TopGear1
കാറ്റായി എ ഫോര്‍
Posted on: 10 Jul 2012
സന്ദീപ് സുധാകര്‍പുതിയ എഫോറില്‍ കൊച്ചി നഗരത്തിലൂടെ കുതിക്കുമ്പോള്‍ മ്യൂസിക്ക് പ്ലയറില്‍ നിന്ന് ഒഴുകിയെത്തുന്നത് ജര്‍മന്‍ റോക്ക്ബാന്‍ഡായ സ്‌കോര്‍പ്പിയോണ്‍സിന്റെ പാട്ട് 'വിന്‍ഡ് ഓഫ് ചേഞ്ച്'. ഔഡി എഫോറിന്റെ ഡിസൈനില്‍ ഏറ്റവുമധികം പ്രകടമായത് മാറ്റങ്ങള്‍ തന്നെയും. മാറ്റത്തിന്റെ കാറ്റായി ഈ ആഢംബര കാര്‍ നഗര വീഥികളിലൂടെ കുതിച്ചു. യാത്ര പുരോഗമിക്കവെ ഒരോ സിഗ്നലിലും കാര്‍ പ്രേമികളുടെ കണ്ണുകള്‍ ഏഫോറിലേക്ക് നീണ്ടു. ഒരു വളവ് തരിഞ്ഞ് ഒതുക്കി നിര്‍ത്തിയ ശേഷം പുറത്തിറങ്ങിയപ്പോള്‍ പഴയ എഫോറാണ് മനസിലെത്തിയത്.

പഴയ എഫോറുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ മോഡലിന്റെ എല്ലാ ഫീച്ചറുകളിലും ഒരു സ്ലീക്ക് ടച്ച് നല്‍കാന്‍ ഔഡിയുടെ ഡിസൈനിങ് എന്‍ജിനിയര്‍മാര്‍ക്ക് സാധിച്ചിരിക്കുന്നു. ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത് ഹെഡ്‌ലാമ്പുകളില്‍ തന്നെയാണ്. ടെയില്‍ ലാമ്പുകളിലും പിന്നിലെ ബമ്പറിലും മാറ്റങ്ങള്‍ പ്രകടം. എ6 കാറുകളുടെ ഫീച്ചറുകള്‍ അവിടവിടെ മിന്നിമറയുന്നു. അതേസമയം, ഇന്റീരിയര്‍ ഡിസൈന് അപ്പാടെ അഴിച്ചുപണിയാന്‍ കമ്പനി തയ്യാറായിട്ടില്ല. അതേസമയം ഡീസൈന്‍ മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് പറയാതെ വയ്യ. ക്യൂ 3 കാറുകളിലേതിനെ അനുസ്മരിപ്പിക്കുന്ന സ്റ്റിയറിങ്ങാണ് എഫോറില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നത്. അതേസമയം, ഗിയര്‍ ലിവര്‍ മാറിയിട്ടുണ്ട്. ഡോര്‍ മിററുകളും ചെറുതാണ്.
എ4ന്റെ ക്യാബിന്‍ ഈ ശ്രേണിയിലെ മറ്റേതൊരു വമ്പന്‍ മോഡലിനെയും വെല്ലാന്‍ പോന്നതാണെന്നതില്‍ തര്‍ക്കമില്ല. 3 തരം എന്‍ജിനുകള്‍ പുതിയ മോഡലില്‍ ലഭ്യമാണ്. 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനും 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനും 1.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും കരുത്ത് പകരുന്ന മോഡലുകളാണ് ലഭ്യമായിട്ടുള്ളത്. എന്‍ജിനില്‍ വരുത്തിയ നവീകരണം എ4ന്റെ പെര്‍ഫോമന്‍സ് ഉയര്‍ത്തിയിട്ടുണ്ട്. ഇതോടൊപ്പം പരിസ്ഥിതി മലിനീകരണം കുറക്കാനും കഴിയുമെന്നതാണ് കമ്പനി നല്‍കുന്ന വാഗ്ധാനം. ഇലക്ട്രിക്ക് ടര്‍ബോ ചാര്‍ജര്‍ എന്‍ജിന്റെ പ്രതികരണം ഉയര്‍ത്താന്‍ പര്യാപ്തമാണ്. കൂടാതെ എ4ല്‍ ഉപയോഗിച്ചിരിക്കുന്ന പിറ്റ്‌ട്രോണിക്ക് ഗിയര്‍ ബോക്‌സ് അവശ്യനേരത്ത് മാന്വല്‍ ട്രാന്‍സ്മിഷനും ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനും ഇഷ്ടാനുസരണം തിരഞ്ഞെടുക്കാന്‍ അവസരം തരുന്നു. കൂടാതെ സ്‌പോര്‍ട്ട്‌സ് മോഡിലേക്ക് ഗിയര്‍ ഷിഫ്റ്റ് ചെയ്താല്‍ കൂടുതല്‍ ടോര്‍ക്ക് ലഭിക്കും. തിരക്കൊഴിഞ്ഞ പാതകളിലുള്ള ദൂരയാത്രയില്‍ ഇത് വലിയൊരളവോളം സഹായകമാവുന്നു.

