമെന്നാണ് ഗോസന്റെ പ്രഖ്യാപനം.

ലീഫ് ഇവി യുടെ വിജയമാണോ ടൊയോട്ടക്ക് പ്രചോദനമായതെന്ന് അറിഞ്ഞുകൂടാ, പുത്തന്‍ ഹൈബ്രിഡ് കാറുകളുടെ പിന്നാലെയാണ് ടൊയോട്ട ഇപ്പോള്‍. ലീഫ് ഇവി വന്‍ വിജയമായെങ്കിലും ഖാഷ്‌കായിയെ മുന്‍ നിര്‍ത്തിയുള്ള തന്ത്രം മെനഞ്ഞാണ് നിസാന്‍ പോകുന്നതെങ്കില്‍ 100 ശതമാനവും ഹൈബ്രിഡ് ആയവയും പ്ലഗ് ഇന്‍ ഹൈബ്രിഡ് കാറുകളുമായാണ് ടൊയോട്ട മുന്നോട്ടു നീങ്ങുന്നത്.

മുന്‍കാലത്തെ വീഴ്ചകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ഓരോ കാല്‍വെപ്പും സൂക്ഷിച്ചായിരിക്കുമെന്നാണ് ടൊയോട്ട വെളിപ്പെടുത്തുന്നത്. തങ്ങള്‍ക്ക് വേണമെങ്കില്‍ ഈ വര്‍ഷം പത്തു ലക്ഷം കാറുകള്‍ വില്‍ക്കാന്‍ പറ്റും. പക്ഷേ വേണ്ടത്ര ലാഭം കിട്ടില്ല. അത്തരമൊരു മൂന്നേറ്റം തങ്ങള്‍ക്ക് വേണ്ട. എതിരാളികളെ ബഹുമാനിക്കുന്നവരാണ് തങ്ങള്‍. രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ലാഭത്തോടെ പത്തുലക്ഷം കാറുകള്‍ വില്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടു നീങ്ങുന്നതെന്ന് ടൊയോട്ടയുടെ യൂറോപ്പ് സി.ഇ.ഒ ഡിഡിയര്‍ ലിറോയ് വെളിപ്പെടുത്തുന്നു.

മറ്റുള്ള ഭൂഖണ്ഡങ്ങളിലേതുപോലെ യൂറോപ്പിലും ടൊയോട്ട ഏതാണ്ട് ഒറ്റക്കുതന്നെയാണ് വിപണിയിലിറങ്ങിയത്. അതേസമയം നിസാന് കഴിഞ്ഞ പതിമൂന്നു വര്‍ഷമായി റിനോള്‍ട്ടുമായി തുടരുന്ന സൗഹൃദം ഒരുപാട് നേട്ടങ്ങളുണ്ടാക്കിക്കൊടുത്തിട്ടുണ്ട്.ടൊയോട്ടയില്‍ നിന്ന് വ്യത്യസ്തമായി റിനോള്‍ട്ടിനും നിസ്സാനും ഒരു പോലെ പ്രാധിനിത്യമുള്ള സമിതികളാണ് അവരുടെ ഉല്‍പ്പന്നവികസനവും മറ്റും നിയന്ത്രിക്കുന്നത്. ഈ കൂട്ടായ്മയുടെ ഗുണങ്ങള്‍ നിസാനുണ്ടെങ്കിലും ചെക്ക് റിപ്പബ്ലിക്ക്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, റഷ്യ, ടര്‍ക്കി, ബ്രിട്ടണ്‍ എന്നീ ആറ് രാജ്യങ്ങളില്‍ സ്വന്തമായി പ്ലാന്റുള്ള ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളാണ് എന്ന നേട്ടം ടൊയോട്ടക്ക് അവകാശപ്പെട്ടതാണ്. ചെക്ക് റിപ്പബ്ലിക്കില്‍ ഐഗോ മിനി കാര്‍, ഫ്രാന്‍സില്‍ യാരിസ്, ബ്രിട്ടണില്‍ ഔറിസും അവെന്‍സിസും എന്നിങ്ങനെ പത്തോളം മോഡലുകള്‍ പ്രദേശികമായി നിര്‍മ്മിച്ച് യൂറോപ്യന്‍ രാജ്യങ്ങളിലെ വിപണിയില്‍ ടൊയോട്ട ഇറക്കുന്നുമുണ്ട്. എന്നിട്ടും 'ആവശ്യത്തിലധികം' സാങ്കേതികതയുള്‍പ്പെടുത്തിയതുകൊണ്ട് നേരിടുന്ന ഉയര്‍ന്ന വിലയാണ് ടൊയോട്ടയുടെ ഭീഷണി.

