TopGear1
ഡാസിയ ഡസ്റ്ററായപ്പോള്‍
Posted on: 14 Jul 2012
ബി. അജിത്‌രാജ്‌ടാറിന്റെയും മെറ്റലിന്റെയും ദാമ്പത്യം വേര്‍പിരിയാന്‍ മണ്‍സൂണിന്റെ ആദ്യവാരം മതി. പരിഭവമില്ലാതെയുള്ള വേര്‍പിരിയല്‍ കാലങ്ങളായി തുടരുന്നു. നടുവൊടിക്കുന്ന കുഴികള്‍ റോഡില്‍ തെളിയാന്‍ പിന്നെ കാത്തിരിക്കേണ്ട. ഏതെങ്കിലും റോഡുകള്‍ തകരാതെ അവശേഷിക്കുന്നുണ്ടെങ്കില്‍ കുത്തിപ്പൊളിക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ വേറെയുണ്ട്. പൈപ്പിടീലും ഓട നിര്‍മാണവുമൊക്കെ അനിശ്ചിതമായി നീളും. ഇതിലൂടെയുള്ള ഒരു ഞാണിന്മേല്‍ കളിയാണ് നമ്മുടെ ഡ്രൈവിങ്.

മുന്നും പിന്നും വശങ്ങളും മാത്രമല്ല നോക്കേണ്ടത്. റോഡിലെ കുഴിയുടെ ആഴവും അറിയണം. ഇല്ലെങ്കില്‍ കുടുങ്ങിയത് തന്നെ. എട്ടും പത്തും ലക്ഷം നല്‍കി വാങ്ങിയ പുത്തന്‍തലമുറ കാറുകള്‍ സര്‍വീസിന് ഷോറൂമിലെത്തുമ്പോഴാണ് ഉടമ കാണാത്ത തട്ടും മുട്ടും തെളിയുന്നത്. കാറിന്റെ അടിവശം മുഴുവന്‍ നാശമായിരിക്കും. ഡീസല്‍ കുടിക്കുന്ന ക്രിമിനലുകളെന്ന് കേന്ദ്രപരിസ്ഥിതി മന്ത്രിയുടെ ആക്ഷേപം കേള്‍പ്പിച്ചവരാണെങ്കിലും സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനങ്ങളെ (എസ്.യു.വി) ഇത്തരം സാഹചര്യങ്ങളില്‍ നമ്മള്‍ അറിയാതെ സ്‌നേഹിച്ചുപോകും.

സ്വന്തമാക്കാന്‍ ആഗ്രഹിക്കും.മാരുതിയും ടാറ്റയും കൈയടക്കിയിരുന്ന നമ്മുടെ റോഡുകളിലേക്ക് എത്തിയ വിദേശ വാഹനനിര്‍മാതാക്കളില്‍ ചിലര്‍ക്ക് തുടക്കത്തിലേ കാര്യം പിടികിട്ടി. ഇന്ധനക്ഷമതയോട് മാത്രമല്ല റോഡുകളോടും പടവെട്ടി മാത്രമേ ജയിക്കാന്‍ കഴിയുകയുള്ളൂ. 25 ലക്ഷത്തിനു മേല്‍ വില ആരംഭിച്ചിരുന്ന എസ്.യു.വി ശ്രേണിയില്‍ ഇതോടെ കുഞ്ഞന്‍മാരും അവതരിച്ചു. കോംപാക്ട് എസ്.യു.വി എന്നൊക്കെ വിളിക്കാറുണ്ടെങ്കിലും ഇവയില്‍ പലതും കരുത്തിന്റെയും സസ്‌പെന്‍ഷന്‍ മികവിന്റെയും കാര്യത്തില്‍ എസ്.യു.വി കളോട് കിടപിടിക്കും.

