ആഡംബരവാഹനങ്ങള്‍ പോലും എളുപ്പം അടിച്ചെടുക്കുന്ന കാലം. വാഹനമോഷ്ടാക്കളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ വാഹന ഉടമകള്‍ ഭയത്തിലുമാണ്. ഇതിന് പരിഹാരമെന്നോണമാണ് നെയ്യാറ്റിന്‍കര പാലിയോട് പി.ആര്‍.എസ്. കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ പുത്തന്‍ കണ്ടെത്തലുമായി രംഗത്തുവന്നിരിക്കുന്നത്. 'കാര്‍ സെക്യൂരിറ്റി യൂസിങ് മൊബൈല്‍ ഫോണ്‍' സംവിധാനമാണ് ഇവര്‍ വികസിപ്പിച്ചെടുത്തത്.
ഉടമസ്ഥന്റെ അറിവില്ലാതെ വാഹനം ആരെങ്കിലും ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനത്തെ നിയന്ത്രിക്കാനാവുന്നതാണ് ഈ സംവിധാനം. അപരിചിതനായ ഒരു വ്യക്തി ഉടമസ്ഥന്റെ വാഹനം ഉപയോഗിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ അയാളുടെ ശരീരോഷ്മാവ് സെന്‍സ് ചെയ്ത് നമ്മുടെ ഫോണിലേക്ക് സന്ദേശം നല്‍കുന്നു. അങ്ങനെ ഉടമസ്ഥന് വാഹനത്തിന്റെ എന്‍ജിന്‍ ഓഫ് ചെയ്യാനും ഓണ്‍ ചെയ്യാനും ഹെഡ്‌ലൈറ്റ്, ഹോണ്‍ എന്നിവ നിയന്ത്രിക്കാനും സാധിക്കുന്നു. ഇതുവഴി വാഹനത്തിന്റെ സുരക്ഷിതത്വം ഉടമസ്ഥന് ഉറപ്പുവരുത്താം.
പാലിയോട് പി.ആര്‍.എസ്. കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ആറാം സെമസ്റ്റര്‍ വിദ്യാര്‍ഥികളായ അനീഷ് എം, ദീപു ബി.എസ്, ദിനു ടി.എസ്, ശ്രീനാഥ് എസ്.എസ്. എന്നിവര്‍ കോളേജിലെ അധ്യാപകരായ ഗിരീശന്‍ എ.ജി, വി.ജെ. ബൈസില്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.