TopGear1
ഇതാണ് ഇ-റിക്ഷകള്‍
Posted on: 11 Jun 2012
ഷൈന്‍ മോഹന്‍ഓക്‌സ്‌ഫെഡ് നിഖണ്ഡുവില്‍ റിക്ഷയുടെ നിര്‍വ്വചനം 'ഒന്നോ അതിലധികമോ ആളുകള്‍ വലിക്കുന്ന രണ്ടു ചക്രമുള്ള യാത്രാ വാഹനം' എന്നാണ്. കാലക്രമേണ, റിക്ഷയ്ക്ക് മൂന്നു ചക്രവും എന്‍ജിനുമായപ്പോള്‍ അത് നമ്മുടെ ഓട്ടോറിക്ഷകളായി. ഡ്രൈവറെ കൂടാതെ മൂന്നു പേരുമായി നല്ല വേഗത്തില്‍ പോകാന്‍ കഴിയുന്ന ഓട്ടോറിക്ഷകള്‍ വ്യാപകമാണെങ്കിലും മനുഷ്യര്‍ ചവിട്ടുന്ന സൈക്കിള്‍ റിക്ഷകള്‍ക്കും നമ്മുടെ രാജ്യത്ത് ഡിമാന്‍ഡ് കുറവല്ല. സൈക്കിള്‍, ഓട്ടോ റിക്ഷകളെല്ലാം അവിടെ നില്‍ക്കട്ടെ. അടുത്തകാലത്തായി ഡല്‍ഹിയിലും പരിസരത്തും റോഡില്‍ കണ്ടുവരുന്ന ഒരു പ്രത്യേകതരം 'നിശബ്ദ റിക്ഷ'യെക്കുറിച്ചാണ് പറയുന്നത്. ഇലക്ട്രിക് റിക്ഷകള്‍ അഥവാ ഇ-റിക്ഷകള്‍.

സൈക്കിള്‍റിക്ഷ പോലെ ആഞ്ഞുചവിട്ടി ആരോഗ്യം കളയേണ്ട. ഓട്ടോറിക്ഷപോലെ ഇന്ധനം നിറച്ച് കാശും കളയേണ്ട. ഓട്ടോറിക്ഷയുടെ സ്പീഡില്ലെങ്കിലും സൈക്കിള്‍ റിക്ഷയേക്കാള്‍ വേഗത്തിലെത്താം. ഡ്രൈവറെ കൂടാതെ രണ്ടുപേര്‍ക്ക് സുഖമായി യാത്രചെയ്യാം(ഒന്ന് അഡ്ജസ്റ്റ് ചെയ്താല്‍ നാലുപേര്‍ക്കിരിക്കാം). പരിസ്ഥിതിക്കും ദോഷമില്ല. ഡല്‍ഹിയില്‍ പലയിടത്തും പ്രചാരം നേടിവരുന്ന ഇല്ട്രിക് റിക്ഷയുടെ പ്രത്യേകതകള്‍ ചുരുക്കിപ്പറഞ്ഞാല്‍ ഇത്രയുമാണ്.

പഴയ സ്‌കൂട്ടറും ബൈക്കുമെല്ലാം പൊളിച്ചടുക്കി പിന്നില്‍ രണ്ടു ചക്രങ്ങളും ഘടിപ്പിച്ച് രൂപമാറ്റം വരുത്തുന്ന ചില നാടന്‍ രീതികള്‍ ഡല്‍ഹിയില്‍ പലയിടത്തുമുണ്ട്. ഇലക്ട്രിക് റിക്ഷകള്‍ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ അങ്ങനെയേ തോന്നൂ. പഴയ സ്‌കൂട്ടറിനെ തട്ടിക്കൂട്ടി ബോഡി പിടിപ്പിച്ച് മാറ്റിയെടുത്തപോലെ. എന്നാല്‍ ഓടിക്കുന്നയാള്‍ക്കു പുറമെ നാലുപേര്‍ക്കു കൂടി സഞ്ചരിക്കാവുന്ന തരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മ്മിച്ചുതുടങ്ങിയ ഇലക്ട്രിക് റിക്ഷകള്‍ ഇന്ന് നഗരത്തില്‍ സാന്നിധ്യമറിയിച്ചുകഴിഞ്ഞു.


