TopGear1
മലപ്പുറത്തിന്റെ സ്വന്തം ജീപ്പ്‌
Posted on: 11 Jun 2012
സി.കെ. ഷിജിത്ത്‌

ഉത്തരങ്ങള്‍ പലതായിരിക്കും മലപ്പുറത്തിന്റെ പ്രിയ വാഹനം ഏതെന്ന് പുതു തലമുറയിലെ ആരോടെങ്കിലും ചോദിച്ചാല്‍. ഇതേ ചോദ്യം 15 വര്‍ഷം മുമ്പായിരുന്നെങ്കില്‍ പ്രായഭേദമെന്യേ ആരും കണ്ണടച്ചുപറയും; ജീപ്പ്.

മലയാളത്തിലെ ഒരു ഓട്ടോമൊബൈല്‍ എഴുത്തുകാരന്റെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍. 'പത്താം ക്ലാസ് തോറ്റുനില്‍ക്കുന്ന പൊടിമീശക്കാരന്‍ പയ്യന്റെ ഭാവമാണ് ജീപ്പിന്' എന്തിനും തയ്യാറാണെന്ന മട്ടിലാണ് നില്പ്. കുന്നും ചുരവും കയറാനും ടാറിന്റെ കറുപ്പ് വീഴാത്ത കാട്ടുവഴികളില്‍ ഓടാനും ജീപ്പുതന്നെ വേണമെന്ന ഒരു കാലമുണ്ടായിരുന്നു മലപ്പുറത്തിന്. കുത്തനെയുള്ള കയറ്റങ്ങള്‍, കുണ്ടനിടവഴികള്‍, മണല്‍ നിറഞ്ഞ കടലോരം... ജീപ്പിനല്ലാതെ മറ്റൊരു വാഹനത്തിനും മലപ്പുറത്തിന്റെ ഭൂമിശാസ്ത്രം മനസ്സിലാകുമായിരുന്നില്ല.

എല്ലാ നാടിനും നാട്ടുകാര്‍ക്കും ചില ഇഷ്ടങ്ങളുണ്ട്. കാലത്തിന്റെ കുത്തൊഴുക്കിലും മാറ്റാന്‍ മടിക്കുന്ന ചില ഇഷ്ടങ്ങള്‍. കുട്ടനാടിന് കൊതുമ്പുവള്ളം പോലെ കുന്ദമംഗലത്തിന് (കേരളത്തില്‍ ഏറ്റവും കൂടുതല്‍ ലോറികളുള്ള കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം) ലോറി പോലെ മലപ്പുറത്തിന്റെ സ്വന്തം വാഹനമായിരുന്നു ജീപ്പ്. ആഡംബര വാഹനങ്ങളുടെ കുത്തൊഴുക്കില്‍ അറിയാതെ റിവേഴ്‌സ് ഗിയറിലായിരുക്കുന്നു ഇപ്പോള്‍ ജീപ്പുകളുടെ യാത്ര. പുത്തന്‍ തലമുറ വാഹനങ്ങളുടെ പടയോട്ടത്തില്‍ അരികു പറ്റിയോടുകയാണ് നിരത്തിലെ പഴയ കരുത്തന്‍.

ഈ നാടിന്റെ മനസ്സിലേക്ക് ജീപ്പ് ടോപ്പ്ഗിയറില്‍ ഓടിക്കയറാന്‍ വേറെയും ചില കാരണങ്ങളുണ്ടായിരുന്നു. പുറമേയ്ക്ക് പരുക്കനെന്ന് തോന്നിച്ചാലും തുറന്ന് ഇടപെടുന്ന മലപ്പുറത്തുകാരനെപ്പോലെ തന്നെയാണ് ഈ വാഹനം. അടച്ചുമൂടിയ മറ്റുള്ളവയില്‍നിന്ന് വ്യത്യസ്തമായി യാത്രക്കാരന് പകല്‍ വെളിച്ചവും പുറംകാറ്റും വേണ്ടുവോളം നല്‍കുന്ന ശകടം. ഒറ്റയ്‌ക്കൊരു പെണ്ണ് കൈകാണിച്ച് നിര്‍ത്തി കയറിപ്പോകാന്‍ ധൈര്യപ്പെട്ടിരുന്ന ഏക വാഹനവും ഇതുതന്നെയായിരുന്നു. ഗള്‍ഫില്‍നിന്ന് ഒഴുകിയെത്തിയ എണ്ണപ്പണം കൊണ്ട് കാറുകളായിരുന്നില്ല ജീപ്പുകളായിരുന്നു കൂടുതലായി ഇവിടത്തെ നിരത്തിലിറങ്ങിയത്.