1400 ആര്‍പിഎം മുതല്‍ 3700 ആര്‍.പി.എം വരെ എ4ന്റെ പെട്രോള്‍ എന്‍ജിന്‍ നല്‍കുന്ന പവര്‍ 168 ബി.എച്ച്.പിയാണ്. കുടാതെ 32.6 കെ.ജി.എം ടോര്‍ക്കും ഈ എന്‍ജിന്‍ നല്‍കുന്നു. എയ്റ്റ് സറ്റെപ്പ് വേരിയബിള്‍ ട്രാന്‍സ്മിഷന്‍ ഫ്രണ് വീലുകളിലേക്ക് കൂടുതല്‍ ശക്തി നല്‍കാന്‍ സഹായിക്കുന്നുണ്ട്. ക്ലീസ്ലോട്ടില്‍ കീയമര്‍ന്ന് കാര്‍ മുന്നോട്ട് കുതിക്കുമ്പോള്‍ തന്നെ ഈ എന്‍ജിന്‍ നല്‍കുന്ന പെര്‍ഫോമന്‍സ് മനസിലാവും. വളരെ നിശബ്ദമായാണ് എഫോര്‍ ഒഴുകി നീങ്ങുന്നത്. തുടക്കത്തില്‍ തന്നെ വലിയ പുള്ളിങ് അനുഭവപ്പടുന്നില്ലെങ്കിലും 2,000 ആര്‍.പി.എം കടക്കുമ്പോള്‍ എ4 വിശ്വരൂപം കാട്ടി തുടങ്ങി. ഇത് ഈ എന്‍ജിന്റെ പ്രത്യേകത തന്നെയാണ്. പക്ഷെ തിരക്കേറിയ ട്രാഫിക്കില്‍ പുള്ളിങ്ങിലെ ഈ അനിശ്ചിതത്വം അല്‍പ്പം ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് പറയാതെ വയ്യ.ഇലക്ട്രിക്ക് അസിസ്റ്റന്‍സുകള്ള സ്റ്റീയറിങ്ങ് കാര്‍ പാര്‍ക്ക് ചെയ്യുമ്പോഴും ദ്രുത ഗതിയില്‍ വളവുകള്‍ വളയ്‌ക്കേണ്ടി വരുമ്പോഴും വളരെ സൗകര്യപ്രധമാണ്. ഫീച്ചറുകളെല്ലാം സ്ലിം ആയി ഡിസൈന്‍ ചെയ്തതിന് പിന്നില്‍ മൈലേജ് മെച്ചപ്പെടുത്തുക എന്ന ഒരു ലക്ഷ്യം കൂടിയുണ്ട്. എ4ന്റെ പെട്രോള്‍ മോഡല്‍ ലിറ്ററിന് 12 മുതല്‍ 14 കിലോമീറ്റര്‍ വരെ മൈലേജാണ് വാഗ്ധാനം ചെയ്യുന്നത്. എന്നതായാലും നഗര യാത്രകളില്‍ 8.5 കിലോമീറ്ററും സാധാരണ യാത്രകളില്‍ 12.5 കിലോമീറ്ററും ലഭിക്കുമെന്ന് ഉറച്ചു വിശ്വസിക്കാം. ഔഡി എഫോര്‍ ഡീസല്‍ മോഡലിന് 16-17 കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ധാനം ചെയ്യുന്നത്. ഔഡ് എഫോറിന്റെ ഡീസല്‍ മോഡലിന് 30.5 ലക്ഷം രുപയ്ക്കും 34.75 ലക്ഷം രൂപയ്ക്കുമിടയിലാണ് വില. പെട്രോള്‍ മോഡലിന് 28.5 ലക്ഷം രൂപയ്ക്കും 32.5 ലക്ഷം രൂപയ്ക്കുമിടയിലും.
Print
SocialTwist Tell-a-Friend
Other stories in this section