TopGear1
കരീം ഹബീബ്: ബീമറിന്റെ പുതിയ പെരുന്തച്ചന്‍
Posted on: 04 Jun 2012
പി.എസ് രാകേഷ്‌ജനിച്ചത് ലബനാനില്‍. വളര്‍ന്നത് കാനഡയില്‍. പഠിച്ചതോ ഇറാനിലും ഫ്രാന്‍സിലും ഗ്രീസിലും സ്വിറ്റ്‌സര്‍ലന്റിലും. നടന്‍ ഫഹദ് ഫാസിലിനെ എവിടെയൊക്കെയോ ഓര്‍മ്മിപ്പിക്കുന്ന രൂപമുള്ള കരീം ഹബീബിന്റെ ബയോഡാറ്റ ഇത്തരം വൈവിധ്യങ്ങള്‍ കൊണ്ടു സമ്പന്നമാണ്. ലോകോത്തര കാര്‍നിര്‍മാതാക്കളായ ബി.എം.ഡബ്ല്യൂ.വിന്റെ ഡിസൈന്‍ വിഭാഗത്തലവനായി ഈ 42കാരന്‍ ചുമതലയേറ്റതാണ് വാഹനലോകത്ത് ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വാര്‍ത്ത.

നല്ല കെട്ടിടങ്ങളില്‍ നിന്ന് കാര്‍ രൂപകല്പനയ്ക്കുള്ള ആശയങ്ങള്‍ കണ്ടെത്തുക, ബി.എം.ഡബ്ല്യൂ.വില്‍ ജോലി ചെയ്തുകൊണ്ടിരിക്കേ ഒരു സുപ്രഭാതത്തില്‍ ആരോടും പറയാതെ പോയി മെര്‍സിഡസ് ബെന്‍സില്‍ ജോലിക്കു കയറുക, രണ്ടുവര്‍ഷം കഴിഞ്ഞ് വീണ്ടും ബി.എം.ഡബ്ല്യൂവിലേക്ക് തിരിച്ചെത്തുക... ഒറ്റനോട്ടത്തില്‍ കിറുക്കെന്ന് തോന്നിപ്പിക്കുന്ന കാര്യങ്ങളെല്ലാം കരീം ചെയ്തിട്ടുണ്ട്. ഒപ്പം മനോഹരമായ കാറുകളും സൃഷ്ടിച്ചു. ബി.എം.ഡബ്ല്യു. കമ്പനി കണ്ട ഏറ്റവും മികച്ച ഡിസൈനറായിരുന്ന ക്രിസ് ബാംഗിളിന്റെ അരുമശിഷ്യനായിരുന്നു അയാള്‍. ക്രിസ് ബാംഗിള്‍ രാജിവച്ചിറങ്ങി പോയതോടെ ബി.എം.ഡബ്ല്യൂ. കാര്‍ ഡിസൈനിങിന്റെ സുവര്‍ണകാലം അവസാനിച്ചുവെന്ന വിമര്‍ശനങ്ങളുടെ മുനയൊടിച്ചുകൊണ്ടാണ് കമ്പനി കരീമിന് പ്രമോഷന്‍ നല്‍കിയത്. ജൂണ്‍ ഒന്നു മുതല്‍ കരീം ബി.എം.ഡബ്ല്യൂ. ഡിസൈന്‍ ഹെഡായി അവരോധിക്കപ്പെട്ടുകഴിഞ്ഞു.

