മഴയെത്തും മുന്‍പ്
Posted on: 19 Jun 2012 സന്ദീപ് സുധാകര്‍
കാലവര്‍ഷം എത്തിക്കഴിഞ്ഞു. മഴ നനഞ്ഞ ബൈക്ക് യാത്രകളുടെയും മഴ മങ്ങിച്ച കാര്‍ യാത്രകളുടെയും കാലമാണ് ഇനി. മഴക്കാലത്തോടൊപ്പം വരുന്ന സാംക്രമിക രോഗങ്ങളെ ചെറുക്കാന്‍ തയ്യാറെടുക്കുന്നതോടൊപ്പം തന്നെ വാഹനങ്ങളുടെ ആരോഗ്യവും ഉറപ്പുവരുത്തണം. മഴക്കാലത്തെ കാര്‍ പരിചരണം വൈപ്പറുകളില്‍ നിന്ന് തന്നെ തുടങ്ങാം. കോരിച്ചൊരിയുന്ന മഴയത്ത് ഡ്രൈവിങ്ങില്‍ കാഴ്ച ഒട്ടും മങ്ങരുത്. ഇതിനായി ആദ്യം കാറുകളിലെ വൈപ്പര്‍ ബ്ലേഡുകള്‍ പരിശോധിക്കാം. വൈപ്പര്‍ ബ്ലേഡുകള്‍ തേഞ്ഞിട്ടുണ്ടെങ്കില്‍ മാറ്റണം. പൊട്ടോട് കൂടിയതും പരുപരുത്തതുമായ ബ്ലേഡുകള്‍ വിന്‍ഡ് ഷീല്‍ഡിന്റെ ഭംഗി കെടുത്തുന്നതോടൊപ്പം കാഴ്ച മങ്ങുന്നതിനും കാരണമാകും.
ടയറുകള്‍
കാറുകളുടെ ഹൃദയം എന്‍ജിനാണെങ്കില്‍ കൈകാലുകള്‍ ടയറുകളാണ്. തുടിക്കുന്ന ഹൃദയത്തോടൊപ്പം കരുത്തുറ്റ കൈകാലുകളില്ലെങ്കില്‍ എന്ത് പ്രയോജനം? അതുകൊണ്ട് രണ്ടാമതായി ശ്രദ്ധിക്കേണ്ടത് ടയറുകളുടെ ആരോഗ്യം തന്നെ. സ്‌പെയര്‍ ടയറുകളടക്കമുള്ള അഞ്ച് ടയറുകളും തേഞ്ഞതല്ലെന്നും ഇവയില്‍ വേണ്ടത്ര കാറ്റുണ്ടെന്നും ഉറപ്പുവരുത്തുക. വെള്ളം നിറഞ്ഞ റോഡുകളിലെ ഗട്ടറുകള്‍ പലപ്പോഴും കാണാന്‍ ബുദ്ധിമുട്ടാണ്. ആവശ്യത്തിന് കാറ്റില്ലാതെ മഴക്കാലത്ത് വണ്ടിയോടിച്ചാല്‍ പിന്നെ പഞ്ചറുകള്‍ ഒഴിഞ്ഞ നേരമുണ്ടാവില്ലെന്ന് പറയേണ്ടതില്ല.
