TopGear1
വളരുന്ന വിപണി തേടി ജപ്പാനീസ് ഭീമന്മാര്‍
Posted on: 07 Jun 2012
ജാഫര്‍ എസ് പുല്‍പ്പള്ളി2011 മാര്‍ച്ചിലെ സുനാമിയില്‍ നശിച്ചത് ലോകത്തെ ഏറ്റവും വലിയ വ്യവസായിക രാഷ്ട്രങ്ങളിലൊന്നായ ജപ്പാന്റെ സമ്പദ് വ്യവസ്ഥ കൂടിയായിരുന്നു. ലോക കാര്‍ വ്യവസായത്തിന്റെ കേന്ദ്രമായ ജപ്പാന്റെ ധനസ്രോതസ്സില്‍ പ്രധാനമായിരുന്ന ഓട്ടോമൊബൈല്‍ വ്യവസായവും സുനാമിയില്‍ പ്രതിസന്ധിയിലായി. 2008 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ പെട്ടുലഞ്ഞ ജാപ്പനിസ് ഓട്ടോ വ്യവസായം മറ്റൊരഗ്‌നിപരീക്ഷണം കൂടി നേരിട്ടു.

തകര്‍ച്ചയുടെ രൂക്ഷത


തകര്‍ച്ചയില്‍ നിന്ന് തിരികെ വരാന്‍ തെല്ലൊന്നുമല്ല ടൊയോട്ടയും ഹോണ്ടയും നിസ്സാനും പ്രയാസപ്പെട്ടത്. സുനാമി അവരുടെ ഫാക്ടറികളെ തകര്‍ത്തില്ലെങ്കിലും ഓരോ കാറിന്റെ നിര്‍മാണത്തിനും ആവശ്യമായ നൂറുകണക്കിന് ഘടകങ്ങള്‍ മൊത്തമായി നിര്‍മിച്ചു നല്‍കുന്ന ഒട്ടേറെ കമ്പനികള്‍ സുനാമിയില്‍ തകര്‍ന്നു, തല്‍ഫലമായി കാര്‍ നിര്‍മാണം ഫലത്തില്‍ നിലച്ചതുപോലെയായി.
ഈ സപ്ലൈ ചെയിനിലെ നാശനഷ്ടങ്ങള്‍ മൂലം ടൊയോട്ടക്ക് കാര്‍ നിര്‍മ്മാണത്തിനാവശ്യമായ 30 ശതമാനം വസ്തുക്കളുടെ ക്ഷാമമാണ് വന്നത്. ഒറ്റ കമ്പോണന്റ് കുറഞ്ഞാല്‍ നിര്‍മ്മാണം നിലയ്ക്കുന്ന അസംബ്ലി ലൈന്‍ രീതിയില്‍ ഇത് ഉണ്ടാക്കിയ ഉത്പാദനനഷ്ടം വലുതായിരുന്നു. ഘടകങ്ങളുടെ അഭാവം കൊണ്ട് ജപ്പാനു വെളിയിലുള്ള പ്ലാന്റുകളില്‍ കൂടി പ്രവര്‍ത്തനം നിന്നു. ദുരന്തം നടന്ന് രണ്ട് മാസത്തിനു ശേഷവും ആകെ ഉത്പാദന ശേഷിയുടെ പകുതി മാത്രമെ ആര്‍ജ്ജിക്കാന്‍ അവര്‍ക്ക് സാധിച്ചുള്ളൂ. മുന്‍പേ നിശ്ചയിച്ചിരുന്ന പുതിയ മോഡലുകളായ ഐ.ക്യു മൈക്രോ കാര്‍, പ്രിയസ് വി എന്നിവയുടെ പുറത്തിറക്കല്‍ ടൊയോട്ട നിര്‍ത്തി വെച്ചു. ഹോണ്ട 'സിവിക്', 'സി.ആര്‍ വി 'എന്നിവയുടെയും. എല്ലാം കഴിഞ്ഞപ്പോള്‍ ടൊയോട്ടയ്ക്ക് മാത്രം നഷ്ടമായത് 120 കോടി ഡോളര്‍.

