പുതിയ 3 സീരീസ് ഇന്ത്യന്‍ വിപണിയില്‍
Posted on: 28 Jul 2012
മുംബൈ: ബിഎംഡബ്ല്യു 3 സീരീസിന്റെ ഏറ്റവും പുതിയ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മുംബൈയില്‍ നടന്ന ചടങ്ങില്‍ ബിഎംഡബ്ല്യു 3 ന്റെ ആറാമത്തെ തലമുറയെ ഇന്ത്യയില്‍ പരിചയപ്പെടുത്തിയത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ബിഎംഡബ്ല്യു ഇന്ത്യ പ്രസിഡന്റ് ഡോ. ആന്‍ഡ്രിയാസ് സ്‌കാഫും ചേര്‍ന്നായിരുന്നു. ലക്ഷ്വറി, സ്‌പോര്‍ട്ട് എന്നീ വിഭാഗങ്ങളിലാണ് ഈ പ്രീമിയം സെഡാന്‍ വിപണിയിലെത്തുന്നത്. രാജ്യത്താകമാനം ശനിയാഴ്ച മുതല്‍ തന്നെ ഈ കാര്‍ ലഭ്യമാകുമെന്ന് സ്‌കാഫ് അറിയിച്ചു.
ഡീസല്‍, പെട്രോള്‍ കാറുകള്‍ ലഭ്യമാണ്. 320 ഡി ഡീസല്‍ മോഡലിന് 28,90,000 രൂപയാണ് എക്‌സ്-ഷോറൂം വില. ഇതേ കാറിന്റെ സ്‌പോര്‍ട്ട് ലൈനിനും ലക്ഷ്വറി ലൈനിനും 31,50,000 രൂപയാണ് വരുന്നത്. 320 ഡി ലക്ഷ്വറി പ്ലസിന് 36,90,000 വും 328 ഐ സ്‌പോര്‍ട്ട് ലൈന് 37,90,000 വുമാണ് വില. ആല്‍പിന്‍ വൈറ്റ്, മെല്‍ബോണ്‍ റെഡ്, ബ്ലാക്ക് സഫയര്‍, ഗ്ലേസിയര്‍ സില്‍വര്‍, ഹാവന്ന, ഇംപീരിയല്‍ ബ്ലൂ തുടങ്ങിയ നിറങ്ങളില്‍ ലഭിക്കും. ഒരു ലിറ്റര്‍ ഡീസലിന് 18.8 കിലോമീറ്റര്‍ മൈലേജ് ലഭിക്കും. 6.1 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കഴിയും.ഉയര്‍ന്ന വേഗം മണിക്കൂറില്‍ 250 കിലോമീറ്ററാണ്.