TopGear1
TopGear2
നാനോ ടാക്‌സികള്‍ എത്തി
Posted on: 17 Jul 2012



വേഷം മഞ്ഞയും കറുപ്പും. ബോണറ്റിന് മുകളില്‍ ഫെയര്‍മീറ്റര്‍. പഴയ അംബാസിഡര്‍ കാറിന്റെ ഈ വേഷവിധാനങ്ങള്‍ ഏറെക്കാലം നമ്മുടെ നഗരക്കാഴ്ചകളില്‍ നിറഞ്ഞ് നിന്നിരുന്നു. ഓട്ടോറിക്ഷകള്‍ നിരത്തില്‍ ആധിപത്യം ഉറപ്പിക്കുന്നതിനുമുമ്പേ ഇവയായിരുന്നു നമ്മുടെ പ്രിയപ്പെട്ട ടാക്‌സികള്‍. സിങ്കപ്പൂരിന്റെ സമ്പാദ്യവും സുഗന്ധവും എയര്‍പോര്‍ട്ടുകളില്‍ നിന്നും നമ്മുടെ വീട്ടുമുറ്റങ്ങളിലെത്തിച്ചത് മീറ്റര്‍ ടാക്‌സികളായിരുന്നു.

സ്വകാര്യവാഹനങ്ങളും ഓട്ടോറിക്ഷകളും വ്യാപകമായതോടെ ടാക്‌സി കാറുകള്‍ നിരത്തില്‍ നിന്നും അപ്രത്യക്ഷമായി . മുകളിലെ മഞ്ഞ നിറം ഉപേക്ഷിക്കാന്‍ ഇതിനിടെ ഗതാഗതവകുപ്പും അനുമതി നല്‍കി. മീറ്ററും നിര്‍ബന്ധമല്ലാതെയായി. ടാക്‌സികളുടെ അസ്തിത്വവും നഷ്ടപ്പെട്ടു. ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങളാണ് പകരമെത്തിയത്.

അസ്തമിച്ച ടാക്‌സി യുഗത്തിന് വീണ്ടും പുനര്‍ജന്മമാകുകയാണ്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ടാക്‌സികള്‍ വീണ്ടുമെത്തുന്നു. ടാറ്റയുടെ ചെറുകാര്‍ നാനോയാണ് വീണ്ടും ടാക്‌സിയുടെ വേഷമണിയുന്നത്. നാനോ കാറിനെ ടാക്‌സിയായി റജിസ്റ്റര്‍ ചെയ്യാന്‍ ഗതാഗതവകുപ്പ് അനുമതി നല്‍കി. മീറ്റര്‍ നിര്‍ബന്ധമല്ലെങ്കിലും വിശ്വാസ്യതയ്ക്കു വേണ്ടി ഫെയര്‍മീറ്ററുമായിട്ടാണ് ചില ഉടമകള്‍ നാനോ ടാക്‌സിയെ നിരത്തിലെത്തിക്കുന്നത്.

മൂന്ന് കിലോമീറ്ററിന് മിനിമം ചാര്‍ജ്ജ് 50 രൂപ. അതുകഴിഞ്ഞാല്‍ ഓരോ കിലോമീറ്ററിനും ഏഴര രൂപ. എ. സിയുണ്ടെങ്കില്‍ പത്തുശതമാനം അധികം നല്‍കണം. ഇതാണ് അംഗീകൃത നിരക്ക്. ഫെയര്‍മീറ്ററുകളിലുമുണ്ട് മാറ്റങ്ങള്‍. കെ.എസ്.ആര്‍.ടി.സി ബസിലെ ടിക്കറ്റ് മെഷീന്‍ പോലെ രസീതും കിട്ടും. പത്തു കിലോമീറ്റര്‍ ദൂരത്തേയ്ക്ക് 102 രൂപ 50 പൈസയാകും. അതായത് ആദ്യത്തെ മൂന്ന് കിലോമീറ്ററിന് 50 രൂപ. ശേഷിക്കുന്ന ഏഴ് കിലോമീറ്ററിന് ഏഴരരൂപ. ഓട്ടോറിക്ഷയുടെ നിരക്കുമായി വലിയ വ്യത്യാസം ഉണ്ടാകില്ല.



നാനോയുടെ ടാക്‌സി പ്രവേശനത്തിനുള്ള നൂലാമാലകള്‍ പൂര്‍ണമായും മാറിയിട്ടില്ല. സീറ്റിങ് കപ്പാസിറ്റിക്ക് അനുയോജ്യമായ പെര്‍മിറ്റ് നല്‍കാന്‍ നിലവിലെ സംവിധാനത്തില്‍ വ്യവസ്ഥയില്ല. നാനോയില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് യാത്രചെയ്യാന്‍ കഴിയും. മൂന്ന് യാത്രക്കാരെ കൊണ്ടുപോകാനുള്ള ടാക്‌സി പെര്‍മിറ്റാണ് നാനോയ്ക്ക് കിട്ടേണ്ടത്. എന്നാല്‍ ഇത്തരം പെര്‍മിറ്റ് ഓട്ടോറിക്ഷയ്ക്കാണ് നല്‍കുന്നത്. അതുകൊണ്ട് ആറ് സീറ്റുള്ള വാഹനങ്ങള്‍ക്കുള്ള മോട്ടോര്‍ക്യാബ് പെര്‍മിറ്റാണ് നാനോയ്ക്ക് ഇപ്പോള്‍ നല്‍കുന്നത്. റോഡ് ടാക്‌സ് കൂടുതല്‍ നല്‍കേണ്ടിവരും. ഈ പോരായ്മ പരിഹരിച്ചാല്‍കൂടുതല്‍ നാനോകള്‍ ടാക്‌സിയായി നിരത്തിലെത്തിയേക്കും.
Print
SocialTwist Tell-a-Friend










Other stories in this section