സത്ര ഇന്റര്‍നാഷണല്‍, എച്ച്.ബി.എല്‍ സോളക്ഷോ പെഡികാബ്‌സ് തുടങ്ങിയ കമ്പനികളാണ് ഇ-റിക്ഷകള്‍ നിര്‍മ്മിക്കുന്നത്. സത്ര ഇന്റര്‍നാഷണല്‍ സൈറ എന്ന ബ്രാന്‍ഡിനു കീഴില്‍ മയൂരി, ചീറ്റ എന്നീ പേരുകളില്‍ ഇറക്കിയ ഇ-റിക്ഷകളാണ് ഡല്‍ഹിയില്‍ ഇപ്പോള്‍ കൂടുതല്‍ പ്രചാരം നേടിയിരിക്കുന്നത്. പരിസ്ഥിതി സൗഹാര്‍ദ്ദവും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നതുമായ ഇ-റിക്ഷകള്‍ കഴിഞ്ഞ ഒക്ടോബറിലാണ് ഡല്‍ഹിയില്‍ പുറത്തിറക്കിയത്. മയൂരി എന്ന നാടന്‍ രീതിയില്‍ നിര്‍മ്മിച്ചതെന്ന് തോന്നിക്കുന്ന ഇ-റിക്ഷകളാണ് നഗരത്തില്‍ കൂടുതല്‍ ഇറങ്ങിയത്. കൂടാതെ മറ്റുകമ്പനികള്‍ അടിപൊളി മോഡലില്‍ നിര്‍മ്മിച്ച ഓട്ടോറിക്ഷയുടെയും സൈക്കിള്‍ റിക്ഷയുടെയും സമന്വിത രൂപത്തിലുള്ള ഇ-റിക്ഷകളുമുണ്ട്.

ഏഴോ എട്ടോ മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ അമ്പത് കിലോമീറ്റര്‍ സഞ്ചരിക്കുന്നതാണ് മയൂരി റിക്ഷകള്‍. ചരക്ക് നീക്കത്തിന് ഉപയോഗിക്കുന്ന ചീറ്റയാകട്ടെ നൂറ് കിലോമീറ്റര്‍ പോകും. രണ്ടിലും 250 കിലോഗ്രാമാണ് വഹിക്കാവുന്ന ശേഷി. മയൂരിയില്‍ ഡ്രൈവറെ കൂടാതെ രണ്ട് യാത്രക്കാര്‍ക്ക് പരസ്പരം അഭിമുഖമായി ഇരുന്ന് യാത്രചെയ്യാം. ഒന്ന് ഒതുങ്ങിയിരുന്നാല്‍ നാലുപേര്‍ക്കും സഞ്ചരിക്കാം. പുകയും ശബ്ദവുമില്ല. അതിവേഗത്തില്‍ യാത്രചെയ്യാന്‍ കഴിയില്ലെന്നുമാത്രം. പരമാവധി വേഗം 22 കിലോമീറ്ററാണ്. അതുകൊണ്ടുതന്നെ ഇത് രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യവുമില്ല.

തികച്ചും പ്രാകൃതമായി നാട്ടിലെ ഏതോ വര്‍ക്്‌ഷോപ്പില്‍ തട്ടിക്കൂട്ടിയുണ്ടാക്കിയ പോലെയാണ് മയൂരി ഇ-റിക്ഷകളുടെ രൂപഭാവങ്ങള്‍. മോട്ടോര്‍സൈക്കിളിന്റെ മുഖമാണ് ഇ-റിക്ഷകള്‍ക്ക്. വട്ടത്തിലുള്ള ലൈറ്റും സ്പീഡോമീറ്റര്‍ പൈാനലും കണ്ടാല്‍ പള്‍സര്‍ ബൈക്കിന്റെ ആദ്യമോഡലിനോട് സാമ്യമുണ്ട്. ഇന്‍ഡിക്കേറ്ററുകളുമുണ്ട്. മുന്നിലെ ചക്രത്തിന് ഷോക്ക് അബ്‌സോര്‍ബര്‍ ഘടിപ്പിച്ചിട്ടുണ്ട്. സ്‌കൂട്ടറിന്റെ ചക്രങ്ങളുടേതിന് സമമാണ് ചക്രങ്ങളുടെ വലിപ്പം.