ബ്രേക്ക്
ബ്രേക്ക് ഓയിലിന്റെ നിലയാണ് പിന്നീട് പരിശോധിക്കേണ്ടത്. ഹാന്‍ഡ് ബ്രേക്ക് ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും ഉറപ്പ് വരുത്തുക. ബ്രേക്ക് ലൈറ്റുകളും ഫോഗ് ലൈറ്റുകളും ഫ്യൂസ് ആയിട്ടില്ലെന്നും ഉറപ്പ് വരുത്തേണ്ടതുണ്ട്. കോരിച്ചൊരിയുന്ന മഴയത്ത് പലപ്പോഴും ഫോഗ് ലൈറ്റുകളും ഉപയോഗിക്കേണ്ടതായി വരും. ബ്രേക്ക് പാഡുകള്‍ക്കും ലൈനറുകള്‍ക്കും തേയ്മാനം സംഭവിച്ചിട്ടുണ്ടെങ്കില്‍ ഇവയും അടിയന്തരമായി മാറ്റണം. രണ്ട് വര്‍ഷത്തിലധികം പഴക്കമുള്ള വണ്ടികളുടെ ബ്രേക്ക് ഓയില്‍ മാറ്റേണ്ടതും അത്യാവശ്യമാണ്. 40, 000 കിലോമീറ്ററിലധികം സഞ്ചരിച്ചവയ്ക്കും ഇത് ബാധകമാണ്.
തുരുമ്പിന് വിട
പിന്നീട് ശ്രദ്ധിക്കേണ്ടത് തുരുമ്പാണ്. പെയിന്റ് പോയ ഭാഗങ്ങളില്ലെല്ലാം തുരുമ്പിക്കാതിരിക്കാന്‍ പെയിന്റ് നല്‍കാം. തുരുമ്പിനെതിരെ ഉപയോഗിക്കാവുന്ന സ്‌പ്രേകളും വിപണിയില്‍ ലഭിക്കും. ഇതിനു പുറമെ അവശ്യം സ്‌പെയര്‍ പാര്‍ട്‌സും കാറില്‍ സൂക്ഷിക്കുന്നത് നന്ന്.
ഫ്യൂസ് മാറ്റിയിടാം
പിന്നിട് ശ്രദ്ധിക്കേണ്ടത് ഇലക്ട്രിക്ക് വിഭാഗമാണ്. ഹെഡ്‌ലൈറ്റും ഹോണും മറ്റും പ്രവര്‍ത്തിക്കുന്നതിന് കാറിലെ ഇലക്ട്രിക്കല്‍ വയറിങ്ങില്‍ അപാകങ്ങളുണ്ടാവരുത്. വയറിങ്ങിലെ ഫ്യൂസുകളെല്ലാം പ്രവര്‍ത്തനക്ഷമമാണെന്ന് ഒരു നല്ല ഇലക്ട്രീഷ്യനെ കാണിച്ച് തിട്ടപ്പെടുത്തുക. കുറച്ച് നല്ല ഫ്യൂസുകള്‍ ടൂള്‍ കിറ്റില്‍ കരുതുകയുമാവാം. ഫോഗ് ലാമ്പുകള്‍ക്കായുള്ളത് നന്നായി ഇന്‍സുലേറ്റ് ചെയ്തിട്ടുണ്ടോ എന്നുറപ്പ് വരുത്തണം. കൂടാതെ ഇഗ്‌നിഷന്‍ സിസ്റ്റവും കോയില്‍ ടെര്‍മിനലുകളുമെല്ലാം നന്നായി വൃത്തിയാക്കി സൂക്ഷിക്കേണ്ടത് പ്രധാനമാണ്.
സ്റ്റാര്‍ട്ടാക്കും മുമ്പ്
ടൂള്‍കിറ്റില്‍ സാധാരണ ഉണ്ടാവാറുള്ള ടൂളുകളോടൊപ്പം ഒരു ടോര്‍ച്ച് കൂടി കരുതാം. രാത്രി മഴയ്ക്കിടെ വണ്ടി കേടായാല്‍ ടോര്‍ച്ചുണ്ടെങ്കില്‍ ഫ്യൂസിലെയും മറ്റും അപാകങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. ഈര്‍പ്പം ഒഴിവാക്കുന്നതിനായുള്ള സ്‌പ്രേയും ഹെഡ് ലൈറ്റിന്റെയും ടെയില്‍ ലാമ്പുകളുടെയും ബള്‍ബുകളും സ്‌പെയറായി കരുതുന്നത് നല്ലത്.