സവിശേഷതകള്‍സെഡാന്റെ ആഡംബരങ്ങളും എസ്.യു.വിയുടെ കരുത്തും മള്‍ട്ടിപര്‍പ്പസ് വാഹനത്തിന്റെ വിലയും. റിനോയുടെ ഡസ്റ്ററിനെ ഇങ്ങനെ വിശേഷിപ്പിക്കാം. ഒരു പ്രീമിയം കാറിന്റെ ആഡംബര സൗകര്യങ്ങളെല്ലാം ഡസ്റ്ററില്‍ ഉണ്ട്. 110 ബി.എച്ച്.പിയുടെ ഡീസല്‍ എന്‍ജിന്‍, കരുത്ത്, ഗാംഭീര്യമുള്ള രൂപം, ഒരു ലിറ്റര്‍ ഡീസലിന് 19.01 കിലോമീറ്റര്‍ എന്ന ആരെയും മോഹിപ്പിക്കുന്ന ഇന്ധനക്ഷമത. ഓണ്‍റോഡ് വില 12 ലക്ഷത്തില്‍ താഴെയും. നമ്മുടെ വാഹനവിപണിയില്‍ ഫ്രഞ്ച് കമ്പനിയായ റിനോയുടെ സാന്നിധ്യം ഡസ്റ്ററിലൂടെ ഉറയ്ക്കുകയാണ്.

475 ലിറ്ററിന്റെ ബൂട്ടാണ് ഡസ്റ്ററിന്റെ മറ്റൊരു സവിശേഷത. പിന്‍സീറ്റില്‍ നിന്നും പിറകിലെ വിന്‍ഡോയിലേക്കുള്ള അകലത്തില്‍ തന്നെ ഇതു വ്യക്തമാകും. ഒരു വാരാന്ത്യയാത്രയ്ക്കുള്ളതെല്ലാം ബൂട്ടിനുള്ളില്‍ സുഖമായി ഒതുങ്ങും. രണ്ടാംനിര സീറ്റുകള്‍കൂടി മറിച്ചിട്ടാല്‍ സ്ഥലം ഇരട്ടിയാകും. ഗ്ലാസ് ഡീഫോഗറും ഒതുങ്ങിയ വൈപ്പറും പിന്‍വശത്തെ മനോഹരമാക്കുന്നു. പാഴ്‌സല്‍ ട്രേ വലുതാണ്. ബൂട്ടിലെ സ്ഥലം കൂട്ടണമെങ്കില്‍ പാഴ്‌സല്‍ട്രേ ഇളക്കി മാറ്റാം.

അകക്കാഴ്ചകള്‍ഉയര്‍ന്ന പ്ലാറ്റ്‌ഫോമാണ് ഡസ്റ്ററിന്റേത്. പൊക്കം ഫീല്‍ചെയ്യുന്നുണ്ട്. മുന്‍ സീറ്റുകള്‍ക്ക് രാജകീയപദവി. ഉയരം ക്രമീകരിക്കാവുന്ന സീറ്റ് ബെല്‍റ്റുകളാണ്. ഡ്രൈവര്‍സീറ്റ് എട്ടുവിധത്തില്‍ ക്രമീകരിക്കാം. ഉയര്‍ത്താനും കഴിയും. പക്ഷേ ഓട്ടോമാറ്റിക്കല്ല. ഡ്രൈവര്‍ ഇറങ്ങിയശേഷം ഉയര്‍ത്തണം. മൂന്ന് സ്‌റ്റെപ്പുകളിലായി ഉയരം ക്രമീകരിക്കാം. ത്രീ സ്‌പോക്ക് സ്റ്റിയറിങ് വീലാണ്. ഓഡിയോ സ്വിച്ചുകളും സ്റ്റിയറിങ്ങിലേക്ക് എത്തിയിട്ടുണ്ട്.