ലബനാന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ 1970ലാണ് കരീം ഹബീബ് ജനിച്ചത്. ഇറാന്‍, ഫ്രാന്‍സ്, ഗ്രീസ് എന്നിവിടങ്ങളിലെ സ്‌കൂള്‍ പഠനത്തിനുശേഷം 1982ല്‍ ഹബീബ് കാനഡയിലെ മോണ്‍ട്രിയലില്‍ സ്ഥിരതാമസമുറപ്പിച്ചു. േമാണ്‍ട്രിയലിലെ സ്റ്റാനിസ്ലസ് കോളേജില്‍ പഠനം തുടര്‍ന്ന ഹബീബ് മക്ഗില്‍ യൂണിവേഴ്‌സിറ്റിയില്‍ മെക്കാനിക്കല്‍ എഞ്ചിനിയറിങിനുചേര്‍ന്നു. പിന്നീട് ഓട്ടോഡിസൈനിങ് പഠിക്കാനായി സ്വിറ്റ്‌സര്‍ലന്റിലെ ആര്‍ട്‌സെന്റര്‍ കോളേജ് ഓഫ് ഡിസൈനിങിലേക്ക്. കോഴ്‌സ് കഴിഞ്ഞയുടന്‍ ബി.എം.ഡബഌുവിന്റെ രൂപകല്പനവിഭാഗമായ ഡിസൈന്‍വര്‍ക്ക്‌സില്‍ ജോലി കിട്ടി. ആദ്യം കാലിഫോര്‍ണിയയിലും പിന്നീട് ജര്‍മനിയിലെ മ്യൂണിക്കിലുമായിരുന്നു ഹബീബിന്റെ ഓഫീസ്.

ബി.എം.ഡബ്ല്യു. ഇ60 5 സീരീസ് കാറുകളുടെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്യുകയെന്നതായിരുന്നു കരീം ഹബീബിന് കരിയറില്‍ ആദ്യം ലഭിച്ച അസൈന്‍മെന്റ്. ബി.എം.ഡബ്ല്യു. ഏറ്റവുമൊടുവില്‍ പുറത്തിറക്കിയ എഫ് 01 7 സീരീസ് കാറുകള്‍ പൂര്‍ണമായി ഡിസൈന്‍ ചെയ്തതും ഹബീബായിരുന്നു. 2007ലെ ഷാങ്ഹായ് ഓട്ടോഷോയില്‍ ബി.എം. ഡബ്ല്യു. അവതരിപ്പിച്ച കോണ്‍സെപ്റ്റ് സി.എസ്. കാര്‍ രൂപകല്പന ചെയ്തതും ഹബീബ് തന്നെ.
ബി.എം.ഡബ്ല്യു.വിലെ പുതുതലമുറ ഡിസൈനര്‍മാര്‍ക്കിടയില്‍ താരമായി വിലസുമ്പോഴായിരുന്നു പെട്ടെന്നൊരുനാള്‍ അബീബ് കമ്പനിയില്‍ നിന്ന് രാജിവച്ചത്. 2009 മാര്‍ച്ച് ഒമ്പതിനായിരുന്നു അത്. മെര്‍സിഡസിന്റെ അഡ്വാന്‍സ്ഡ് ഡിസൈനിങ് വിഭാഗത്തലവനായി ജര്‍മന്‍ നഗരമായ സ്റ്റട്ട്ഗാര്‍ട്ടിലെ ഓഫീസില്‍ അദ്ദേഹം ചാര്‍ജ്ജെടുത്തപ്പോള്‍ ഞെട്ടിയത് വാഹനലോകത്തെ പലരും ഞെട്ടി. കാഴ്ചയില്‍ ബി.എം.ഡബ്ല്യുവിമനാട് സാദൃശ്യം പുലര്‍ത്തുന്ന മെഴ്‌സിഡസ് എഫ് 800 എന്ന മോഡല്‍ കാര്‍ ജനീവ ഓട്ടോഷോയില്‍ അവതരിപ്പിച്ചുകൊണ്ട് ഹബീബ് വാര്‍ത്തകളില്‍ ഇടം പിടിക്കുകയും ചെയ്തു.
