പ്രണബിന് സുരക്ഷയേകാന്‍ പുള്‍മാന്‍
Posted on: 25 Jul 2012 സന്ദീപ് സുധാകര്‍
രാഷ്ട്രത്തിന്റെ പ്രഥമപൗരനായ പ്രണബ് കുമാര്‍ മുഖര്‍ജിയ്ക്ക് ഇനി യാത്രകളിലും അതീവ സുരക്ഷ. പക്ഷെ അദ്ദേഹത്തിനിത് സമ്മിശ്ര
വികാരമായിരിക്കും പ്രധാനം ചെയ്യുക. ഇഷ്ടവാഹനമായ അംബാസഡറിനോടുള്ള വിരഹ ദു:ഖം ഒരുവശത്ത്. പിന്നെ പുതിയ ലിമോസിന്റെ സുരക്ഷയിലേക്കുള്ള കൂടുമാറ്റം ഇതാണ് ഇന്ത്യന്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കുമ്പോള്‍ പ്രണബിനെ കാത്തിരിക്കുന്ന ആദ്യാനുഭവങ്ങള്‍. നീണ്ട അഞ്ചു പതിറ്റാണ്ട് കാലത്തെ രാഷ്ട്രീയ ജീവിതത്തിനിടയ്ക്ക് ആദ്യമായാണ് പ്രണബ് തന്റെ ഇഷ്ട വാഹനമായ അംബാസഡറില്‍ നിന്നും മാറുന്നത്. മെഴ്‌സിഡസ് ബെന്‍സ് എസ് 600 പുള്‍മാന്‍ ഗാര്‍ഡ് എന്ന ജര്‍മന്‍ നിര്‍മിത ലിമോസിനായിരിക്കും മുന്നോട്ടുള്ള യാത്രകളില്‍ ഇനി പ്രസിഡന്റിന് കൂട്ട്.
സുരക്ഷയ്ക്ക് അതീവ പരിഗണന നല്‍കുന്ന ഒരു ആഢംബര ലിമോസിന്‍. അതാണ് പുള്‍മാന്‍ഗാര്‍ഡ്. ഇതില്‍ പ്രസിഡന്റ് ഇരിക്കുന്ന ഭാഗം ഷൗഫറുടെ (ലിമോസിന്റെ ഡ്രൈവര്‍) ക്യാബിനില്‍ നിന്നും സൗണ്ട് പ്രൂഫ് സംവിധാനം ഉപയോഗിച്ച് വേര്‍ത്തിരിച്ചിരിക്കുന്നു. വെടിയുണ്ടകളെ മാത്രമല്ല; ബാലിസ്റ്റിക്ക്, ഗ്രനേഡ് അക്രമണങ്ങളെപ്പോലും ചെറുക്കാന്‍ ഇന്ത്യന്‍ പ്രസിഡന്റിന്റെ കാറിന് സാധിക്കും.
ജി.പി.എസ്( ഗ്ലോബല്‍ പെസിഷനിങ് സിസ്റ്റം)സാറ്റലൈറ്റ് നാവിഗേറ്റര്‍. ജി.പി.എസില്‍ അധിഷ്ഠിതമായ സെല്‍ഫോണ്‍ സേവനം, എട്ട് ഡ്യൂവല്‍ സ്‌റ്റേജ് എയര്‍ബാഗുകളോടൊപ്പം സീറ്റ് ബെല്‍റ്റ് ടെന്‍ഷനറുകള്‍ എന്നിവ കൂടിച്ചേരുമ്പോള്‍ പ്രസിഡന്റിനായി മെഴ്‌സിഡസ് ബെന്‍സ് ഒരുക്കിയ സുരക്ഷാ കവചം റെഡി. പ്രസിഡന്റിന്റെ ക്യാബിനില്‍ അഭിമുഖമായാണ് രണ്ട് നിര സീറ്റുകള്‍. ഇവിടെ മുഖാമുഖ സംഭാഷണങ്ങള്‍ നടത്തുന്നതിനിടയില്‍ ദാഹമകറ്റാന്‍ സീറ്റിനടിയില്‍ റെഫ്രിജറേറ്ററുമുണ്ട്. 4315 മില്ലീമീറ്ററാണ് കാറിന്റെ വീല്‍ബേസ്. അതായത് സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ എസ് ക്ലാസ് ബെന്‍സിന്റേതുമായി താരതമ്യം ചെയ്യുമ്പോള്‍ 115 സെന്റീമീറ്റര്‍ അധികം.
എ.കെ 47 തോക്കുകളില്‍ നിന്നുള്ള വെടിവെയ്പ്പും വിവിധ തരം ഹാന്‍ഡ് ഗ്രനേഡുകള്‍ കൊണ്ടുള്ള അക്രമണവും ചെറുക്കാന്‍ കഴിയുമെന്ന് പരിശോധിച്ചുറപ്പിച്ച ശേഷമാണ് പ്രസിഡന്റിന്റിന് ബെന്‍സ് രഥമൊരുക്കിയിരിക്കുന്നത്. 90 ലിറ്റര്‍ ഇന്ധന ടാങ്കാണ് ഇതിലുള്ളത്. തീപ്പിടുത്തം ഉണ്ടായാല്‍ സ്വയം തീയണയ്ക്കാനുള്ള സംവിധാനവുമുണ്ട്. ഇന്ത്യന്‍ പ്രസിഡന്റ് യാത്ര ചെയ്യുന്ന ഈ ലിമോസിന് 12 കോടി രൂപയാണ് വില.