ട്രയംഫ് കര്‍ണാടകത്തിലേക്ക്
Posted on: 18 Jul 2012
ബാംഗ്ലൂര്‍: ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ട്രയംഫ് കര്‍ണാടകത്തില്‍ നിര്‍മ്മാണശാല സ്ഥാപിക്കാന്‍ ഒരുങ്ങുന്നുവെന്ന് സൂചന. ഇന്ത്യന്‍ ഇരുചക്രവാഹന വിപണിയില്‍ സാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നീക്കം. 2015 ഓടെ ഇന്ത്യയില്‍ ബൈക്ക് നിര്‍മ്മാണം തുടങ്ങാനാണ് ട്രംയഫ് ലക്ഷ്യമിടുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കര്‍ണാടകത്തില്‍ 30 ഏക്കര്‍ ഭൂമി വാങ്ങാനാണ് ശ്രമം. 100 മില്യണ്‍ പൗണ്ട് നിക്ഷേപം നടത്താനാണ് അവരുടെ ലക്ഷ്യം.
പ്രതിവര്‍ഷം രണ്ടരലക്ഷം മോട്ടോര്‍സൈക്കിളുകള്‍ ട്രയംഫ് ആദ്യഘട്ടത്തില്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും. ഇത് പിന്നീട് അഞ്ചുലക്ഷമായി ഉയര്‍ത്തും. വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍കൂടിയാവും ഇത്രയേറെ ബൈക്കുകള്‍ നിര്‍മ്മിക്കുക എന്നിതില്‍ സംശയമില്ല. നിലവില്‍ തായ് ലന്‍ഡിലും യു.കെയിലുമുള്ള ട്രയംഫ് ഫാക്ടറികളില്‍ പ്രതിവര്‍ഷം 50,000 ബൈക്കുകള്‍ മാത്രമാണ് നിര്‍മ്മിക്കുന്നത്. ആദ്യഘട്ടത്തില്‍ താരതമ്യേന വിലകുറഞ്ഞ ബൈക്കുകള്‍ വിപണിയിലെത്താനാവും ട്രയംഫ് ശ്രമിക്കുകയെന്ന് സൂചനയുണ്ട്. 100 -200 സി.സി എന്‍ജിന്‍ ഘടിപ്പിച്ച ബൈക്കുകളാവും ആദ്യം ഇന്ത്യയിലെത്തുക.