പ്രതിയോഗികളുടെ മുന്നേറ്റം


വര്‍ഷങ്ങളായി ലോകത്തില്‍ ഏറ്റവും കാറുകള്‍ ഉത്പാദിപ്പിക്കുന്ന കമ്പനി എന്ന സ്ഥാനം ടൊയോട്ടയ്ക്കായിരുന്നു. ആഗോള വിപണിയില്‍ എക്കാലത്തും ജപ്പാനീസ് കമ്പനികളുടെ പ്രതിയോഗിയായിരുന്ന ജനറല്‍ മോട്ടോര്‍സ് ദുരന്തകാലത്ത് ആ സ്ഥാനം ടൊയോട്ടയില്‍ നിന്ന് പിടിച്ചെടുത്തു. ടൊയോട്ട നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഹ്യൂണ്ടായിയും കിയയും യു.എസ്സ്. വിപണിയിലെ വില്‍പന യഥാക്രമം 40-ഉം 57-ഉം ശതമാനം വര്‍ദ്ധിപ്പിച്ചു. മൂന്ന് പ്രധാന യു.എസ്സ്. കാര്‍ കമ്പനികളെല്ലാം കൂടി ആകെ വിപണിവിഹിതത്തിന്റെ 3.2 ശതമാനം വര്‍ദ്ധനവ് നേടി. ജപ്പാനീസ് കാറുകളുടെ ക്ഷാമം മുതലെടുത്ത് സ്‌റ്റോക്ക് ഉളള കാറുകളുടെ വില മൂവായിരം ഡോളര്‍ വരെ ഉയര്‍ത്തി അമേരിക്കന്‍ ഡീലര്‍മാര്‍.

തകരാത്ത ജപ്പാനീസ് പാരമ്പര്യംഹിരോഷിമയിലെ ആണവാക്രമണത്തിന്റെ തകര്‍ച്ചയില്‍ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പിനു സമമായ തിരിച്ചുവരവിനു വേണ്ടി ജപ്പാനിലെ ഓട്ടോമോട്ടീവ് വ്യവസായം കഠിനശ്രമമാണ് നടത്തിയത്. കാറുകള്‍ക്കാവശ്യമായ മൈക്രോ കണ്‍ട്രോളറുകള്‍ വിതരണം ചെയ്തിരുന്ന 'റെനാസാസ്' കമ്പനിയുടെ എട്ട് ഫാക്ടറികള്‍ തകര്‍ന്നപ്പോള്‍ അവര്‍ തങ്ങളുടെ 2500 ജോലിക്കാരുടെ സേവനം നല്‍കിയാണ് ഫാക്ടറികള്‍ പുനരാരംഭിക്കാന്‍ സഹായിച്ചത്. ദുരന്തത്തിനു മുന്‍പേ തന്നെ ജപ്പാനീസ് കമ്പനികള്‍ തങ്ങളുടെ ഉപഭോക്താക്കളുടെ 'ഏറ്റവും അടുത്ത് വെച്ച് ഉത്പാദനം നടത്തുക' എന്ന നയത്തിന്റെ ഭാഗമായി ഉത്പാദനം ജപ്പാനില്‍ നിന്ന് ക്രമേണ മാറ്റി വരികയായിരുന്നു. സുനാമി ഇതിനെ ത്വരിതഗതിയിലാക്കി.

നിസ്സാനും തിരിച്ചു വരവിന്റെ പാതയിലാണ്. 2011 മെയ് ആയപ്പോഴേക്കും നിസ്സാന് അവരുടെ ഏറ്റവും വലിയ ഫാക്ടറി പ്രവര്‍ത്തനസജ്ജമാക്കാന്‍ കഴിഞ്ഞു. സത്യത്തില്‍ ജപ്പാനീസ് കമ്പനികളുടെ ഉത്പാദനത്തിലെ ആഗോളവത്കരണമാണ് അവരെ തിരിച്ചു വരാന്‍ വലിയ തോതില്‍ സഹായിച്ചതെന്ന് സാമ്പത്തിക നിരീക്ഷകര്‍ കരുതുന്നു. 20 ലക്ഷം കാറുകളുടെ ഉത്പാദനക്കുറവ് പ്രതീക്ഷിച്ച ടൊയോട്ടയ്ക്ക് ഉത്പാദനലക്ഷ്യം തികയ്ക്കാന്‍ 3.7 ലക്ഷത്തിന്റെ കുറവ് മാത്രം. സെപ്തംബറോടെ ടൊയോട്ട അവരുടെ കാംറി സെഡാന്‍, പ്രിയസ് ഹൈബ്രിഡ് മോഡലുകളുടെ ഉത്പാദനം സാധാരണ നിലയിലെത്തിച്ചു.

പ്രതിസന്ധി നല്‍കിയ പാഠങ്ങള്‍ഭൂകമ്പം കാര്‍നിര്‍മ്മാതാക്കള്‍ക്ക് വലിയ പാഠങ്ങള്‍ നല്‍കി. ഭാവിയിലും വന്നേക്കാവുന്ന ദുരന്തങ്ങളില്‍ പരമാവധി രണ്ടാഴ്ച കൊണ്ട് കരകയറാവുന്ന തരത്തില്‍ തങ്ങളുടെ ഫാക്ടറികളില്‍ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ വരുത്തിയതായി ടൊയോട്ട അവകാശപ്പെടുന്നു. കൂടാതെ തങ്ങള്‍ക്ക് ഘടകങ്ങളും അസംസ്‌ക്യത വസ്തുക്കളും വിതരണം ചെയ്യുന്ന കമ്പനികളോടും ഇതേ തരത്തിലുള്ള പരിഷ്‌കാരങ്ങള്‍ വരുത്താന്‍ അവര്‍ നിര്‍ദ്ദേശിച്ചു. തങ്ങളുടെ കാറുകളില്‍ ആകെ ഉപയോഗിക്കുന്ന 4000 മുതല്‍ 5000 വരെയുള്ള ഘടകങ്ങളുടെ പകുതി വരുന്ന നാല് വര്‍ഷം കൊണ്ട് സ്വയം നിര്‍മ്മിക്കാനും ടൊയോട്ടയ്ക്കു പദ്ധതിയുണ്ട്.