ചെമ്മണ്‍പാതകള്‍ മാത്രം സ്വന്തമായുണ്ടായിരുന്ന മലപ്പുറത്തെ നിരവധി ഗ്രാമങ്ങളെ അങ്ങാടികളിലേക്ക് നയിച്ചിരുന്നത് അടുത്തകാലം വരെ ജീപ്പുകളായിരുന്നു. അത്യാഹിത ചികിത്സകള്‍ക്ക് ആസ്പത്രികള്‍ കുറവായിരുന്ന കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജിലും കോട്ടയ്ക്കലിലെ വിഷവൈദ്യ ചികിത്സാവിഭാഗത്തിലേക്കും ഹെഡ്‌ലൈറ്റിട്ട ജീപ്പുകള്‍ ചീറിപ്പാഞ്ഞു. കല്യാണം, സത്കാരം, വിനോദയാത്രകള്‍ എന്നിവയെല്ലാം ഈ വാഹനത്തിന് വഴങ്ങി. ആണ്ടുനേര്‍ച്ചകളിലും ഉത്സവപ്പറമ്പുകളിലുമായി പുരുഷാരം തിരയടിച്ചിരുന്നിടത്ത് വരിയിട്ടൊതുക്കിയ ഈ വണ്ടികളും ഉണ്ടായിരുന്നു.

പന്തുകളി കാണാന്‍ പോകണോ.... മരണ അറിയിപ്പ് മൈക്ക്‌കെട്ടി നാട്ടില്‍ അറിയിക്കണോ.... ആദ്യം അന്വേഷിക്കുന്നത് വിവിധോദ്ദേശ്യം കണക്കാക്കി സായിപ്പ് രൂപം കൊടുത്ത ജനറല്‍ പര്‍പ്പസ് വെഹിക്കിള്‍......അതായത് ജീപ്പ് തന്നെ. പത്തുപതിനഞ്ച് വര്‍ഷം മുമ്പ് മലപ്പുറം ജില്ലയിലുള്ള കോഴിക്കോട് വിമാനത്താവളത്തില്‍ സ്വപ്നങ്ങളുമായി ഇറങ്ങുന്നവരെയും കയറുന്നവരെയും കാത്ത് നിരനിരയായി കിടന്നിരുന്ന വാഹനങ്ങളില്‍ വിരലിലെണ്ണാവുന്നവ മാത്രമായിരുന്നു കാറുകള്‍. സിനിമയിലായാലും നോവലിലായാലും മലപ്പുറത്തെ അടയാളപ്പെടുത്താന്‍ ഒരു ജീപ്പ് നിര്‍ബന്ധമായിരുന്നു. ഇവിടത്തെ എല്ലാ ഗ്രാമങ്ങളിലുമുണ്ടായിരുന്നു ജീപ്പുകള്‍. മിക്കവാറും എല്ലായിടത്തും ജീപ്പ് സ്റ്റാന്‍ഡുകളും. പണ്ടൊക്കെ ഒരു ശരാശരി നാട്ടിന്‍പുറത്തുകാരന്‍ സ്‌കൂള്‍ പഠനം കഴിയുന്നതോടെ പരിചയക്കാരന്റെ ജീപ്പിലേക്ക് കിളിയായി പറന്നുകയറും. വണ്ടി തൊട്ടും തലോടിയും കഴുകിയും തുടച്ചും പതുക്കെ വളയം പിടിച്ചു തുടങ്ങും. രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞാല്‍ ലൈസന്‍സെടുത്ത് പറക്കുന്നത് ഗള്‍ഫിലേക്ക് ഡ്രൈവറായിട്ടാണ്. അല്ലെങ്കില്‍ നാട്ടില്‍ അവനു വേണ്ടി ഒരു വണ്ടിയിറക്കും. മലപ്പുറത്തുനിന്ന് ഗള്‍ഫിലെത്തി ജോലിചെയ്യുന്നവരില്‍ ഭൂരിഭാഗവും ഡ്രൈവര്‍മാരാണ്. ഇവരില്‍ നല്ലൊരു ശതമാനം പേര്‍ ഹരിശ്രീ കുറിച്ചതാകട്ടെ ജീപ്പുകളിലും.