ഇന്‍ഡിക്കേറ്റര്‍ സ്വിച്ചുകള്‍ സ്റ്റിയറിങ്ങിന്റെ ഇടതുവശത്താണ്.ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ റിയര്‍വ്യൂ മിററുകള്‍, ഉയരം ക്രമീകരിക്കാവുന്ന സ്റ്റിയറിങ്, ഇന്റഗ്രേറ്റഡ് ഓഡിയോ, പിന്‍യാത്രികര്‍ക്കുള്ള എ.സിക്ക് പ്രത്യേക നിയന്ത്രണ സംവിധാനം, പിന്‍സീറ്റിനടുത്ത് 12 വോള്‍ട്ട് സോക്കറ്റ് (ലാപ്‌ടോപ്പ് ചാര്‍ജ് ചെയ്യാം), മുന്നിലും പിന്നിലും റീഡിങ് ലാമ്പുകള്‍, കീലെസ് എന്‍ട്രി എന്നിവയെല്ലാം ഡസ്റ്ററിലുണ്ട്.കട്ടികൂടിയ പ്ലാസ്റ്റിക്കാണ് ഡാഷ്‌ബോര്‍ഡിനായി ഉപയോഗിച്ചിട്ടുള്ളത്. കണ്‍സോള്‍ അത്ര ആകര്‍ഷണമല്ലെങ്കിലും കുറ്റംപറയാന്‍ കഴിയില്ല. എ.സി വെന്റുകള്‍ വൃത്താകൃതിയിലാണ്. എ. പില്ലര്‍ കാഴ്ച തടസപ്പെടുത്തുന്നില്ല.

എന്‍ജിന്‍പെട്രോള്‍, ഡീസല്‍ മോഡലുകളിലായി എട്ടു മോഡലുകളാണ് ഡസ്റ്ററിനുള്ളത്. 1.6 ലിറ്ററിന്റെ പെട്രോള്‍ എന്‍ജിന്‍ 104 ബി.എച്ച്.പി കരുത്ത് നല്‍കും. ലിറ്ററിന് 13.24 കി.മീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.

തിരുവനന്തപുരത്തെ എക്‌സ് ഷോറൂം വില: ആര്‍.എക്‌സ്.ഇ 7,19,100. ആര്‍.എക്‌സ്.എല്‍ 8,19,000. ഡീസലില്‍ 110, 85 ബി.എച്ച്.പിയുടെ രണ്ട് വകഭേദങ്ങളുണ്ട്. എക്‌സ് ഷോറൂം വില (85 ബി.എച്ച്.പി) ആര്‍.എക്‌സ്.ഇ 7,99,000. ആര്‍.എക്‌സ്.എല്‍ 8,99,000 ആര്‍.എക്‌സ്.എല്‍ (ഓപ്ഷന്‍) 9,99,150. എക്‌സ് ഷോറൂം വില (110 ബി.എച്ച്.പി) ആര്‍.എക്‌സ്.എല്‍ 9,999,150. ആര്‍.എക്‌സ്. ഇസഡ് 11,00,039. ആര്‍.എക്‌സ്.ഇസഡ് (ഓപ്ഷന്‍) 11,30,306. (ഓപ്ഷന്‍ പാക്കില്‍ എ.ബി.എസ്, ഇ.ബി.ഡി, എയര്‍ബാഗുകള്‍ എന്നിവയാണുള്ളത്.)

സുരക്ഷ


മോണോകോക്ക് ബോഡിയിലാണ് ഡസ്റ്ററിന്റെ രൂപം ഒരുക്കിയിട്ടുള്ളത്. ഇരട്ട എയര്‍ ബാഗുകള്‍, ആന്റിലോക്ക് ബ്രേക്ക് സിസ്റ്റം, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍, എന്‍ജിന്‍ ഇമ്മൊബലൈസര്‍ എന്നിവ യാത്രികര്‍ക്ക് സുരക്ഷിതമേകുന്നു.

