TopGear1
TopGear2
ബീമറും ടൊയോട്ടയും കൈകോര്‍ക്കുന്നു, സ്‌പോര്‍ട്‌സ് കാറിനുവേണ്ടി
Posted on: 29 Jun 2012



മ്യുണിക്: കാര്‍ നിര്‍മ്മാണ രംഗത്തെ അതികായന്മാരായ ജര്‍മനിയിലെ ബി.എം.ഡബ്ല്യൂവും ജപ്പാനിലെ ടൊയോട്ടയും സംയുക്തമായി സ്‌പോര്‍ട്‌സ് കാര്‍ വികസിപ്പിക്കാനൊരുങ്ങുന്നു. ഫ്യുവല്‍സെല്‍ സാങ്കേതികവിദ്യ അടക്കമുള്ള മേഖലകളിലും ഇരുസ്ഥാപനങ്ങളും യോജിച്ച് പ്രവര്‍ത്തിക്കും. സാങ്കേതിക സഹകരണം സംബന്ധിച്ച കരാറില്‍ ബി.എം.ഡബ്ല്യൂ സി.ഇ.ഒ നോബര്‍ട്ട് റെയ്‌ത്തോഫറും ടൊയോട്ട പ്രസിഡന്റ് അകിയോ ടൊയോഡയും ഒപ്പുവച്ചു.

പരിസ്ഥിതി സൗഹൃദ ഹൈബ്രിഡ് കാറുകള്‍ വികസിപ്പിക്കുന്നതിലും ഫ്യുവല്‍ സെല്‍ സാങ്കേതികവിദ്യയിലും ശക്തമായ അടിത്തറയാണ് ടൊയോട്ടയ്ക്ക് ഉള്ളത്. സ്‌പോര്‍ട്‌സ് കാറുകളുടെ രൂപകല്‍പ്പനയിലാണ് ബി.എം.ഡബ്ല്യൂവിന് പ്രാഗത്ഭ്യം. കൂട്ടുകെട്ടിലൂടെ ഒരു മികച്ച സ്‌പോര്‍ട്‌സ് കാര്‍ വികസിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇരുനിര്‍മ്മാതാക്കളും. ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് ഫ്യുവല്‍ സെല്‍. മലിനീകരണം തീരെയില്ല എന്നതും കുറഞ്ഞ ചിലവുമാണ് ഇതിന്റെ ആകര്‍ഷണം.



വൈദ്യുത കാറുകളില്‍ ഉപയോഗിക്കുന്ന ലിഥിയം അയണ്‍ ബാറ്ററികളും ഡീസല്‍ എന്‍ജിനുകളും കൈമാറുന്നത് സംബന്ധിച്ച കരാറില്‍ ബി.എം.ഡബ്ല്യൂവും ടൊയോട്ടയും മാര്‍ച്ചില്‍ ഒപ്പുവച്ചിരുന്നു. 2014 മുതല്‍ ബാറ്ററികളും എന്‍ജിനുകളും ഇരുവരും കൈമാറും. ഫ്യുവല്‍സെല്‍ സംവിധാനം, ഭാരംകുറഞ്ഞ വാഹന ഘടകങ്ങളുടെ നിര്‍മ്മാണം, സ്‌പോര്‍ട്‌സ് കാറിന്റെ ഭാഗങ്ങളുടെ നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനാണ് ഇരുവരുടെയും തീരുമാനം.



'ബി.എം.ഡബ്ലിയുവും ടൊയോട്ടയും ചെയ്യുന്നതെല്ലാം ഏറ്റവും നന്നായി ചെയ്യാന്‍ ശ്രമിക്കുന്നവരാണ്', നോര്‍ബര്‍ട്ട് റെയ്‌ത്തോഫര്‍ പ്രസ്താവനയില്‍ പറഞ്ഞു. 'രണ്ട് കമ്പനികളും തമ്മില്‍ തുടരുന്ന സഹകരണം വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. ആഡംബര കാര്‍ വിപണിയിലെ ഓഡിയുമായുള്ള മത്സരത്തില്‍ പിടിച്ചുനില്‍ക്കാനാണ് ബി.എം.ഡബ്ല്യൂ ടൊയോട്ടയുമായി കൈകോര്‍ക്കുന്നത്. മെഴ്‌സഡീസ് ബെന്‍സിനുവേണ്ടി ഉടമകളായ ഡെയിംലര്‍ നേരത്തെതന്നെ റെനോ - നിസാനുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ബി.എം.ഡബ്ല്യൂ, മെഴ്‌സഡീസ് ബെന്‍സ്, ഓഡി എന്നിവര്‍ക്കാണ് ലോകത്തെ ആഡംബര കാര്‍ വിപണിയിലെ ആദ്യമൂന്ന് സ്ഥാനങ്ങള്‍.
Print
SocialTwist Tell-a-Friend




Other stories in this section