TopGear1
അരയന്നംപോലെ സ്വിഷ്‌
Posted on: 25 Jun 2012
സന്ദീപ്‌

കണ്ടാല്‍ വ്യത്തിയുള്ള ഒരു സ്‌കൂട്ടര്‍. ആര്‍ക്കും മോശം പറയാന്‍ കഴിയില്ല. സുസുക്കിയുടെ 125 സിസി സ്‌ക്കൂട്ടറിനെ ഒറ്റ നോട്ടത്തില്‍ ഇങ്ങനെ വിലയിരുത്താം. എറണാകുളത്തെ സുസുക്കി ഷോറൂമില്‍ ടെസ്റ്റ് ഡ്രൈവിനായി ഒരുങ്ങിയിരിക്കുന്ന സ്വിഷ് കണ്ടപ്പോള്‍ അദ്യം കാഴ്ച പോയത് അരികില്‍ വരിവരിയായി നിര്‍ത്തിയിട്ടിരിക്കുന്ന ആസസ് സ്‌കൂട്ടറുകളിലേക്കാണ്.

അക്‌സസും സ്വിഷും തമ്മില്‍ എന്താണിത്ര വ്യത്യാസം? പേര് സൂചിപ്പിക്കും പോലെ തന്നെ അല്‍പ്പം സ്വിഫ്റ്റാണ് സ്വിഷെന്ന് പറയാം. ആസസുമായി താരതമ്യം ചെയ്യുമ്പോള്‍ അല്‍പ്പം ഉയരം കൂടുതലാണ് ഈ മോഡലിന്. ആസസില്‍ നിന്ന് വേറിട്ടൊരു മൊഞ്ച് ഈ മോഡലിന് നല്‍കാന്‍ കമ്പനിയുടെ ഡിസൈനിങ് എന്‍ജിനിയര്‍മാര്‍ക്ക് സാധിച്ചിരിക്കുന്നു. അരയന്നത്തിന്റെ രൂപഭംഗി.
അല്‍പ്പം കൂടി റൗണ്ടായ മഡ്ഗാര്‍ഡും മുന്നിലെ ഇന്‍ഡിക്കേറ്ററുകളും സ്‌ക്കൂട്ടറിന് പുതിയ ഭാവം നല്‍കുന്നുണ്ട്.

ആസസില്‍ നിന്ന് വ്യത്യസ്ഥമായി കുറച്ചു വലിയ ഹെഡ് ലാമ്പാണ് സ്വിഷിന്റേത്. മിററുകളും നിലവാരമൊത്തത് തന്നെ. ഇന്‍സ്ട്രമെന്റ് പാനലില്‍ അനലോഗ് സ്പീഡോ മീറ്ററും ഫ്യൂവല്‍ ഗേജുമാണ് ഉള്ളത്. നിലവാരത്തിനൊത്ത പാം ഗ്രിപ്പും നല്ലത് തന്നെ. സ്വിച്ചുകളെല്ലാം വളരെ എളുപ്പം പ്രവര്‍ത്തിപ്പിക്കാവുന്ന തരത്തിലാണ്. അതേസമയം, ബ്രേക്ക് ലിവറുകള്‍ അത്ര ഇംപ്രസീവല്ല. അസസിലുള്ളത് പോലെ തന്നെയാണ് ഇഗ്‌നിഷന്‍ കീ സ്ലോട്ട്. ഇതില്‍ ഒരു സേഫ്റ്റി ഷട്ടറുമുണ്ട്.

താരതമ്യേന വലിപ്പം കൂടിയ സീറ്റ് കംഫര്‍ട്ടിബിളായ യാത്ര വാഗ്ധാനം ചെയ്യുന്നു. റൈഡര്‍ക്കും പുറകിലിരിക്കുന്നയാള്‍ക്കും ഇത് നല്‍കുന്ന സൗകര്യം വ്യക്തമായി അറിയാം. പിന്നിലുള്ള അലുമിനിയം ഗ്രാബ് ബാറും. മറ്റു സ്‌ക്കൂട്ടറുകളില്‍ നിന്ന് വ്യത്യസ്ഥമായി ഉള്‍ചേര്‍ത്തിരിക്കുന്ന ബ്രേക്ക്‌ലൈറ്റ് ക്ലസ്റ്ററും നിലവാരത്തിനൊത്തത് തന്നെ. ഇത് സ്‌ക്കൂട്ടറിന് സ്‌പോര്‍ട്ടി ലുക്കും നല്‍കുന്നു.

സ്വിഷ്125ന് ഊര്‍ജം പകരുന്നത് 124 സിസി സ്‌ട്രോക്ക് സിംഗിള്‍ സിലിന്‍ഡര്‍ എഞ്ചിനാണ്. ഇതു തന്നെയാണ് ആസസിലും ഉപയോഗിച്ചിരിക്കുന്നത്. 7000 ആര്‍പിഎമ്മില്‍ 8. 58 ബി. എച്ച്. പി പവര്‍ നല്‍കാന്‍ പ്രാപ്തമാണ് ഈ എഞ്ചിന്‍. 5500 ആര്‍. പി. എമ്മില്‍ 1 കെ. ജി. എം ടോര്‍ക്കും. സ്വിഷില്‍ കിക്ക് സ്റ്റാര്‍ട്ടും, സ്വിച്ച് സ്റ്റാര്‍ട്ടുമുണ്ട്. നഗരത്തിലെ വീഥികളിലൂടെയുള്ള യാത്രയില്‍ മോശമല്ലാത്ത സ്പീഡ് സ്വിഷ് നല്‍കി. ആസസിലേത് പോലെ തന്നെ ടെലസ്‌കോപ്പിക്ക് ഫ്രണ്ട് ഫോര്‍ക്കുകളാണ് സ്വിഷിലും ഉപയോഗിച്ചിരിക്കുന്നത്. പിന്നില്‍ സിംഗിള്‍ ഹൈഡ്രോളിക്ക് ഷോക്ക് അബ്‌സോര്‍ബറും.

സീറ്റിനയടിയിലെ അറ അവശ്യം വലിപ്പുമുള്ളത് തന്നെയാണ്. മുന്നില്‍ ഗ്ലൗവ് ബോക്‌സ് ഓപ്പ്ഷനും ലഭ്യമാണ്. ഇതിനായി അധികം തുക നല്‍കണമെന്ന് മാത്രം. ബ്ലൂ, വൈറ്റ്, ബ്ലാക്ക്, റെഡ്, ഗ്രേ എന്നീ നിറങ്ങളില്‍ സ്‌ക്കൂട്ടര്‍ ലഭ്യമാണ്. ആസസില്‍ അല്‍പ്പം രൂപ മാറ്റം വരുത്തിയത് മാത്രമാണ് സ്വിഷിനുള്ള പ്രകടമായ വ്യത്യാസം. ബാക്കി ഡയമെന്‍ഷനുകളെല്ലാം ആസസിലേത് പോലെ തന്നെ. 49, 097 രൂപയാണ് സ്വിഷിന്റെ കൊച്ചിയിലെ എക്‌സ്‌ഷോറൂം വില.
Print
SocialTwist Tell-a-Friend
Other stories in this section