TopGear1
ഹ്യൂണ്ടായിയുടെ 'വലിയ' ചെറുകാര്‍
Posted on: 23 Jul 2012
സന്ദീപ് സുധാകര്‍നാലാം തലമുറ എലാന്‍ട്രയ്ക്ക് വിപണിയില്‍ പ്രതീക്ഷിച്ച സ്വീകാര്യത കൈവരിക്കാന്‍ കഴിയാതെ പോയ അവസരത്തിലാണ് ഡിസൈന്‍ അഴിച്ചുപണിത് അഞ്ചാം തലമുറ എലാന്‍ട്രയെ ഹ്യൂണ്ടായ് പരീക്ഷിക്കുന്നത്. ഇന്ത്യന്‍ ചെറുകാര്‍ വിപണയില്‍ മാരുതിയ്ക്ക് തൊട്ടുപിന്നില്‍ നിന്ന് വലിയ കാറുകളുടെ വിഭാഗത്തിലേക്ക് കരുത്തുറ്റ ഒരു ചുവട് വെപ്പ് എലാന്‍ട്രയുടെ രൂപ മാറ്റത്തെ അങ്ങനെയും വിശേഷിപ്പിക്കാം.

എതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നാലം തലമുറ എലാന്‍ട്ര വിപണയിലെത്തിയത്. ടൊയോട്ടയുടെ കോറോള, ഹോണ്ട സിവിക്ക്, സ്‌ക്കോഡ ലോറ, ഫോക്‌സ്‌വാഗണ്‍ ജെറ്റ, ഷവര്‍ലെ ക്രൂസ്, റിനോ ഫ്ലാവന്‍സ് എന്നീ മോഡലുകള്‍ മത്സരിക്കുന്ന വിഭാഗത്തില്‍ എന്തുകൊണ്ടോ എലാന്‍ട്രയ്ക്ക് പ്രതീക്ഷിച്ച സ്വീകാര്യത ലഭിച്ചില്ല. ഇതിന് കാരണം പലതായാണ് വിലയിരുത്തപ്പെടുന്നത്. നവീന അഭിരുചികള്‍ക്കിണങ്ങുന്ന ഡിസൈനായിരുന്നില്ല പഴയ എലാന്‍ട്രയ്‌ക്കെന്നതായിരുന്നു ഇതില്‍ പ്രധാനം. ഇതിനെ നേരിടാന്‍ വിലയില്‍ ഡിസ്‌ക്കൗണ്ട് നല്‍കി മുന്നോട്ട് കുതിക്കാനുള്ള നീക്കവും കട്ട റോഡില്‍ ഉടക്കി. ഇതെത്തുടര്‍ന്ന് എലാന്‍ട്രയെ പരിഷ്‌ക്കരിക്കുകയല്ലാതെ നിവൃത്തിയില്ലെന്ന് ഹ്യൂണ്ടായ് മനസിലാക്കി. അങ്ങനെയാണ് എലാന്‍ട്രയുടെ അഞ്ചാം തലമുറ പതിപ്പ് ഇരമ്പിയെത്തുന്നത്.

പുറം മോഡി


ഡിസൈനില്‍ മാറ്റങ്ങള്‍ പ്രകടം. ഹ്യൂണ്ടായിയുടെ ഐഡന്റിറ്റി വിളിച്ചോതുന്ന ഫ്ലായിഡിക്ക് ഡിസൈന്‍. ഐ10, ഐ20 കാറുകളുടെ ഡിസൈന്‍ സവിശേഷതകള്‍ ഒളിഞ്ഞു തെളിഞ്ഞും കാണം. ഹെഡ്‌ലൈറ്റുകള്‍ ആകര്‍ഷകമാക്കിയിട്ടുണ്ട്. മുന്നിലെ ഹെക്‌സാഗണല്‍ ഗ്രില്‍ നവീന അഭിരുചിയ്‌ക്കൊത്തത് തന്നെ. താരതമ്യേന കരുത്തുറ്റ ബോണറ്റാണ് പുതിയ എലാന്‍ട്രയുടേത്.

വശങ്ങളില്‍ നിന്ന് നോക്കുമ്പോള്‍ പുതിയ സോണാറ്റയയുടെ ഡിസൈനിനെ അനുസ്മിരിപ്പിക്കുന്നുണ്ട് എലാന്‍ട്ര. പിന്നില്‍ നിന്ന് നോക്കുമ്പോള്‍ ലളിതമായ ഡിസാനാണ് എലാന്‍ട്രയുടേത്. സോണാറ്റയുടേതിന് സമാനമായ റിയര്‍ ഡിസൈനാണെന്ന് പറയാം. പക്ഷെ ഹെഡ്‌ലാമ്പുകളും ടെയില്‍ലൈറ്റുകളും മാറ്റങ്ങളുമായി എത്തിയതോടെ ഈ ഡിസൈന്‍ വളരെ അഗ്രസീവായിട്ടുണ്ട്.

