TopGear1
കരോള്‍ബാഗിന്റെ ഇടിമുഴക്കം
Posted on: 29 May 2012
ഷൈന്‍ മോഹന്‍''മോട്ടോര്‍ സൈക്കിള്‍ വാങ്ങരുത്... ബുള്ളറ്റ് വാങ്ങൂ''- കേരളത്തിലെ ഒരു റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ മുമ്പൊരിക്കല്‍ നല്‍കിയ പരസ്യത്തിലെ വാചകമാണിത്. ബുള്ളറ്റിനെ മറ്റു ബൈക്കുകളോട് താരതമ്യം ചെയ്യുകയേ അരുത് എന്നാണ് അവര്‍ ഉദ്ദേശിച്ചത്. എന്നാല്‍ വെറും ബുള്ളറ്റല്ല, മോടിപിടിപ്പിച്ച തട്ടുപൊളിപ്പന്‍ ബുള്ളറ്റ് വാങ്ങൂ എന്നാണ് ഡല്‍ഹിയിലെ കരോള്‍ബാഗ് പറയുന്നത്. ബുള്ളറ്റ് ബൈക്കുകള്‍ നന്നാക്കുകയും മോടിപിടിപ്പിക്കുകയും ചെയ്യുന്ന ഉത്തരേന്ത്യയിലെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നാണ് നയീവാല സ്ട്രീറ്റ്. ബുള്ളറ്റുകളുടെ സ്വന്തം തെരുവ്.

ഇന്ത്യയിലെന്നല്ല വിദേശത്തുപോലും റോയല്‍ എന്‍ഫീല്‍ഡിന് ആരാധകരേറെയാണ്. ഈ സാധ്യതകളാണ് നയീവാല സ്ട്രീറ്റ് തിരിച്ചറിയുന്നത്. ബുള്ളറ്റിന്റെ മാത്രം പണികള്‍ ചെയ്യുന്ന വര്‍ക്ക്‌ഷോപ്പുകള്‍ ഇവിടെ ധാരാളം. ബുള്ളറ്റിന്റെ മാത്രം സ്‌പെയര്‍പാര്‍ട്‌സ് വില്‍ക്കുന്ന കടകള്‍, ബുള്ളറ്റിന്റെ സീറ്റുകള്‍ മാത്രം നിര്‍മ്മിക്കുന്നവര്‍, ബുള്ളറ്റ് ബൈക്കുകള്‍ മാത്രം വില്‍ക്കുന്നവര്‍, വാടകയ്ക്ക് നല്‍കുന്നവര്‍... ഒരു ബുള്ളറ്റ് മാര്‍ക്കറ്റ്. ബുള്ളറ്റിനെ മാത്രം കൈകാര്യം ചെയ്യുന്ന അമ്പതോളം ഷോപ്പുകള്‍ ഇവിടെയുണ്ട്.

രാജകീയ പ്രൗഡിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ബുള്ളറ്റുകളാണ് നയീവാല സ്ട്രീറ്റിന്റെ അഹങ്കാരം. അതെ, നയീവാല സ്ട്രീറ്റിന് ബുള്ളറ്റിന്റെ ഇടിവെട്ടുശബ്ദമാണ്. ചിലതൊക്കെ ബുള്ളറ്റാണെന്ന് തിരിച്ചറിയാന്‍ എന്‍ജിന്റെ ഭാഗത്തേക്ക് തന്നെ നോക്കണമെന്ന് മാത്രം. അത്രയും മാറ്റങ്ങളാണ് ഇവിടെ വരുത്തുന്നത്. മാറ്റം വരുത്തി മോടിയാക്കാന്‍ ഇത്രയേറെ യോജിച്ച മറ്റൊരു ബൈക്കില്ലെന്ന് ഇവിടുത്തെ മെക്കാനിക്കുകള്‍ അവകാശപ്പെടുന്നു.
ടോണി ഓട്ടോ സെയില്‍സ്, മുകേഷ് മോട്ടോര്‍സ്, ഇന്‍ഡെര്‍ മോട്ടോഴ്‌സ് തുടങ്ങി ബുള്ളറ്റിനെ മാത്രം കൈകാര്യം ചെയ്യുന്ന ഷോപ്പുകള്‍ ഇവിടെ നിരവധി. ഒരു ബുള്ളറ്റ് ബൈക്കിനെ എന്തൊക്കെ ചെയ്യാം എന്നു ചോദിച്ചാല്‍ എന്തും ചെയ്യാമെന്ന് ഇവര്‍ പറയും.

