TopGear1
ഹോഴ്‌സ്പവര്‍ ക്ലബ്ബില്‍ തിരക്കേറുന്നു
Posted on: 08 Jun 2012
വിത്സണ്‍ വര്‍ഗീസ്‌ആയിരം 'സിക്‌സ് പാക്ക്' കുതിരകളെ പൂട്ടിയ രഥം സങ്കല്‍പ്പിക്കു. അവയെല്ലാം ഒരേ നിമിഷം ഒരേ ദിശയില്‍ ഒരുമിച്ചു കുതിക്കുമ്പോള്‍ ഉണ്ടാകുന്ന 'പവര്‍' ആലോചിക്കു. സ്വപ്‌നസമാന മായ ഈ കരുത്ത് കൈവരിക്കാന്‍ മുന്നേറുകയാണ് ലോകത്തെ മുന്‍നിര കാര്‍നിര്‍മ്മാതാക്കള്‍. ഒരു കാറിന് എന്തിനാണിത്ര ശക്തി? നിരത്തിലുള്ള ഭൂരിഭാഗം കാറുകളും 50-100 എച്ച്.പി യില്‍ താഴെ മാത്രം കരുത്തില്‍ ഓടുന്നത് കണ്ട് ശീലിച്ച സാധാരണക്കാര്‍ക്ക് ഈ സംശയം സ്വാഭാവികം. ഇപ്പോള്‍ തന്നെ കാറുകള്‍ കുതിക്കുന്നില്ലെ? മലകയറുന്നില്ലെ? ദൂരം താണ്ടുന്നില്ലെ? എന്തിന്, മത്സരത്തില്‍ ഒന്നാമതെത്തുന്നില്ലെ? 500 എച്ച്.പി എന്നു കേട്ടു നെറ്റി ചുളിക്കുന്നവരുടെ സംശയം ഇങ്ങനെ പോകുന്നു. അവരെ തത്കാലം മറക്കാം.

സാങ്കോതിക വിദ്യക്ക് ഇത്ര സ്പീഡും ശക്തിയും ഉണ്ടെങ്കില്‍, സംശയിക്കേണ്ട അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ 1000 എച്ച്.പി കാറുകള്‍ വ്യാപകമായി നിരത്തിലോടും. പറയുന്നത് ഫിലിപ്പ് ബ്രബറ്റ്. ഔഡിയുടെ അമേരിക്കന്‍ പ്രോഡക്റ്റ് പ്ലാനിങ് വിഭാഗം വക്താവ്. ഈ അഭിപ്രായത്തിന് കാരണമുണ്ട്. ലോകത്തെ വമ്പന്‍ കാര്‍നിര്‍മാതാക്കളെല്ലാം ഇന്ന് അവരുടെ ശ്രദ്ധ 'ശക്തി'യില്‍ കേന്ദ്രീകരിക്കുകയാണ്. ചെറുതും വലുതും പിന്നെ വലുതും ചെറുതും ആഡംബര ശ്രേണിയും സുരക്ഷാനിരയും പിന്നിട്ട് കരുത്തിന്റെ കണക്കു പുസ്തകത്തില്‍ അക്കങ്ങള്‍ കൂട്ടുകയാണ് അവര്‍. 500 എച്ച്.പിക്കു മുകളിലുള്ള കാറുകളുടെ വേരിയന്റുകള്‍ ഇറക്കുന്ന തിരക്കാണെങ്ങും. മെഴ്‌സിഡസ് ബെന്‍സിന് തന്നെ ഇപ്പോള്‍ ഈ പവര്‍ സെക്ടറില്‍ പതിനാറ് വേരിയന്റുകള്‍ അമേരിക്കയിലുണ്ട്. ഫോര്‍ഡ്, ജാഗ്വര്‍, ലംബോര്‍ഗിനി, ബെന്റ്‌ലി, ഫെരാരി, മേബാ, പോര്‍ഷെ, റോള്‍സ് റോയിസ് എന്നുവേണ്ട ആഡംബര-സ്‌പോര്‍ട്‌സ് കൂപ്പെ നിര്‍മ്മാതാക്കളെല്ലാം 500 പ്ലസ് എച്ച്.പി ക്ലബ്ബിലേക്ക് ഇരച്ചു കയറുകയാണ്.
ആഡംബര കാര്‍ നിരത്തിലിന്നു അപൂര്‍വമല്ല. ബെന്‍സും ഓഡിയും ബി.എം.ഡബ്ലിയുവും ഇന്ന് ആരെയും അതിശയിപ്പിക്കുന്നില്ല. പണ്ടൊക്ക ആഡംബര കാറുകളില്‍ മാത്രം ലഭ്യമായിരുന്ന പലതും - നാവിഗേഷന്‍ സംവിധാനങ്ങളും സ്റ്റബിലിറ്റി സിസ്റ്റങ്ങളും ട്രാക്ഷന്‍ കണ്‍ട്രോളും റിയര്‍സീറ്റ് എന്റര്‍ടെയ്ന്‍മെന്റും മറ്റും- കോംപാക്ട് കാറുകളില്‍ കൂടി പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഇപ്പോള്‍ കുതിരശക്തി കരുത്ത് മാത്രമായി ആഡംബരക്കറുകളെ സാധാരണക്കാരില്‍ നിന്ന് വേര്‍തിരിക്കാന്‍. വെറും നാലോ അഞ്ചോ സെക്കന്‍ഡ് കൊണ്ട് പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ സ്പീഡിലെത്താനുള്ള കരുത്ത്, മണിക്കൂറില്‍ 300 കിലോമീറ്ററിലേറെ വേഗത്തില്‍ കുതിക്കാനുള്ള കരുത്ത്. ഒരു ചേയ്ഞ്ച് ആഗ്രഹിക്കുന്ന പാവം കോടീശ്വരന്‍മാര്‍ പിന്നെ എന്തുചെയ്യും. ഇങ്ങനെ ചിന്തിക്കുന്നവരുടെ ഇടയിലേക്കാണ് തീപാറുന്ന കാറുകളുമായി ഇവര്‍ വരുന്നത്.