പണ്ടുമുതല്‍ക്കേ ജീപ്പ് സ്റ്റാന്‍ഡുകളില്‍ പറഞ്ഞു കേട്ടിരുന്ന ഒരു കഥയുണ്ട്. വാഹനത്തിന്റെ നിര്‍മാണ കമ്പനിയിലെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുംബൈ വിമാനത്താവളത്തില്‍നിന്ന് മോങ്ങത്തേക്ക് ടിക്കറ്റ് ചോദിച്ചു. കൊണ്ടോട്ടിക്കടുത്തുള്ള കൊച്ചുഗ്രാമമാണ് മോങ്ങമെന്ന് അവര്‍ക്കറിയില്ല. അറിയുന്നത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജീപ്പുകള്‍ വിറ്റുപോകുന്ന അവരുടെ ഷോറൂം ഇവിടെയാണെന്ന് മാത്രം. മലപ്പുറത്തുകാരുടെ ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്ന ഈ വാഹനത്തിന് ഇടക്കെപ്പോഴോ വേഗം കുറഞ്ഞു. 90കളുടെ പാതിയിലായിരുന്നു അത്. അവരുടെ ചിന്തകളുടെ വേഗത്തിനൊപ്പം ഓടാന്‍ വിദേശ നിര്‍മിത കാറുകളുടെ പ്രളയം തന്നെയുണ്ടായി. പുത്തന്‍കാറുകള്‍ കപ്പലില്‍ കൊച്ചിയിലേക്കും അവിടെനിന്ന് മലപ്പുറത്തിന്റെ മാറിലേക്കും ചീറിയെത്തി.

കേന്ദ്ര പദ്ധതികളും പഞ്ചായത്ത് ഫണ്ടുകളുംകൊണ്ട് നാട്ടിലെ റോഡുകളെല്ലാം കറുപ്പിച്ചുതുടങ്ങിയതും ഇക്കാലത്താണ്. അവിടങ്ങളിലേക്കെല്ലാം മിനി ബസ്സുകള്‍ ഓടിത്തുടങ്ങിയതോടെ ജീപ്പുകള്‍ക്ക് വിശ്രമമായി. പതുക്കെ സമാന്തര സര്‍വീസുകള്‍ പലതും നിലച്ചു. സ്വകാര്യ ആവശ്യത്തിനും ടാക്‌സി ആവശ്യങ്ങള്‍ക്കുമായി പുത്തന്‍ തലമുറയിലെ വാഹനങ്ങള്‍ രംഗത്തിറങ്ങി. കാലത്തിനൊത്ത് എന്‍ജിനിലും സാങ്കേതികതയിലുമൊക്കെ ജീപ്പുകള്‍ മാറിയെങ്കിലും മാറാതെ നില്‍ക്കുന്ന അതിന്റെ രൂപം ഗൃഹാതുരമായ ഒട്ടേറെ ഓര്‍മകളായി മലപ്പുറത്തിന്റെ മനസ്സില്‍ എന്നുമുണ്ട്. അതുകൊണ്ടാണല്ലോ പുതിയൊരു വണ്ടിയെടുക്കാനുള്ള പണം മുടക്കി ജീപ്പ് മോടികൂട്ടി ചിലര്‍ കൂടെ കൊണ്ടുനടക്കുന്നത്.
Print
SocialTwist Tell-a-Friend
Other stories in this section