യന്ത്ര ഊഞ്ഞാലിന്റെ പരസ്പരം അഭിമുഖമായിരിക്കുന്ന സീറ്റുകളോട് സാമ്യമുള്ളതാണ് യാത്രക്കാരുടെ ഇരിപ്പിടം. കല്ല്യാണത്തിനും മറ്റും കെട്ടിപ്പൊക്കുന്ന തുണിപ്പന്തലിനെ അനുസ്മരിപ്പിക്കുന്ന മേല്‍ക്കൂരയാണ് വാഹനത്തിന്റേത്. നാല് കമ്പികളിലായി ഇത് താങ്ങിനിര്‍ത്തിയിരിക്കുകയാണ്. വശങ്ങളിലെ ഷട്ടറുകള്‍ ഓട്ടോറിക്ഷയിലെന്നവണ്ണം മടക്കി കയറ്റിവെച്ചിരിക്കും. ആവശ്യമെങ്കില്‍ താഴ്ത്തിയിടാവുന്നതാണ്. ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും മഴയും വെയിലുമേല്‍ക്കാതെ യാത്ര ചെയ്യാം.

പൊരിവെയിലത്തും പൊടിയിലും ആയാസമെടുത്ത് ചവിട്ടിനീങ്ങുന്ന സൈക്കിള്‍ റിക്ഷാക്കാരെ കാണുമ്പോള്‍ ആര്‍ക്കും അലിവുതോന്നും. സാധാരണ സൈക്കിളിന് രൂപമാറ്റം വരുത്തിയെടുക്കുന്ന സൈക്കിള്‍ റിക്ഷകള്‍ ഓള്‍ഡ് ഡല്‍ഹിയുടെ മുഖമായിക്കഴിഞ്ഞു. തലസ്ഥാനത്തെ ഇടുങ്ങിയ ഗലികളിലൂടെ വളഞ്ഞുംപുളഞ്ഞും നീങ്ങുന്ന സൈക്കിള്‍ റിക്ഷകള്‍ സാധാരണക്കാര്‍ക്ക് ആശ്വാസമാണ്. ഇതുപോലെതന്നെ സാധാരണക്കാരന്റെ വാഹനമായി മാറാന്‍ തയ്യാറെടുക്കുകയാണ് ഇ- റിക്ഷകള്‍.

സൈക്കിള്‍ റിക്ഷകളുടെയും ഓട്ടോറിക്ഷകളുടെയും ഇടയ്ക്കുള്ള വാഹനമെന്ന നിലയ്ക്കാണ് ഇ- റിക്ഷകള്‍ ഇറക്കുന്നതെന്ന് സത്ര ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ നിതിന്‍ കപൂര്‍ പറഞ്ഞു. ഇ- റിക്ഷകള്‍ക്ക് 62,000 രൂപയാണ് വില വരുന്നത്. ഐ.ഐ.ടി കാണ്‍പുരില്‍ പഠിച്ച മെക്കാനിക്കല്‍ എന്‍ജിനീയറായ തന്റെ അച്ഛന്റെ ആശയം ഉള്‍ക്കൊണ്ടാണ് ഇ-റിക്ഷകള്‍ക്ക് രൂപം നല്‍കിയതെന്ന് നിതിന്‍ പറഞ്ഞു. ഒന്നര വര്‍ഷമെടുത്താണ് ഇ-റിക്ഷ ഉദയം കൊണ്ടത്. അടുത്തുള്ള സ്ഥലങ്ങളിലേക്കുള്ള ഓട്ടങ്ങള്‍ക്കാണ് ഇ-റിക്ഷകള്‍ ഉദ്ദേശിക്കുന്നത്. ഡല്‍ഹി യൂണിവേഴ്‌സിറ്റി, പഹാഡ്ഗഞ്ച്, വെസ്റ്റ് ഡല്‍ഹിയിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് ഇ-റിക്ഷകള്‍ കൂടുതല്‍ കണ്ടുവരുന്നത്.