പത്തുവര്‍ഷം മുമ്പ് എച്ച്.പി ക്ലബ്ബില്‍ അംഗമായ രണ്ടു കാറുകളെ അമേരിക്കയില്‍ ഉണ്ടായിരുന്നുള്ളു. ഫെരാരി 575എമ്മും ലംബോര്‍ഗിനി മാര്‍ഷിലഗോയും . കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇതിന്റെ എണ്ണം എഴുപതായി. (ആഗോളമാന്ദ്യം വന്നില്ലായിരുന്നെങ്കില്‍ എന്താവുമായിരുന്നു കഥ!) കോടികള്‍ കയ്യില്‍ വെറുതെ ഇരിക്കുന്നവര്‍ക്ക് കരുത്തിന്റെ വില കയറുന്നതനുസരിച്ച് അന്തസ്സ് ഉയര്‍ത്തുകയുമാകാം.ഇന്ധനക്ഷമത പോകാതെ തന്നെ 500 എച്ച്.പി യിലേക്ക് എഞ്ചിന്‍ കരുത്ത് എത്തിക്കുന്നതില്‍ ടെക്‌നോളജി വിജയിച്ചിട്ടുണ്ട്. അമേരിക്കയാണ് ഉയര്‍ന്ന ഹോഴ്‌സ് പവറിന്റെ ചൂടേറിയ വിപണി. 600 എച്ച്.പി പ്ലസ് ആണത്രേ ഇപ്പോള്‍ ട്രെന്‍ഡ്. ഈ കരുത്തുള്ള ആറു ബ്രാന്റുകള്‍കൂടി ഇറങ്ങിക്കഴിഞ്ഞു. ലംമ്പോര്‍ഗിനി, ഫെരാരി 599, മേബാക്ക് 57,62, ബെന്‍സ് എസ്.എല്‍ 65, മക്‌ലറേന്‍ എസ്.എല്‍ ആര്‍, ഇതെല്ലാം 600 എച്.പി ബ്രാന്‍ഡുകളാണ്. ഈ ക്ലബ്ബിലെ പ്രധാന കളിക്കാര്‍ ബെന്‍സും ബി.എം.ഡബ്ലിയുവും ഔഡിയും ജാഗ്വറും ഒക്കെയാണെങ്കിലും അമേരിക്കന്‍ കമ്പനികളായ ജനറല്‍ മോട്ടോഴ്‌സും ഫോര്‍ഡും ഹൈ-പവര്‍ വണ്ടികള്‍ ഉണ്ടാക്കുന്നുണ്ട്. എസ്.ആര്‍.ടി വൈപ്പര്‍ റീഡിസൈന്‍ ചെയ്ത് ക്രൈസ്‌ലറും ഈഗ്രൂപ്പിലേക്ക് ഉടന്‍ ചേരും. രണ്ട് എഷ്യന്‍ കാറുകളാണ് ഈ സെഗ്‌മെന്റില്‍ ഇപ്പോള്‍ അമേരിക്കയില്‍ ഇറങ്ങുന്നത്. നിസാന്‍ ജി.ടി.ആര്‍-545 എച്ച്.പി , ലക്‌സസ്് എല്‍.എഫ്.എ- 552 എച്ച്.പി.പോര്‍ഷെ 918 ഹൈബ്രിഡ് കാറിന് (700 എച്ച്.പി) 845000 ഡോളറാണ് ഏകദേശവില. 20 ലക്ഷം ഡോളറില്‍ അധികം വിലയുള്ള ബുഗാട്ടിയുടെ വെയ്‌റോണ്‍സൂപ്പര്‍ സ്‌പോര്‍ട്ട് കൂപ്പെ (1200 എച്ച്.പി)യുടെ ഒരു വേര്‍ഷന്‍ 2012 ജനീവ ഓട്ടോ ഷോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതും അമേരിക്കന്‍ വിപണിക്കു തന്നെ. ഇതൊക്കെയാണെങ്കിലും ഇന്ത്യന്‍ നിരത്തുകളില്‍ ഈ ക്ലബ്ബ് മെമ്പേഴ്‌സിന് വലിയ ഗുണ മുണ്ടാകില്ല. സ്റ്റാര്‍ട്ട്‌ചെയ്ത് സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ നമ്മുടെ റോഡുകള്‍ അവസാനിക്കും. അതുതന്നെ കാര്യം.


Print
SocialTwist Tell-a-Friend
Other stories in this section