സുന്ദര്‍ലാന്റിനു പുറമേ സ്‌പെയിനിലെ ബാഴ്‌സലോണയിലും റഷ്യയിലെ സെന്റ് പീറ്റേഴ്‌സബര്‍ഗിലുമാണ് നിസാന് കാര്‍ ഫാക്ടറികളുള്ളത്. നിസാന്റെ പ്രാദേശികമായി നിര്‍മ്മിക്കുന്ന കാറുകള്‍ക്ക് ഉയര്‍ച്ചയും താഴ്ചയും സമ്മിശ്രമായിരുന്നുവെന്ന് പറയാം. 1992 മുതല്‍ 2003 വരെ നിസാന്‍ മൈക്രക്ക് വന്‍ ഡിമാന്‍ഡായിരുന്നു. എന്നാല്‍ 2010 ഓടെ ഇന്ത്യയില്‍ നിര്‍മ്മിച്ച് ഇറക്കുമതി ചെയ്ത കാറുകള്‍ക്ക് കുഴപ്പങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതോടെ തിരിച്ചടി നേരിട്ടു.

2016 ഓടെ ടൊയോട്ടയെ കടത്തിവെട്ടാന്‍ നിസാന്‍ ഇറക്കന്ന തുറുപ്പു ചീട്ട് ഖാഷ്‌കായി നിരയിലെ പുത്തന്‍ മോഡലുകളാണ്. എന്നാല്‍ ടൊയോട്ട അടുത്തതായി വിപണിയിലിറക്കുന്നത് നിലവില്‍ തിരിച്ചടികിട്ടിയ ഔറിസ് കോംപാക്ടിനുള്ള പകരക്കാരനാണ്. നിലവിലുള്ള മോഡലിനെ ആദ്യന്തം ഉടച്ചുവാര്‍ത്ത പുത്തന്‍ ഔറിസ് അടുത്തവര്‍ഷമെത്തും. ടൊയോട്ടയുടെ പെട്രോള്‍ - ഇലക്ട്രിക് ഹൈബ്രിഡ് കാറായ യാരിസും വിപണിയില്‍ വന്‍ പ്രതീക്ഷയുയര്‍ത്തുന്നുണ്ട്. കാരണം മൂന്നര ലിറ്റര്‍ ഇന്ധനം കൊണ്ട് നൂറുകിലോമീറ്റര്‍ നല്‍കാന്‍ ഈ ഹൈബ്രിഡ് കാറിനു കഴിയും. പോരാത്തതിന് പ്രകൃതി സൗഹൃദവുമാണ്. ഈ മോഡലുകള്‍ ക്ലിക്കാകുമെന്നും നിസാനേക്കാള്‍ ടൊയോട്ടയാകും അടുത്ത കാലത്ത് വിപണി കൈയടക്കുകയെന്നും ലണ്ടനിലെ പ്രമുഖ വാഹന ഗവേഷകരായ ബേണ്‍സ്റ്റെയിന്‍ റിസര്‍ച്ച് പറയുന്നു. മോഡലിന്റെ പേരിടലും അതിന് വിലയിടലും മര്യാദക്കായാല്‍ ടൊയോട്ടയാകും അടുത്ത കാലത്തെ നമ്പര്‍ വണ്‍.
Print
SocialTwist Tell-a-Friend
Other stories in this section