സാഹസിക യാത്രകള്‍ക്ക് റെനോ ഡസ്റ്റര്‍
Posted on: 04 Jul 2012
ന്യൂഡല്‍ഹി: മിഡ്‌സൈസ് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമായ (എസ്.യു.വി) ഡസ്റ്റര്‍ ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ ഇന്ത്യയില്‍ അവതരിപ്പിച്ചു. 7.19 ലക്ഷം മുതല്‍ 11.29 ലക്ഷം വരെയാണ് വിവിധ വേരിയന്റുകളുടെ ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂംവില. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളുമായി ഡസ്റ്റര്‍ വിപണിയിലെത്തും.
1.6 ലിറ്റര്‍ എന്‍ജിനാണ് പെട്രോള്‍ ഡസ്റ്ററിന് കരുത്ത് പകരുന്നത്. 7.19 ലക്ഷം മുതല്‍ 8.19 ലക്ഷം വരെയാണ് പെട്രോള്‍ വേരിയന്റുകളുടെ വില. 1.5 ലിറ്റര്‍ എന്‍ജിന്‍ കരുത്ത് പകരുന്ന ഡീസല്‍ വേരിയന്റിന് 7.99 ലക്ഷം മുതല്‍ 11.29 ലക്ഷംവരെ വിലവരും.
റെനോ ഇന്ത്യയില്‍ ഇറക്കുമെന്ന പ്രഖ്യാപിച്ചിട്ടുള്ള അഞ്ച് വാഹനങ്ങളില്‍ ഒന്നാമത്തേതാണ് ഡസ്റ്റര്‍. മഹീന്ദ്രാ സ്‌കോര്‍പിയോ, ടാറ്റാ സഫാരി എന്നിവയോടാവും വിപണിയില്‍ ഡസ്റ്റര്‍ മത്സരിക്കുക. ലോക വിപണിയിലേക്കുള്ള റൈറ്റ്ഹാന്‍ഡ് ഡസ്റ്ററുകള്‍ മുഴുവന്‍ നിര്‍മ്മിക്കുക ചെന്നൈയിലെ പ്ലാന്റില്‍ മാത്രമായിരിക്കുമെന്ന് റെനോ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ മാര്‍ക്ക് നാസിഫ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ചെന്നൈയില്‍ നിര്‍മ്മിക്കുന്ന ഡസ്റ്ററുകള്‍ യു.കെ അടക്കമുള്ള വിപണികളിലേക്ക് വൈകാതെ കയറ്റുമതി ചെയ്തു തുടങ്ങുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.