TopGear1
TopGear2
TopGear3
കാര്‍ കമ്പനികള്‍ ഉത്‌പാദനം നിര്‍ത്തുന്നു
Posted on: 22 Jun 2012



ന്യൂഡല്‍ഹി:പെട്രോളിന്റെ ഉയര്‍ന്ന വിലയെ തുടര്‍ന്ന് ഡിമാന്‍ഡ് കുറഞ്ഞതോടെ പ്രമുഖ വാഹന നിര്‍മാണക്കമ്പനികള്‍ പെട്രോള്‍ കാറുകളുടെ ഉത്പാദനം നിര്‍ത്തുന്നു. ജാപ്പനീസ് കമ്പനിയായ ടൊയോട്ടയുടെ ഇന്ത്യന്‍ വിഭാഗം ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സ് തങ്ങളുടെ എല്ലാ പെട്രോള്‍ മോഡലുകളുടെയും ഉത്പാദനം നിര്‍ത്തിക്കഴിഞ്ഞു. ഫിയറ്റടക്കമുള്ള മറ്റ് പ്രമുഖര്‍ അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഉത്പാദനം നിര്‍ത്തുമെന്നാണ് അറിയുന്നത്.

ടാറ്റാ മോട്ടോഴ്‌സ് ഈയാഴ്ച പുണെയിലെ പ്ലാന്റുകളില്‍ വ്യാവസായിക ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന വാഹനങ്ങളുടെ ഉത്പാദനം നിര്‍ത്തിവെച്ചേക്കും. അതേസമയം, മാരുതി സുസുക്കി അടുത്ത ആഴ്ച മുഴുവന്‍ ഉത്പാദനം നിര്‍ത്തിവെക്കുമെന്നും അറിയുന്നു. വാര്‍ഷിക മെയിന്റനന്‍സിന്റെ ഭാഗമായാണ് മാരുതിയുടെ നടപടി. സ്‌റ്റോക്ക് കുമിഞ്ഞുകൂടാതിരിക്കാനാണ് ഉത്പാദനം നിര്‍ത്തുന്നതെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ശേഖര്‍ വിശ്വനാഥന്‍ വിശദീകരിച്ചു.

അതേസമയം, ഉത്പാദന സ്തംഭനം എത്ര നാള്‍ തുടരുമെന്ന് ടൊയോട്ട വ്യക്തമാക്കിയിട്ടില്ല. ചെറുകാറായ ലിവയുടെയും സെഡാന്‍ മോഡലായ എറ്റിയോസിന്റെയും കൊറോള ഓള്‍ട്ടിസിന്റെയും പെട്രോള്‍ മോഡലുകളാണ് ഇന്ത്യയില്‍ കമ്പനി ഇറക്കുന്നത്. ഇന്നോവയുടെ പെട്രോള്‍ മോഡലും ഡിമാന്‍ഡിന് അനുസരിച്ച് ടൊയോട്ട വിപണിയിലെത്തിച്ചിരുന്നു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ മോട്ടോര്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സിന്റെ (സിയാം) കണക്കനുസരിച്ച് ടൊയോട്ട കാറുകളുടെ വില്‍പന മെയ് മാസത്തില്‍ ഇരട്ടിയോളം വര്‍ധിച്ചിരുന്നു. 8,511 കാറുകളാണ് ഇക്കാലയളവില്‍ ടൊയോട്ട വിറ്റത്. പെട്രോള്‍ മോഡലുകള്‍ക്ക് ഡിമാന്‍ഡ് കുറഞ്ഞതായി ഫിയറ്റും വിലയിരുത്തി. അടുത്ത മാസം രണ്ടോ മൂന്നോ ദിവസം ഉത്പാദനം നിര്‍ത്താന്‍ സാധ്യതയുണ്ടെന്ന് ഫിയറ്റ് വ്യക്തമാക്കി. ഫിയറ്റിന്റെ ഉത്പാദനം കഴിഞ്ഞ മാസം 57.13 ശതമാനം കുറഞ്ഞിരുന്നു.
Print
SocialTwist Tell-a-Friend










Other stories in this section