പോര്‍ഷെയും ഫോക്‌സ്‌വാഗണിന് സ്വന്തം
Posted on: 06 Jul 2012
ജര്‍മ്മനി: ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷെയുടെ മുഴുവന്‍ ഓഹരികളും ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ സ്വന്തമാക്കുന്നു. ഫോക്‌സ്‌വാഗണിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഓഡി, ബുഗാട്ടി, ബെന്‍ലി, സ്‌കോഡ, സീയറ്റ് എന്നിവ ഉള്‍പ്പെട്ട പട്ടികയില്‍ ഇനിപോര്‍ഷെയും ഇടംനേടും. ഓഹരി പങ്കാളിത്തമുള്ള സ്‌കാനിയയെ ഫോക്‌സ്‌വാഗണ്‍ ഇനിയും പൂര്‍ണ്ണമായും സ്വന്തമാക്കിയിട്ടില്ല. ലോകത്തെ കാര്‍ നിര്‍മ്മാതാക്കള്‍ക്കിടയില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കാന്‍ ഏറ്റെടുക്കല്‍ ഫോക്‌സ്‌വാഗണിനെ സഹായിക്കുമെന്ന് നിരീക്ഷകര്‍ കരുതുന്നു.
ജര്‍മ്മനിയിലെ പ്രമുഖരായ രണ്ട് വാഹന നിര്‍മ്മാതാക്കളും 2008 മുതല്‍തന്നെ പരസ്പരം ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. ഫോക്‌സ്‌വാഗണിനെ ഏറ്റെടുക്കാന്‍ പോര്‍ഷെ നടത്തിയ ശ്രമങ്ങള്‍ വിജയംകണ്ടില്ല. തൊട്ടുപിന്നാലെ പോര്‍ഷെയുടെ 49.9 ശതമാനം ഓഹരികള്‍ ഫെക്‌സ്‌വാഗണ്‍ വാങ്ങി. അവശേഷിച്ച 51 ശതമാനം ഓഹരികള്‍കൂടി ഉടന്‍വാങ്ങുമെന്ന പ്രഖ്യാപനമാണ് ഫോക്‌സ്‌വാഗണ്‍ കഴിഞ്ഞ ദിവസം നടത്തിയത്. 3.6 ബില്യണ്‍ പൗണ്ടിനാണ് ഓഹരികള്‍ വാങ്ങുന്നത്.
ലോകത്തെ കാര്‍ നിര്‍മ്മാതാക്കളില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ള ടൊയോട്ടയെയും (ജപ്പാന്‍) ജനറല്‍ മോട്ടോഴ്‌സിനെയും (അമേരിക്ക) പിന്തള്ളി 2018 ഓടെ ഒന്നാം സ്ഥാനത്ത് എത്തണമെന്നാണ് ഫോക്‌സ്‌വാഗണ്‍ ലക്ഷ്യമിടുന്നത്. ഈലക്ഷ്യം മുന്നില്‍ക്കണ്ടാണ് പോര്‍ഷെയെ ഏറ്റെടുക്കുന്നതും. 2014 ല്‍ വിപണിയിലെത്തുന്ന പോര്‍ഷെയുടെ കോംപാക്ട് എസ്.യു.വി അടക്കമുള്ളവ ഇരുവരും സംയുക്തമായാവും വികസിപ്പിക്കുക. വിവിധ പോര്‍ഷെ മോഡലുകള്‍ വൈകാതെ ഫെക്‌സ്‌വാഗണ്‍ പ്ലാന്റില്‍ അസംബിള്‍ ചെയ്തു തുടങ്ങും.