TopGear1
കൊറിയന്‍ വിജയഗാഥ
Posted on: 28 Jun 2012
വിത്സണ്‍ വര്‍ഗീസ്‌90കളുടെ തുടക്കത്തില്‍ ഇന്ത്യ അതിന്റെ മാര്‍ക്കറ്റ് ആഗോള ബ്രാന്‍ഡുകള്‍ക്കായി തുറന്നുകൊടുത്തപ്പോള്‍ വാഹന വിപണിയിലേക്കും വിദേശ വ്യവസായികള്‍ ഓടിയെത്തി. അേന്നാളം അംബാസഡര്‍ നിറഞ്ഞോടിയ ഇന്ത്യന്‍ റോഡുകളിലേക്ക് ആദ്യമെത്തിയത് സീലോ ആയിരുന്നു. പക്ഷേ, 'ദേവു'വിന് കൈ പൊള്ളിയപ്പോള്‍ ഒന്നു മടിച്ച വിദേശ നിര്‍മ്മാതാക്കള്‍ മാരുതിയുടെ മുന്നേറ്റം അനുകരിക്കാന്‍ ചെറുകാര്‍ വിപണിയിലേക്കായി പിന്നീട് നോട്ടം.

രണ്ട് വിദേശ ബ്രാന്‍ഡുകളാണ് ഈ രംഗത്ത് ഭാഗ്യപരീക്ഷണത്തിന് മുതിര്‍ന്നത്. മാറ്റിസും, ഹ്യുണ്ടായിയും. ടാറ്റയുടെ ഇന്‍ഡിക്കയും ഒപ്പം ചേര്‍ന്നു. 90 കളുടെ രണ്ടാം പകുതിയില്‍ പുറത്തിറങ്ങിയ ഇതില്‍ മാറ്റിസിന് വലിയ ആയുസ്സുണ്ടായില്ല. ഇന്‍ഡിക്ക ക്ലച്ച് പിടിക്കാന്‍ ടാറ്റക്ക് പെടാപ്പാട് വേണ്ടി വന്നു. പക്ഷേ മൂന്നാമന്‍ ഓടി തകര്‍ത്തു. കണ്ടാല്‍ അയ്യേ എന്ന്പറഞ്ഞു പോകുന്ന മുഖമുള്ള തുടക്കക്കാരന്‍ ഒട്ടും പ്രസിദ്ധമല്ലാത്ത ബ്രാന്‍ഡ് നെയിമില്‍ ഇന്ത്യന്‍ നിരത്തില്‍ ഓടിതിമിര്‍ത്തു. വന്‍ താരജാഡയോ, അതി സാങ്കേതികതയുടെ അഹങ്കാരമോ ഇല്ലാതെ ഇന്ത്യയിലേക്ക് ഓടിയെത്തിയ ഈ കൊറിയന്‍ ബ്രാന്‍ഡ് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അനവധി മോഡലുകളുമായി ഇവിടെ നിറഞ്ഞു നില്‍ക്കുന്നു.

സാധാരണക്കാരായിരുന്നു ഹ്യുണ്ടായിയുടെ ആരാധകര്‍. അന്നും ഇന്നും വന്‍ബ്രാന്‍ഡുകള്‍ കൊടി കുത്തിവാഴുന്ന ആഗോള വാഹന വിപണിയുടെ ഓരം ചേര്‍ന്ന് നിശ്ശബ്ദമായി പോകുന്ന ഈ കൊറിയന്‍ കമ്പനി ഇന്ന് ആഗോള ബ്രാന്റുകള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു. ഇന്ത്യയില്‍ മാത്രമല്ല യൂറോപ്പിലും യു.എസ്സിലും കാലുകുത്തിയിടത്തെല്ലാം ആദ്യ പത്തു വര്‍ഷത്തിനിടയില്‍ സ്വന്തം 'സ്‌പേസ് ' ഉണ്ടാക്കിയ ചരിത്രമാണ് ഈ കമ്പനിക്കുള്ളത്. കൊടികുത്തിയ ടൊയോട്ട, ഹോണ്ട, നിസ്സാന്‍ എന്നീ ജപ്പാന്‍ കമ്പനികളെ പിന്‍തള്ളി ചൈനയില്‍ ഒന്നാമതെത്തിയ ഹ്യുണ്ടായ് ഈ വര്‍ഷം 13 ലക്ഷം കാറുകള്‍ അവിടെ വില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹ്യുണ്ടായ് ബ്രാന്‍ഡില്‍ 19 മോഡലും 'കിയ' ബ്രാന്‍ഡില്‍ 16 മോഡലുമായി ഈ ലക്ഷ്യം കൈവരിക്കാനാവുമെന്നാണ് കരുതുന്നത്.