ബുള്ളറ്റിനെ ഏതൊക്കെ മോഡലുകളിലേക്ക് മാറ്റും എന്ന് ടോണി ഓട്ടോ സെയില്‍സില്‍ ചെന്ന് ചോദിച്ചപ്പോള്‍ അവര്‍ മറുപടി പറയുകയല്ല ചെയ്തത്. പകരം ഒരു പുസ്തകം എടുത്തുതന്നു. അതില്‍ നിറയെ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കിന്റെ ചിത്രങ്ങളാണ്. ലോകത്തെ ബൈക്ക് പ്രേമികളുടെ സ്വപ്‌നമായ, ഇരുചക്രവാഹനങ്ങളിലെ ചക്രവര്‍ത്തിയായ ഹാര്‍ലി ഡേവിഡ്‌സന്റെ വിവിധ മോഡലുകള്‍. ഇതിലേതുവേണമെന്നാണ് അവര്‍ ചോദിക്കുന്നത്. ആഗ്രഹിക്കുന്ന രൂപത്തിലേക്ക് ബുള്ളറ്റിനെ മാറ്റിത്തരും.

നാല്‍പ്പതിനായിരം മുതല്‍ ലക്ഷങ്ങള്‍ വരെ മുടക്കി ബൈക്കിനെ മോടിപിടിപ്പിക്കുന്നവരേറെ. ബൈക്കിന്റെ പഴക്കം, മാറ്റേണ്ട മോഡല്‍ എന്നിവയെല്ലാം ആശ്രയിച്ച് ചെലവ് വ്യത്യാസപ്പെട്ടിരിക്കും.

പഴയ ബുള്ളറ്റുകള്‍ക്കാണ് ആരാധകരേറെയെന്ന് മുകേഷ് മോട്ടോര്‍സിലെ മനോജ് പറയുന്നു. പഴയ ബൈക്കിനെ പുതിയ പാര്‍ട്‌സുകള്‍ ഉപയോഗിച്ച് നവീകരിച്ചെടുക്കലാണ് ഇവിടെ ഏറ്റവുമധികം നടക്കുന്നത്. പഴക്കം ചെന്ന ബുള്ളറ്റിനെ ഒറിജിനല്‍ പാര്‍ട്‌സുകളും കമ്പനി പെയിന്റും ഉപയോഗിച്ച് പുതുപുത്തനാക്കാന്‍ 40000 രൂപവരെ ചെലവുവരും.

യഥാര്‍ത്ഥ പാര്‍ട്‌സുകള്‍ ഉപയോഗിച്ച് നവീകരിച്ച ബുള്ളറ്റ് കണ്ടാല്‍ ഇപ്പോള്‍ ഷോറൂമില്‍ നിന്ന് ഇറക്കിയതാണെന്നേ തോന്നൂവെന്ന് മെക്കാനിക്കായ മോനു ജയ്‌സ്വാള്‍ പറഞ്ഞു. ആറു വര്‍ഷമായി നയീവാല സ്ട്രീറ്റില്‍ ബുള്ളറ്റിന്റെ മാത്രം അറ്റകുറ്റപ്പണികള്‍ നടത്തുന്ന മെക്കാനിക്കാണ് ജെയ്‌സ്വാള്‍.58- 65 മോഡല്‍ ബുള്ളറ്റുകള്‍ നവീകരിക്കാന്‍ പോലും പലരും വരാറുണ്ടെന്ന് മുഖ്യ ഡീലര്‍മാരിലൊരാളായ ഗുര്‍മീത് സിങ് ചൗഹാന്‍ പറഞ്ഞു. ഇതിന് ഒരുമാസത്തോളം പണിവരും. തുടര്‍ന്ന് ഉടമകളുടെ സ്ഥലത്തേക്ക് ഇവര്‍തന്നെ കയറ്റിയയക്കുകയും ചെയ്യും. ബാവ എന്നറിയപ്പെടുന്ന ചൗഹാന്റെ ബിസിനസ്സിന് ഒരു ചരിത്രമുണ്ട്. ബാവയുടെ മുത്തച്ഛന്‍ ബ്രിട്ടീഷുകാരുടെ മെക്കാനിക്കായി ലാഹോറില്‍ ജോലി ചെയ്തിരുന്നു. വിഭജനത്തിനുശേഷം തങ്ങള്‍ കരോള്‍ബാഗില്‍ വന്ന് ബിസിനസ് തുടങ്ങുകയായിരുന്നുവെന്ന് ചൗഹാന്‍ പറഞ്ഞു. തന്റെ മുത്തച്ഛന്‍ പണ്ട് മഹാരാജ ഹരി സിങ്ങിന്റെ ബൈക്കും നന്നാക്കിയിട്ടുണ്ടെന്ന് ചൗഹാന്‍ അഭിമാനത്തോടെ പറയുന്നു. താന്‍ മോടിപിടിപ്പിച്ച ബൈക്ക് കാനഡയിലെ ഓട്ടോഷോയില്‍ സമ്മാനം നേടിയിട്ടുണ്ടെന്നും ചൗഹാന്‍ പറഞ്ഞു.