ടൊയോട്ടയും ഹോണ്ടയും തിരിച്ചു വരവിലേക്ക്


ആഗോള വിപണിയില്‍ നഷ്ടപ്പെട്ട സ്ഥാനം വീണ്ടെടുത്തു വരികയാണ് ടൊയോട്ടയും ഹോണ്ടയും. മെയ് 2012 ആയപ്പോഴേക്കും മുന്നിലുള്ള ജനറല്‍ മോട്ടോര്‍സിന്റെയും ഫോര്‍ഡിന്റെയും തൊട്ടടുത്തെത്താന്‍ അവര്‍ക്ക് കഴിഞ്ഞെു. ഭൂകമ്പത്തിനു ഒരു വര്‍ഷത്തിനു ശേഷം മെയ് 2012 ല്‍ ടൊയോട്ടയ്ക്ക് അമേരിക്കന്‍ വിപണിയിലെ വില്പന 87 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു. അമേരിക്കന്‍ വിപണിയിലെ ബ്രാന്‍ഡ് മത്സരത്തില്‍ ഷെവര്‍ലെയെ പിന്നിലാക്കാനും ഫോര്‍ഡിന്റെ തൊട്ടു പിന്നില്‍ എത്താനും മെയ് മാസത്തില്‍ അവര്‍ക്ക് കഴിഞ്ഞത് ഗംഭീര തിരിച്ചു വരവിന്റെ സൂചനയാണ്. ഹോണ്ടയും അമേരിക്കന്‍ വിപണിയില്‍ വില്പന 48 ശതമാനം വര്‍ദ്ധിപ്പിച്ചു. പുതിയ മോഡല്‍ സിവിക് വലിയ ജനപ്രീതി നേടിയതും ഹോണ്ടയെ ഉത്സാഹത്തിലാക്കിയിട്ടുണ്ട്.

വളരുന്ന വിപണികളിലേക്ക്


'വളരുന്ന വിപണികള്‍' എന്ന് വിളിക്കപ്പെടുന്ന ചൈന, ഇന്ത്യ, ബ്രസീല്‍ എന്നിവിടങ്ങളില്‍ ജനറല്‍ മോട്ടോര്‍സിന്റെയും ഫോക്‌സ്‌വാഗന്റെയും ഹ്യൂണ്ടായിയുടെയും ആധിപത്യം തകര്‍ക്കാന്‍ അവിടങ്ങളിലേക്ക് പ്രത്യേക മോഡലുകള്‍ എന്ന ടൊയോട്ടയുടെ പ്രഖ്യാപനമാണ് വാഹന വ്യവസായത്തിലെ പുതിയ തലവാചകം. യൂറോപ്പിലെയും അമേരിക്കയിലെയും തങ്ങളുടെ സ്ഥിരം വിപണികള്‍ക്ക് വളര്‍ച്ച മുറ്റിയ സാഹചര്യത്തില്‍ പുത്തന്‍ വിപണികള്‍ തേടുക എന്ന തന്ത്രമാണ് ഇവര്‍ പുറത്തെടുക്കുന്നത്. 2015 ഓടെ എട്ട് ചെറുകാറുകള്‍ 'വളരുന്ന വിപണി'കളിലേക്കായി പുറത്തിറക്കാന്‍ അവര്‍ തീരുമാനിച്ചു കഴിഞ്ഞു. ഈ രാജ്യങ്ങളിലെ വില്പന 50 ശതമാനം വര്‍ദ്ധിപ്പിക്കും എന്ന് ടൊയോട്ട പറയുന്നു.

ഇന്ത്യയിലും ചൈനയിലും നടന്നുവരുന്ന ചെറുകാറുകളുടെ പൊരിഞ്ഞ യുദ്ധത്തില്‍ പങ്കാളിയാകാന്‍ ലോകത്തിലെ കാര്‍നിര്‍മ്മാണ ഗോലിയാത്തായ ടൊയോട്ട എത്തിച്ചേരുന്നത് കാര്യങ്ങളുടെ ഗതി മാറ്റും. കാറുകളുടെ ഘടകങ്ങളെല്ലാം ആഭ്യന്തര വിപണിയില്‍ നിന്ന് സംഭരിക്കാനാണ് അവരുടെ ലക്ഷ്യം. 2013 ഓടെ വളരുന്ന വിപണികളില്‍ പ്രതിവര്‍ഷം 31 ലക്ഷം കാറുകള്‍ പുറത്തിറക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
Print
SocialTwist Tell-a-Friend
Other stories in this section