റീചാര്‍ജബിള്‍ ബാറ്ററിയും ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റവും ഉള്‍പ്പെടുന്നതാണ് ഇ-റിക്ഷകള്‍. തികച്ചും ഇലക്ട്രിക് മെഷീനായതിനാല്‍ അന്തരീക്ഷ മലിനീകരണമുണ്ടാക്കുമെന്ന ആശങ്കയും വേണ്ട. പരിസ്ഥിതി സംരക്ഷണത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ഡല്‍ഹിയില്‍ ഇലക്ട്രോണിക് റിക്ഷകള്‍ക്ക് തീര്‍ച്ചയായും ഇടംകണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍. മെട്രോ സ്‌റ്റേഷനുകള്‍, ബസ്‌റ്റോപ്പുകള്‍, സ്‌കൂള്‍, കോളജ് പരിസരങ്ങളിലെ ചെറിയ ഓട്ടങ്ങള്‍ക്ക് ഇ-റിക്ഷകള്‍ ധാരാളം. കൂടാതെ ഫാക്ടറികള്‍ക്കകത്തുതന്നെ സാധനങ്ങള്‍ നീക്കാനും ചീറ്റ മോഡല്‍ ഉപയോഗപ്പെടുത്താം. എണ്ണയുപയോഗിക്കുന്ന വാഹനങ്ങളെ അപേക്ഷിച്ച് ഇ-റിക്ഷകള്‍ക്ക് അറ്റകുറ്റപ്പണികള്‍ തികച്ചും കുറവാണ്.

ഇന്ത്യയിലെ സാധാരണക്കാരുടെ സാമ്പത്തികസ്ഥിതിയും ആഗോളതലത്തില്‍ത്തന്നെ എണ്ണയുടെ പ്രതിസന്ധിയും വിലക്കയറ്റവുമെല്ലാം മനസ്സില്‍ക്കണ്ടാണ് ഇ-റിക്ഷകള്‍ക്ക് രൂപം കൊടുത്തതെന്ന് നിതിന്‍ പറയുന്നു. ഈവര്‍ഷം ജനുവരിയില്‍ നടന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോ കാണാന്‍ പ്രഗതിമൈതാനിലെത്തിയവര്‍ ഇ-റിക്ഷകള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. ഇ-റിക്ഷകളുടെ പുറത്തിറക്കലും പരീക്ഷണ ഓട്ടവുമെല്ലാം പ്രഗതിമൈതാനിലെ ഓട്ടോ എക്‌സ്‌പോയ്‌ക്കൊപ്പം നടന്നു. പിന്നീട് പ്രഗതിമൈതാനില്‍ അന്താരാഷ്ട്ര പുസ്തകമേള നടന്നപ്പോള്‍ ഗേറ്റിലെത്തുന്ന സന്ദര്‍ശകരെ പ്രഗതി മൈതാനത്തെ സ്റ്റാളുകളിലേക്ക് സൗജന്യമായി എത്തിക്കാന്‍ ഇ-റിക്ഷകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടായിരുന്നു.ഇ-റിക്ഷകള്‍ വന്‍തോതില്‍ നിര്‍മ്മിക്കാനാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. ഈ വര്‍ഷം അവസാനത്തോടെ പണി പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന നിര്‍മ്മാണ യൂണിറ്റിനായി നൂറു കോടി മുതല്‍ മുടക്കുമെന്ന് സത്ര ഇന്റര്‍നാഷണല്‍ പറയുന്നു. ദേശീയ തലസ്ഥാന മേഖലയിലുടനീളം ഇ-റിക്ഷകളുടെ സര്‍വീസ് സെന്ററുകള്‍ സ്ഥാപിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഡല്‍ഹിയില്‍ ചുവടുറപ്പിച്ചുകഴിഞ്ഞാല്‍ അയല്‍ സംസ്ഥാനങ്ങളായ ഹരിയാണ, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും സാന്നിധ്യം നേടാനാണ് ഇ-റിക്ഷകള്‍ തയ്യാറെടുക്കുന്നത്.