ഉപയോഗിച്ച ബൈക്കുകളുടെ വില്‍പ്പനയാണ് നയീവാല സ്ട്രീറ്റിലെ മറ്റൊരു പ്രധാന ബിസിനസ്. ബുള്ളറ്റുകള്‍ മാത്രം വില്‍ക്കുന്ന ഷോറൂമുകള്‍ ഏറെ. പതിനഞ്ചുവര്‍ഷം പഴക്കമുള്ള ബുള്ളറ്റിന് 35000 രൂപ മുതലാണ് വിലയെന്ന് മനോജ് പറഞ്ഞു. വണ്ടിയുടെ കണ്ടീഷനുംകൂടി ആശ്രയിച്ചാണ് വില. 2010 മോഡല്‍ ബുള്ളറ്റ് ഇലക്ട്രയ്ക്ക് ഏതാണ്ട് 80000 രൂപയാകും. 2005 മോഡലിന് 60000 രൂപമുതലാണ് വില. പ്രതിമാസം പതിനഞ്ചോളം ബുള്ളറ്റുകളാണ് ഇവിടുത്തെ ഷോപ്പുകള്‍ ശരാശരി വില്‍ക്കുന്നത്. പഞ്ചാബ്, ഹരിയാണ, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നെല്ലാം പഴയ ബുള്ളറ്റ് വാങ്ങാനും മോടിപിടിപ്പിക്കാനും കരോള്‍ബാഗിലെത്തുന്നവര്‍ ധാരാളം.

ബുള്ളറ്റിന്റെ മാത്രം പാര്‍ട്‌സുകള്‍ വില്‍ക്കുന്ന കടകളും ഇവിടെ ധാരാളമുണ്ട്. കജാന്‍ചി എന്ന കടയില്‍ ബുള്ളറ്റിന്റെ സീറ്റുകള്‍ മാത്രം നിര്‍മ്മിച്ചു നല്‍കുന്നു. ഡല്‍ഹിയില്‍ വളരെ പ്രശസ്തമായ ബ്രാന്‍ഡാണ് കജാന്‍ജി. ഒട്ടുമിക്ക ബുള്ളറ്റുകളുടെയും സീറ്റിനു പിന്നില്‍ കജാന്‍ചി എന്ന് എഴുതിയിട്ടുണ്ടാകും. ഇപ്പോള്‍ കജാന്‍ചിയുടെ വ്യാജനും ധാരാളം ഇറങ്ങുന്നുണ്ടെന്ന് പറയുന്നു. പേരിന്റെ സ്‌പെല്ലിങ്ങില്‍ അല്‍പ്പം വ്യത്യാസമുണ്ടാകുമെന്നുമാത്രം.

വിവിധ മോഡല്‍ ബുള്ളറ്റുകള്‍ വാടകയ്ക്ക് നല്‍കുന്ന ബിസിനസും നയീവാല സ്ട്രീറ്റില്‍ ഏറെയുണ്ട്. ജയ്പൂര്‍, ആഗ്ര തുടങ്ങി ദൂരസ്ഥലങ്ങളിലേക്ക് കൂട്ടത്തോടെ ബുള്ളറ്റില്‍ യാത്ര നടത്തുന്നവര്‍ കുറവല്ല. പലതരത്തിലാണ് വാടക. അഞ്ഞൂറ് സി.സി ബുള്ളറ്റിന് പ്രതിദിനം 500 രൂപയും 350 സി.സിക്ക് 400 രൂപയുമാണ് വാടക. ബൈക്കിനൊപ്പം ടൂള്‍കിറ്റ്, കാറ്റടിക്കാനുള്ള പമ്പ്, സ്പാര്‍ക് പ്ലഗ്, ട്യൂബ് എന്നിവയെല്ലാം ഷോപ്പുകാര്‍ തന്നുവിടും. അതിനാല്‍ ചെറിയ അറ്റകുറ്റപ്പണികളും പഞ്ചറായാല്‍ ട്യൂബ് മാറ്റലുമെല്ലാം യാത്രക്കാര്‍ക്ക് സ്വയം ചെയ്യാം.