രണ്ടുവര്‍ഷത്തിനുള്ളില്‍ മെര്‍സിഡസിനോട് ഗുഡ്‌ബൈ പറഞ്ഞുകൊണ്ട് കരീം ഹബീബ് വീണ്ടും മാതൃസ്ഥാപനത്തിലേക്ക് തിരിച്ചെത്തി. 2011 മാര്‍ച്ച് ഒന്നിനായിരുന്നു ആ മടങ്ങിവരവ്. 'തിരിച്ചുവരുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്' ബി.എം.ഡബ്ല്യു. ഔദ്യോഗികമായി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ഹബീബ് തന്റെ നിലപാട് വ്യക്തമാക്കി. എന്തുകൊണ്ടാണ് പൊടുന്നനെ മെഴ്‌സിഡസിലേക്ക് പോയി പിന്നീട് തിരിച്ചുവന്നതെന്ന കാര്യം കരീം ഹബീബ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഈ നീക്കം ബി.എം.ഡബ്ല്യുവും മെര്‍സിഡസും തമ്മിലുള്ള രഹസ്യസഖ്യത്തിന്റെ ഭാഗമാണെന്ന് കുറച്ചുകാലം മുമ്പ് ഓട്ടോമാഗസിനുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാര്‍ നിര്‍മാണ രംഗത്ത് വര്‍ധിച്ചുവരുന്ന ജപ്പാന്‍ കമ്പനികളുടെ സ്വാധീനം തകര്‍ക്കാനാണത്രേ തങ്ങളുടെ മികച്ച ഡിസൈനറെ അല്പകാലത്തേക്ക് മെര്‍ഡിഡസിനു വിട്ടുനല്‍കാന്‍ ബി.എം.ഡബ്ല്യു. തയ്യാറായത്. ഈ വാര്‍ത്ത ഇരുകമ്പനികളും നാളിതുവരെ നിഷേധിച്ചിട്ടില്ല എന്ന കാര്യവും ശ്രദ്ധേയമാണ്.

കെട്ടിടങ്ങളില്‍ നിന്നാണ് കാര്‍ രൂപകല്പനയ്ക്കുള്ള പല ആശയങ്ങളും തനിക്ക് ലഭിച്ചതെന്ന കാര്യം കരീം ഹബീബ് തന്നെ പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. ലോകപ്രശസ്ത ആര്‍ക്കിടെക്റ്റുകളായ ഹെര്‍സോഗിനെയും ഡി മ്യൂറോണിനെയും ആരാധിക്കുന്ന ഹബീബ് തന്റെ ഓഫീസില്‍ പതിവായി ആര്‍ക്കിടെക്ച്ചര്‍ മാസികകളും വരുത്താറുണ്ട്. 2008ലെ ഒളിമ്പിക്‌സിനുവേണ്ടി ചൈനയിലെ ബീജിങില്‍ ഹെര്‍സോഗും ഡി മ്യൂറോണും ചേര്‍ന്ന് നിര്‍മ്മിച്ച 'കിളിക്കൂട്' സ്‌റ്റേഡിയത്തിനെ ക്ലാസിക് എന്നാണ് ഹബീബ് വിശേഷിപ്പിച്ചത്.കൈമ്പ്യൂട്ടറില്‍ ത്രി-ഡി സാങ്കേതികവിദ്യകളുപയോഗിച്ചുള്ള ആധുനിക കാര്‍ഡിസൈനിങ് ശൈലിയോടും ഹബീബിന് വലിയ യോജിപ്പില്ല. ''ത്രിഡിക്ക് മുമ്പ് ആദ്യമായി കാറിന്റെ രൂപം ടുഡിയില്‍ വ്യക്തമാകേണ്ടതുണ്ട്. അതിനായി കടലാസില്‍ സ്‌കെച്ചുകളെടുക്കുക തന്നെ വേണം. കാര്‍ഡിസൈനിങിനോട് താത്പര്യമുള്ള പുതിയ ചെറുപ്പക്കാരോട് എനിക്കു പറയാനുള്ളത് ഒരു കാര്യം മാത്രം- കടലാസും പെന്‍സിലുമെടുത്ത് വരച്ചുതുടങ്ങുക, പിഴവുകളില്‍ നിന്ന് പഠിച്ച് വീണ്ടും വീണ്ടും വരയ്ക്കുക'. പുതിയ പെരുന്തച്ഛന്റെ ആശയങ്ങളുടെ മികവില്‍ ബി.എം.ഡബ്ല്യു. എത്രമാത്രം നേട്ടമുണ്ടാക്കും എന്ന കാര്യമാണ് ഇനി അറിയാനുള്ളത്.
Print
SocialTwist Tell-a-Friend
Other stories in this section