ഹ്യുണ്ടായുടെ ചൈനയിലെ പാര്‍ട്ണര്‍ 'ബെയ്ജിങ് ഓട്ടോമോട്ടീവ് ' ഇന്റസ്ട്രി ഹോള്‍ഡിംഗ് കമ്പനിയാണ്; സര്‍ക്കാറിന്റെ സ്വന്തം കമ്പനി. 'മര്‍ക്കടമുഷ്ടി'യ്ക്ക് പേരുകേട്ട ഇവരുമായി ഒരു സംയുക്ത സംരംഭം തുടങ്ങാന്‍ ക്രൈസ്‌ലറും ഇസുസുവും വര്‍ഷങ്ങള്‍ പരിശ്രമിച്ചു പരാജയപ്പെട്ടിടത്താണ് 2002 ല്‍ ഹ്യുണ്ടായ് എത്തിയത്. ഏഴു ശതമാനം വില്‍പ്പന വളര്‍ച്ചയാണ് ഈ വര്‍ഷം അവിടെ അവര്‍ക്കുണ്ടായത്. കുറഞ്ഞ വിലയും, ദീര്‍ഘകാല വാറന്റിയും പിന്നെ സാധാരണക്കാരുടെ കാറെന്ന ഇമേജും ഹ്യുണ്ടായിയെ ഒന്നാമതെത്തിച്ചു. കൂടുതല്‍ 'കൈക്കാശുള്ള' ചൈനയിലെ തീരദേശത്തിനായി വില കൂടിയ കാറും താരതമ്യേന കുറഞ്ഞ 'പര്‍ച്ചൈസിംഗ് പവര്‍' ഉള്ള ഉള്‍പ്രദേശങ്ങള്‍ക്കായി പഴയ ബ്രാന്റുകളും നല്‍കിയാണ് ഈ നേട്ടം കൊയ്തത്. ഇന്നിപ്പോള്‍ ഇലാന്‍ട്രയ്ക്കായി 300000 യൂണിറ്റ് ഉത്പാദന ശേഷിയുള്ള പ്ലാന്‍ന്റൊരുക്കുകയാണവര്‍.

ഇന്ത്യയിലും ചൈനയയിലും വിജയിക്കും മുമ്പെ ഹ്യുണ്ടായ് അമേരിക്കയിലും യൂറോപ്പിലും വലിയ കമ്പനിയായി മാറാന്‍ തുടങ്ങിയിരുന്നു. പിന്നിട്ട് യൂറോപ്പിലെത്തുമ്പോള്‍ സ്ഥിതി ഇതല്ല. 'യൂറോപ്പ് പിടിച്ചടക്കുക' എന്ന സ്ട്രാറ്റജിയുമായി 'ഹുണ്ടായ് ' കുതിക്കുമ്പോള്‍ വന്‍നിര അമേരിക്കന്‍ ജപ്പാന്‍-ജര്‍മ്മന്‍ ഫ്രഞ്ച് കമ്പനികള്‍ മൂക്കത്ത് വിരല്‍ വയ്ക്കുന്നു. ജര്‍മ്മനിയില്‍ മാത്രമുള്ള ഹ്യുണ്ടായിയുടെ നിക്ഷേപം ഫോക്‌സ് വാഗനെ ഞെട്ടിച്ചു. എല്ലാ ആഗോള ബ്രാന്റുകള്‍ക്കും നിറഞ്ഞ വെല്ലുവിളിയാണ് ഹ്യുണ്ടായ് ' റെനോയുടെ തലവന്‍ സ്റ്റീഫന്‍ നോര്‍മാന്‍ ഇതു പറയുന്നത് വെറുതെയല്ല. സാമ്പത്തിക പ്രതിസന്ധിയിലും ഉയര്‍ന്ന വില്പനയും ലാഭവും തുടര്‍ച്ചയായി രേഖപ്പെടുത്തിയ ലോകത്തിലെ ഒരേ ഒരു കമ്പനി ഹ്യുണ്ടായ് ആണ്. പത്തു വര്‍ഷമായി ലോകത്തെ ഏറ്റവും വളര്‍ച്ചയുള്ള കാര്‍ നിര്‍മ്മാതാക്കളാണ് ഹ്യുണ്ടായ്. 1967 ല്‍ ആദ്യവാഹനം പുറത്തിറക്കിയ അവര്‍ ആഗോളതലത്തിലെ വന്‍ ബ്രാന്‍ഡായി വളര്‍ന്നതിന് പിന്നില്‍ 'കിയ' യുമുണ്ട്. 1998 ല്‍ പാപ്പരായ 'കിയാ'ഗ്രൂപ്പിനെ അവര്‍ ഏറ്റെടുക്കുകയായിരുന്നു.ഹ്യുണ്ടായ് മോട്ടോര്‍ ചെയര്‍മാന്‍ ചങ്-മോങ്-കൂ ന്റെ ലക്ഷ്യം ചെറുതൊന്നുമല്ല. ലോകത്തിലെ മൂന്നാമത്തെ ബ്രാന്‍ഡാവുക യൂറോപ്പിലെ വന്‍ ബ്രാന്‍ഡുകള്‍ക്കിടയിലേക്ക് ഇടിച്ച് കയറുമ്പോള്‍ ലക്ഷ്യം ഒരുപാട് ദൂരത്തല്ല എന്ന് ഹുണ്ടായ് കരുതിയിരുന്നു. കാരണം 1977 ല്‍ 'പോണി'യുമായി യൂറോപ്പിലെത്തിയ ഹ്യുണ്ടായ്ക്ക് വണ്‍ മില്യണ്‍ മാര്‍ക്ക് പിന്നിടാന്‍ 19 വര്‍ഷം വേണ്ടിവന്നു. പക്ഷേ 2001-ല്‍ അത് രണ്ട് ദശലക്ഷമായി!. 2015 ല്‍ യൂറോപ്പിനായി ഹ്യുണ്ടായ് കണ്ടു വയ്ക്കുന്നത് അഞ്ചുലക്ഷം എന്ന ലക്ഷ്യമാണ്. 40ശതമാനം വില്‍പന വര്‍ധന 'മോഡേണ്‍ പ്രീമിയം ബ്രാന്‍ഡ് ' എന്ന സെഗ്മെന്റിലൂടെ അഞ്ച് ശതമാനം യൂറോപ്യന്‍ മാര്‍ക്കറ്റ് ഷെയര്‍ നേടാനാവും എന്ന് കമ്പനി കരുതുന്നു. വര്‍ധിച്ചുവരുന്ന യൂറോപ്യന്‍ ഡിമാന്റ് അനുസരിച്ച് നിര്‍മ്മാണം നടക്കുന്നില്ലെന്നതാണ് പ്രധാന വെല്ലുവിളി. ഐ.എക്‌സ് 35 നുവേണ്ടി ഇതിനായി ചെക്ക് റിപ്പബ്ലിക്കില്‍ പുതിയ ്പ്ലാന്റ് സ്ഥാപിക്കുന്നു.