അകത്തളം


ക്വാളിറ്റി ഫിറ്റ് ആന്‍ഡ് ഫിനിഷ്. ഇങ്ങനെയല്ലാതെ എലാന്‍ട്രയുടെ ഉള്‍വശത്തെ വിശേഷിപ്പിക്കാന്‍ വേറെ വാക്കുകള്‍ ഇംഗ്ലീഷില്‍ ചുരുക്കം. മികവുറ്റ ഡിസൈനിന് തന്നെയാണ് അകത്തളം ഒരുക്കുമ്പോള്‍ ഡിസൈനര്‍മാര്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്. സ്റ്റിയറിങ്ങും മീറ്റര്‍ കണ്‍സോളും ഡാഷ് ബോര്‍ഡും ഗിയര്‍ലിവറുമെന്ന് വേണ്ട സീറ്റുകളും റൂഫും വരെ പ്രീമിയം വിഭാഗത്തിലെ ഏറ്റവും നിലവാരമുള്ളവയാണ്. രണ്ടു നിറങ്ങളോട് കൂടിയ ഡാഷ് ബോര്‍ഡ് കാറിന് ഒരു സ്‌പോര്‍ട്ടി ലുക്കും നല്‍കുന്നു. ക്യബിന്‍ സ്‌പെയ്‌സും ലെഗ്‌സ്‌പെയ്‌സും വേണ്ടതിലധികം. അതേസമയം ചെരിഞ്ഞിറങ്ങുന്ന റുഫ് ഹെഡ്‌സ്‌പെയ്‌സ് അല്‍പ്പം കുറയ്ക്കുന്നു. അതേസമയം, മറ്റു സവിശേതകള്‍ കണ്ടാല്‍ തന്നെ ഇത്തരമൊരു മോഡല്‍ നിരത്തിലിറക്കുന്നതിനായി ഹ്യൂണ്ടായിയിലെ ഡിസൈന്‍ എന്‍ജിനിയര്‍മാര്‍ വേണ്ടത്ര ഗൃഹപാഠം ചെയ്തിട്ടുണ്ടെന്ന് വ്യക്തം.ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, നിലവാരമൊത്ത മ്യൂസിക്ക് സിസ്റ്റം, ബ്ലൂടൂത്ത് കണക്ടറ്റിവിറ്റി, റിയര്‍ സീറ്റ് ഓഡിയോ കണ്‍ട്രോള്‍, സ്റ്റിയറിങ് മൗണ്ടഡ് ഓഡിയോ, ക്രൂയിസ് കണ്‍ട്രോളുകള്‍ എന്നീ സവിശേഷതകള്‍ ഇത് വിളിച്ചോതുന്നു. വളരെ ലളിതമായ ഗ്ലൗവ് ബോക്‌സും, ഇലക്ട്രോ ക്രോമിക്ക് കണ്ണാടിയും പിന്നിലെ വാഹനങ്ങള്‍ കാണാന്‍ സഹായിക്കുന്ന ക്യാമറയുമെല്ലാം അത്യാധിനികം തന്നെ. ഇലക്ട്രോണിക്കലി അഡജസ്റ്റബിള്‍ ഡ്രൈവിങ് സീറ്റാണ് മറ്റൊരു സവിശേഷത. സുരക്ഷയുടെ കാര്യത്തിലും എലാന്‍ട്ര മുന്നില്‍ തന്നെയാണ്. ആറ് എയര്‍ബാഗുകള്‍ എലാന്‍ട്രയിലെ യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്ര വാഗ്ദാനം ചെയ്യുന്നു. എ.ബി.എസ്, വെഹിക്കിള്‍ സ്റ്റബിലിറ്റി മാനേജ്‌മെന്റ് സിസ്റ്റം, ഇലക്ട്രോണിക്ക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ എന്നിവയും എലാന്‍ട്രയുടെ രക്ഷാകവചത്തിന് ശക്തികൂട്ടുന്നു.

എന്‍ജിന്‍


പെട്രോള്‍ മോഡലിന് കരുത്ത് പകരുന്നത് 1,797 സിസി പെട്രോള്‍ എന്‍ജിനാണെങ്കില്‍ 1,582സിസി ഡീസല്‍ എന്‍ജിനാണ് ഡീസല്‍ മോഡലിന്റെ ഊര്‍ജ്ജ കേന്ദ്രം. ഫോര്‍സിലിന്‍ഡര്‍ പെട്രോള്‍ എന്‍ജിന്‍ വേരിയബിള്‍ ടൈമിങ് വാള്‍വ് ട്രെയിന്‍ ടെക്ക്‌നോളജി(വി.ടി.വി.ടി)യില്‍ അധിഷ്ഠിതമാണ്. 6,500 ആര്‍.പി.എമ്മില്‍ 149.5 പി.എസ് പവര്‍ ഈ എന്‍ജിന്‍ നല്‍കും. 4700 ആര്‍.പി.എമ്മില്‍ 181 എന്‍.എം ടോര്‍ക്കും. ഡീസല്‍ മോഡലില്‍ ഉപയോഗിച്ചിരിക്കുന്നത് പുതിയ വെര്‍നയില്‍ ഉപയോഗിച്ചിരിക്കുന്ന അതേ എന്‍ജിനാണ്. 4000 ആര്‍.പിഎമ്മില്‍ 128 പി.എസ് പവറും 1,900-2,750 ആര്‍.പി.എമ്മുകള്‍ക്കിടയില്‍ 265 എന്‍.എം.ടോര്‍ക്കും നല്‍കാന്‍ പര്യാപ്തമാണ് ഈ എന്‍ജിന്‍.

പുതിയ മോഡല്‍ മാന്യല്‍ ഗിയര്‍ ട്രാന്‍സ്മിഷനോട് കൂടെയും ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനോട് കൂടെയും ലഭ്യമാണ്. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് പുതിയ എലാന്‍ട്രയുടേത്. ഡീസല്‍ മോഡല്‍ ലിറ്ററിന് 14-16 കിലോ മീറ്റര്‍ മൈലേജ് നല്‍കുമെന്ന് ഉറപ്പിച്ച് പറയാം. കാര്‍ വിപണിയില്‍ ഡീസല്‍ മോഡലുകള്‍ക്ക് ഡിമാന്‍ഡ് ഉയരുന്ന അവസരത്തില്‍ മികച്ച മൈലേജുമായാണ് ഹ്യുണ്ടായ് എലാന്‍ട്രയെ അണിയിച്ചൊരുക്കിയിരിക്കുന്നത്.


Print
SocialTwist Tell-a-Friend
Other stories in this section