ഡ്രൈവ്ഡ്രൈവിങ്ങിനെ ഇഷ്ടപ്പെടുന്നവര്‍ക്കുള്ള വാഹനമാണ് ഡസ്റ്റര്‍. നമ്മുടെ നിരത്തിലെ കുണ്ടും കുഴിയുമൊന്നും ഡസ്റ്ററിനെ ബാധിക്കില്ല. കരുത്തുള്ള സസ്‌പെന്‍ഷനാണ്. മോശം റോഡില്‍ പോലും അത്യാവശ്യം വേഗതയില്‍ നീങ്ങാം. കോവളത്തേയ്ക്ക് യാത്ര തുടങ്ങി ഏറെക്കഴിയും മുമ്പേ ഇക്കാര്യം മനസിലായി. റോഡ് ഷോള്‍ഡറിലെ കുഴികള്‍ അലോസരമാകുന്നില്ല.

പിന്‍വശത്തെ പവര്‍ വിന്‍ഡോ സ്വിച്ചുകള്‍ അലോസരമുണ്ടാക്കുന്നുണ്ട്. ഹാന്‍ഡ് റെസ്റ്റില്‍ കൈമുട്ട് വയ്ക്കുന്ന ഭാഗത്താണ് സ്വിച്ചുകളുള്ളത്. കൈവയ്ക്കുമ്പോള്‍ പവര്‍ഗ്ലാസുകള്‍ താഴാനിടയുണ്ട്. വിരല്‍തുമ്പില്‍ വരുന്ന വിധത്തില്‍ സ്വിച്ചുകള്‍ ക്രമീകരിക്കാമായിരുന്നു. പിന്നിലെ എ.സി വെന്റും അസൗകര്യമുണ്ടാക്കുന്നു. പിന്‍ സീറ്റില്‍ മൂന്നുപേരുണ്ടെങ്കില്‍ എ.സി വെന്റില്‍ കാല്‍തട്ടും. ഉയര്‍ന്ന മോഡലില്‍ മാത്രമാണ് ഈ പ്രത്യേക യൂണിറ്റ് ഉള്ളത്. കോലിയോസിന്റെ മാതൃകയില്‍ ബി.പില്ലറില്‍ എ.സി വെന്റ് സ്ഥാപിച്ചിരുന്നെങ്കില്‍ അസൗകര്യം ഒഴിവാക്കാമായിരുന്നു. പിന്‍വശത്തെ ഡോര്‍ അടയുന്ന ശബ്ദം അലോസരമുണ്ടാക്കുന്നുണ്ട്. 4 ത 4 ഡ്രൈവില്ല എന്നതിനോടും പൊരുത്തപ്പെടണം.

ചുരുക്കത്തില്‍...


വില, മൈലേജ്, സ്‌പോര്‍ട്ടി പെര്‍ഫോമന്‍സ് എന്നിവ പരിഗണിക്കുമ്പോള്‍ ഡസ്റ്റര്‍ മെച്ചപ്പെട്ട വാഹനമാണ്. മുടക്കുന്ന രൂപയ്ക്കുള്ള മൂല്യം നല്‍കാന്‍ റിനോയ്ക്ക് കഴിയുന്നു. സ്‌പോര്‍ട്ട് യൂട്ടിലിറ്റി വിഭാഗത്തിലേക്കുള്ള എന്‍ട്രി ലെവല്‍ വാഹനമാണ് ഡസ്റ്റര്‍. പ്രീമിയം കാറിന്റെ യാത്രാസുഖവും എസ്.യു.വിയുടെ സുരക്ഷിതത്വവും ലഭിക്കുന്നുണ്ട്. മാരുതി ഏര്‍ട്ടിഗ, ടൊയോട്ട ഇന്നോവ, ഷെവര്‍ലേ ടവേറ, മഹേന്ദ്ര സ്‌കോര്‍പ്പിയോ, മഹേന്ദ്ര എക്‌സ്.യു.വി ഫൈവ് ഡബിള്‍ ഒഎന്നിവയുടെ ശ്രേണിയില്‍ റിനോയുടെ ശക്തമായ സ്വാധീനം ഡസ്റ്റര്‍ ഉറപ്പിക്കും.


ടെസ്റ്റ് ഡ്രൈവ് : ആര്‍.ഐ.പി.എല്‍, തിരുവനന്തപുരം

Print
SocialTwist Tell-a-Friend
Other stories in this section