TopGear1
TopGear2
TopGear3
നിയമലംഘനം: പിഴ പോസ്റ്റോഫീസില്‍ അടയ്ക്കാം
Posted on: 04 Jul 2012

തിരുവനന്തപുരം: മോട്ടോര്‍വാഹനനിയമം ലംഘിച്ചാല്‍ ഇനി പിഴ പോസ്റ്റ് ഓഫീസ് മുഖേന അടയ്ക്കാം. പെറ്റിക്കേസുകളുടെ പിഴയടയ്ക്കുന്നതിന്റെ പേരില്‍ ജനത്തിന് ഒരു ദിവസം നഷ്ടപ്പെടുത്തേണ്ടി വരുന്ന അവസ്ഥയ്ക്ക് ഇതോടെ മാറ്റം വരികയാണ്. രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസിലും പിഴയടയ്ക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. തിങ്കളാഴ്ച പോലീസ് ആസ്ഥാനം ഐ.ജി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത പോലീസുദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതിന് അന്തിമരൂപമായത്.

പിഴയടയ്ക്കാനുള്ള ഇ-ചെലാന്‍ നല്‍കിക്കഴിഞ്ഞാല്‍ 15 ദിവസത്തിനുള്ളില്‍ പണം പോസ്റ്റോഫീസില്‍ അടയ്ക്കണം. പിന്നീട് പോലീസ് സ്റ്റേഷനുമായി ഇവര്‍ക്ക് ബന്ധപ്പെടേണ്ടതില്ല. ഇപ്പോള്‍ പിഴയടയ്ക്കാനുള്ള രസീത് കൈപ്പറ്റിയാലും പോലീസ് സ്റ്റേഷനില്‍ പോകേണ്ട അവസ്ഥയാണുള്ളത്. ഏതു പോസ്റ്റ്ഓഫീസില്‍ വേണമെങ്കിലും അടയ്ക്കാവുന്ന രീതിയിലാണ് സോഫ്റ്റ് വേര്‍ സജ്ജമാക്കുന്നതെന്ന് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഐ.ജി. മനോജ് എബ്രഹാം പറഞ്ഞു.ഗതാഗത നിയമലംഘനം നടത്തുന്നവര്‍ക്ക് പരിശോധനാ സംഘം പിഴ ചുമത്തുമ്പോള്‍ ഒപ്പം ചെലാന്‍ നല്‍കാറുണ്ട്. പിഴയടയ്ക്കാന്‍ കൈവശം പണമില്ലാത്തവര്‍ക്ക് പിന്നീട് അടയ്ക്കാനാണ് ഈ സൗകര്യം. ഇ-ചെലാനിലൂടെ ബാങ്ക് കൗണ്ടറില്‍ പിഴയടയ്ക്കാനുമിപ്പോള്‍ സംവിധാനമുണ്ട്. എന്നാല്‍ പോസ്റ്റ്ഓഫീസ് മുഖേന ഇതു വരുമ്പോള്‍ കൂടുതല്‍ ജനകീയമാകും.

ക്യാമറകള്‍ സജ്ജീകരിച്ച തലസ്ഥാനനഗരത്തില്‍ വാഹനഗതാഗത നിയമലംഘനക്കേസുകള്‍ നിരവധിയുണ്ടാകുന്ന പശ്ചാത്തലത്തിലാണ് പോസ്റ്റ്ഓഫീസ് മുഖേന പിഴയീടാക്കല്‍ സജ്ജമാക്കിയിരിക്കുന്നത്. ഇപ്പോള്‍ 'ക്യാമറാക്കേസു'കളില്‍ പെടുന്നവര്‍ക്കും പോസ്റ്റല്‍ മുഖേനയാണ് പിഴ വീട്ടിലെത്തുന്നത്. എന്നാല്‍ പിഴയടയ്ക്കണമെങ്കില്‍ ഇവര്‍ക്ക് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ട സ്ഥിതിയാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും മറ്റും ഇവിടെയെത്തി നിയമലംഘനം നടത്തുന്നവര്‍ക്ക് ഇനി ഈ ബുദ്ധിമുട്ട് ഒഴിവാക്കാം. ഉദാഹരണമായി പത്തനംതിട്ട സ്വദേശി തലസ്ഥാനത്തെത്തി വാഹനനിയമം ലംഘിച്ചാല്‍ പിഴയടയ്ക്കാനുള്ള അറിയിപ്പ് ചെലാന്‍ സഹിതം വീട്ടിലെത്തും. സമീപത്തുള്ള പോസ്റ്റ്ഓഫീസില്‍ ഇവര്‍ക്ക് പിഴയടച്ചാല്‍ മതിയാകും.

തമിഴ്‌നാട്ടില്‍ നിന്നും മറ്റും ഇവിടെയെത്തുന്നവരുടെ സ്ഥിതിയും ഇതാണ്. പിഴയടയ്ക്കാതിരുന്നാല്‍ പിന്നീടിവിടെ വരുമ്പോള്‍ മാത്രം വാഹനംപിടിയ്ക്കാന്‍ കഴിയുന്ന അവസ്ഥയാണിപ്പോള്‍. പലപ്പോഴും അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന വാഹനങ്ങള്‍ നിയമം ലംഘിക്കുന്നുണ്ടെങ്കിലും അവരില്‍ നിന്ന് പിഴയീടാക്കാന്‍ കഴിയാറില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പലരും കൈവശം പണമില്ലെന്നു പറഞ്ഞാണ് രക്ഷപ്പെടുന്നത്. ആദ്യഘട്ടത്തില്‍ മോട്ടോര്‍ വാഹന പെറ്റിക്കേസുകള്‍ മാത്രമാണ് പോസ്റ്റ്ഓഫീസ് മുഖേന കൈകാര്യം ചെയ്യുക. രണ്ടാംഘട്ടം മുതല്‍ മൈക്ക് ഓര്‍ഡര്‍ ഉള്‍പ്പെടെയുള്ളവ പോസ്റ്റ്ഓഫീസ് മുഖേനയാക്കാനും തീരുമാനമുണ്ട്. പണമടയ്‌ക്കേണ്ടതും ഇവിടെത്തന്നെ. ഇതിനായുള്ള സോഫ്റ്റ് വേറുകള്‍ സജ്ജമാക്കുകയാണ് പോലീസ്.
Print
SocialTwist Tell-a-Friend










Other stories in this section