രണ്ട് മലയാളി പട്ടാളക്കാര്‍ ബുള്ളറ്റ് വാടകയ്ക്ക് എടുത്തുകൊണ്ടുപോയ കാര്യം മനോജ് ഓര്‍മ്മിക്കുന്നു. ദീര്‍ഘദൂരയാത്രയ്ക്കിടയില്‍ ഒറ്റപ്പെട്ട സ്ഥലത്തുവെച്ച് അവരുടെ ബൈക്ക് കേടുവന്നു. പരിസരത്തൊന്നും വര്‍ക്ക്‌ഷോപ്പ് ഉണ്ടായിരുന്നില്ല. എന്നാല്‍ തങ്ങള്‍ നല്‍കിയ ടൂള്‍ കിറ്റ് ഉപയോഗിച്ച് അവര്‍തന്നെ ബൈക്ക് നന്നാക്കി. തികച്ചും കണ്ടീഷനായ വാഹനങ്ങളാണ് വാടകയ്ക്ക് നല്‍കുന്നതെന്ന് മനോജ് പറഞ്ഞു. അതുകൊണ്ടുതന്നെ കേടുപറ്റാനുള്ള സാധ്യത കുറവാണ്.

ബുള്ളറ്റില്‍ യാത്ര ചെയ്യുക എന്നത് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഒരു ട്രെന്‍ഡ് ആയി മാറിയെന്ന് ഇന്‍ഡെര്‍ മോട്ടോഴ്‌സിന്റെ ലല്ലി സിങ് പറഞ്ഞു. ഹിമാലയന്‍ ടൂര്‍ ഉള്‍പ്പെടെ ദീര്‍ഘദൂരയാത്രകളാണ് ആളുകള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. ബുള്ളറ്റില്‍ യാത്ര ചെയ്ത് യാത്രാ ഫോട്ടോഗ്രാഫി പരിശീലനം നല്‍കുന്നതിന്റെ പരസ്യങ്ങളും ചില ഷോറൂമുകളില്‍ കാണാം.ബുള്ളറ്റിനൊപ്പം ടൂര്‍ പാക്കേജുകളും ഇവിടെ നിന്നു ലഭിക്കും. മണാലി, ലഡാക്ക്, ഋഷികേശ്, ഗോവ എന്നിവിടങ്ങളിലേക്കെല്ലാം ടൂര്‍ പാക്കേജുകളുണ്ട്. ഇത്തരം യാത്രകള്‍ക്ക് 350 സി.സി ബുള്ളറ്റ് വാടകയ്ക്ക് ലഭിക്കാന്‍ 35000 രൂപ കെട്ടിവെക്കണം. അമ്പതിനായിരം കെട്ടിവെക്കുന്നവര്‍ക്ക് 500 സി.സി ബുള്ളററും 18000 രൂപയുടെ ഹോട്ടല്‍ പാക്കേജും ലഭ്യമാണ്.

കരോള്‍ബാഗിലെ ബുള്ളറ്റ് മാര്‍ക്കറ്റിന് പരസ്യത്തിന്റെ ആവശ്യമില്ല. ഡല്‍ഹിയിലെ അമേരിക്കന്‍, കനേഡിയന്‍ എംബസികളിലൊക്കെ ഇവിടുന്ന് ബുള്ളറ്റ് വാങ്ങുന്നവരുണ്ട്. രാജകീയ വാഹനം സ്വന്തമാക്കാനും മോടിപിടിപ്പിക്കാനും കുറച്ചുദിവസത്തേക്ക് വാടകയ്‌ക്കെടുക്കാനും കരോള്‍ബാഗിനെ തേടി ബുള്ളറ്റ് പ്രേമികള്‍ എത്തിക്കൊണ്ടിരിക്കുന്നു... ബുള്ളറ്റിന്റെ ശബ്ദഗാംഭീര്യം നിറഞ്ഞ നയീവാല സ്ട്രീറ്റിലേക്ക്.
Print
SocialTwist Tell-a-Friend
Other stories in this section