എച്ച്.ബി.എല്‍ എന്ന കമ്പനിയും പെഡി കാബ് എന്ന പേരില്‍ പരിസ്ഥിതി സൗഹൃദ റിക്ഷകള്‍ ഇറക്കുന്നുണ്ട്. ബാറ്ററിയില്‍ ഓടുന്ന പെഡി കാബിന് മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗമുണ്ട്. ഡല്‍ഹിയില്‍ ഇ-റിക്ഷകള്‍ക്ക് പ്രചാരം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഇതിന്റെ ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. എട്ടുമണിക്കൂറോളം ചാര്‍ജ് ചെയ്താല്‍ അമ്പത് കിലോമീറ്റര്‍ മാത്രമാണ് ഓടാനാവുക എന്നതിനാല്‍ പിന്നീട് ചാര്‍ജ് ചെയ്യാന്‍ പ്രയാസം അനുഭവപ്പെടുന്ന സാഹചര്യമുണ്ട്.

അതിനാല്‍ കിഴക്കന്‍ ഡല്‍ഹിയിലും സെന്‍ട്രല്‍ ഡല്‍ഹിയിലും ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള പോര്‍ട്ടുകള്‍ സ്ഥാപിക്കാന്‍ വൈദ്യുതി വിതരണ കമ്പനിയായ ബി.വൈ.പി.എല്ലും എച്ച്.ബി.എല്ലും തമ്മില്‍ ധാരണയായിക്കഴിഞ്ഞു. നാമമാത്രമായ തുകയ്ക്ക് പെഡി കാബുകള്‍ ചാര്‍ജ് ചെയ്യാന്‍ ബി.വൈ.പി.എല്‍ അടിസ്ഥാന സൗകര്യം നല്‍കും. വൈദ്യുതിയുടെ ചാര്‍ജ് റിക്ഷാക്കാര്‍ നല്‍കണം. ഇതും നാമമാത്രമായ തുകയായിരിക്കും. കൂടുതല്‍ ചാര്‍ജിങ് സ്‌റ്റേഷനുകള്‍ വരുന്നതോടെ ഡല്‍ഹിയുടെ പല ഭാഗത്തും ഇ-റിക്ഷകള്‍ കൂടുതല്‍ പ്രചാരം നേടിയേക്കും.

കൗണ്‍സില്‍ ഓഫ് സൈന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിനു(സി.എസ്.ഐ.ആര്‍) കീഴിലുള്ള സെന്‍ട്രല്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടാണ്(സി.എം.ഇ.ആര്‍.ഐ) പെഡി കാബുകള്‍ രൂപകല്‍പ്പന ചെയ്തത്. സി.എസ്.ഐ.ആറിന്റെ ആശയമാണ് പരിസ്ഥിതി സൗഹൃദ റിക്ഷകള്‍. ചരിത്ര സ്മാരകങ്ങള്‍ ഏറെയുള്ള ഡല്‍ഹി, പുരാതനമായതിനെ പതുക്കെ പുറന്തള്ളുന്നതാണ് കണ്ടുവരുന്നത്. ഇന്ദ്രപ്രസ്ഥ വീഥികളുടെ ഭാഗമായിരുന്ന കുതിരവണ്ടികള്‍ ഇപ്പോള്‍ ചരിത്രമായിരിക്കുന്നു. സൈക്കിള്‍ റിക്ഷകള്‍ക്കും കാലക്രമേണ രൂപമാറ്റങ്ങള്‍ വന്നേക്കാം. അപ്പോള്‍ തലസ്ഥാന നഗരത്തില്‍ ശബ്ദമില്ലാതെ, പുകയില്ലാതെ, അതിവേഗമില്ലാതെ ഇ-റിക്ഷകള്‍ ഓടുന്നുണ്ടാകും.

Print
SocialTwist Tell-a-Friend
Other stories in this section