ഫ്രിമോണ്ട്: അമേരിക്കന്‍ വൈദ്യുത കാര്‍ കമ്പനിയായ ടെസ്‌ല വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന ആദ്യ വൈദ്യുത സെഡാന്‍ കാര്‍ പുറത്തിറക്കി. മോഡല്‍ എസ് എന്ന് പേര് നല്‍കിയിരിക്കുന്ന പത്ത് കാറുകളാണ് ടെസ്‌ലയുടെ ഫ്രീമോണ്ടിലുള്ള ഫാക്ടറിക്ക് മുന്നില്‍ നടന്ന ചടങ്ങില്‍ അവതരിപ്പിച്ചത്. 4,99,00 ഡോളറാണ് (28 ലക്ഷം) മോഡല്‍ എസ്സിന്റെ അടിസ്ഥാന വേരിയന്റിന് വില. ഒറ്റത്തവണ ചാര്‍ജ്ജു ചെയ്താല്‍ 160 മൈല്‍ ദൂരം സഞ്ചരിക്കാം.
പ്രതിവര്‍ഷം 5000 വൈദ്യുത സെഡാന്‍ കാറുകള്‍ വിറ്റഴിക്കാനാണ് ടെസ്‌ല ലക്ഷ്യമിടുന്നത്. എന്നാല്‍ പതിനായിരത്തിലേറെ പേര്‍ ഇതിനകം മോഡല്‍ എസ് ബുക്കുചെയ്ത് കഴിഞ്ഞുവെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. ഷിക്കാഗോ സ്വദേശികളാണ് ആദ്യം പുറത്തിറക്കിയ രണ്ട് മോഡല്‍ എസ് സെഡാനുകള്‍ സ്വന്തമാക്കിയത്. നേരത്തെ രണ്ടു സീറ്റുള്ള വൈദ്യുത സ്‌പോര്‍ട്‌സ് കാറായ റോഡ്‌സ്റ്റര്‍ വിപണിയില്‍ എത്തിച്ചതിനെ തുടര്‍ന്ന് ടെസ്‌ല കനത്ത നഷ്ടം നേരിട്ടിരുന്നു. 2150 റോഡ്‌സ്റ്ററുകള്‍ മാത്രമാണ് 2008 മുതല്‍ ടെസ്‌ലയ്ക്ക് വിറ്റഴിക്കാന്‍ കഴിഞ്ഞത്. മോഡല്‍ എസ് കമ്പനിയെ രക്ഷപെടുത്തുമെന്ന പ്രതീക്ഷയിലാണ് ഉടമകളും ജീവനക്കാരും.