യൂറോപ്യന്‍ വിപണിക്കുവേണ്ടി 2011-ല്‍ ഐ 40 യുടെ വാഗണ്‍, കൂപ്പെ, സെഡാന്‍ മോഡലുകളും 2012 ല്‍ ഐ 30 യുടെ ഫൈവ് ഡോര്‍ മോഡലുകളുമാണ് ഇവര്‍ പ്ലാന്‍ ചെയ്യുന്നത്. ഫോര്‍ഡ് മോണ്‍ഡിയോ, ഓപെല്‍ ഇന്‍സിഗ്നിയ, ഫോക്‌സ് വാഗണ്‍ പള്‍സ്, ടൊയോട്ട അവന്‍സിസ് എന്നിവയാണ് ഐ 40 യുടെ എതിരാളികള്‍. ഇപ്പോഴുള്ള 17-ാം സ്ഥാനത്ത് നിന്നും 2013 ല്‍ 13-ലേക്ക് എത്തുക എന്നതാണ് 'കിയ' യുടെ യൂറോപ്യന്‍ ലക്ഷ്യം. ഇതിനായി 2.6 ലക്ഷത്തില്‍ നിന്നും 4.5 ലക്ഷത്തിലേക്ക് വില്പന എത്തിക്കേണ്ടിവരും. പിക്കാന്റോ (5 ഡോര്‍) യുടെ അഞ്ചു വേരിയന്റുകള്‍ ഈ വര്‍ഷവും റിയോ(3 ഡോര്‍) യുടെ അഞ്ചു വേരിയന്റുകള്‍ അടുത്തവര്‍ഷവും ഇതാണ് കിയയുടെ യൂറോപ്യന്‍ തുരുപ്പ് ചീട്ട്.

ഹ്യുണ്ടായ് - കിയ വിജയരഹസ്യം


1. ഉത്പന്ന നിരക്കിലെ വൈവിധ്യം
2. വളര്‍ച്ച വേഗത
3. ഡിസൈന്‍ മത്സര ക്ഷമത
4. എഞ്ചിന്‍ പുതുമ
5. മാര്‍ക്കറ്റിങ് മാജിക്
6. 100% ഉപഭോക്തൃ സംതൃപ്തി(5-7)വര്‍ഷം വാറന്റി
7. ലോക്കലൈസേഷന്‍
8. മികച്ച ഡീലര്‍ റിലേഷന്‍ ഷിപ്പ്
9. പാര്‍ട്ണര്‍ഷിപ്പ് മികവ്
10. കുറഞ്ഞ നിര്‍മ്മാണച്ചെലവ്
Print
SocialTwist Tell-a-Friend
Other stories in this section