TopGear1
കാരോള്‍ ഷെല്‍ബി ഇനി ഓര്‍മ്മമാത്രം
Posted on: 27 May 2012
രാജേഷ് കൃഷ്ണന്‍
ഡ്രൈവര്‍, കാര്‍ നിര്‍മാതാവ്, കാറോട്ട ടീം ഉടമസ്ഥന്‍ എന്ന മൂന്നു നിലകളിലും ലോക പ്രശസ്തരായവര്‍ വളരെക്കുറച്ച് പേരെ വാഹനലോകത്തുള്ളൂ. അവരില്‍ത്തന്നെ പ്രമുഖനാണ് കാരോള്‍ ഹാള്‍ ഷെല്‍ബിയെന്ന അമേരിക്കക്കാരന്‍. ടെക്‌സാസില്‍ ജനിച്ച് വാഹനലോകത്തെ ഇതിഹാസമായി മാറിയ കാരോള്‍ ഷെല്‍ബി ഇനി ഓര്‍മമാത്രം. ഫോര്‍മുല വണ്‍ കാറുകളും ഷെല്‍ബി, ഫോര്‍ഡ് വാഹനങ്ങളും സര്‍ക്യൂട്ടുകളിലൂടെയും റോഡുകളിലൂടെയും മിന്നിപ്പായുമ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മകളും നമ്മളിലേക്ക് ഹോണടിച്ചെത്തും.

ഷെല്‍ബി അമേരിക്കന്‍ കോബ്ര, ഫോര്‍ഡ് മോട്ടോര്‍ കമ്പനിക്ക് വേണ്ടി നിര്‍മ്മിച്ച മസ്താങ് കോബ്രാസ് , ഷെല്‍ബി അമേരിക്കന്‍ കാറുകള്‍ എന്നിവയുടെ ജനപ്രിയതയിലൂടെയാണ് കാരോള്‍ ഷെല്‍ബി വാഹനരംഗത്തെ അജയ്യവ്യക്തിത്വത്തിനുടമയായത്.

1923 ജനവരി 11ന് ടെക്‌സാസിലെ ലിസ്ബര്‍ഗിലാണ് കാരോള്‍ ഷെല്‍ബി ജനിച്ചത്. വാറണ്‍ ഹാള്‍ ഷെല്‍ബിയെന്ന പോസ്റ്റ് മാന്റെ (മെയ്ല്‍ കാരിയര്‍) മകനായി ജനിച്ച ഷെല്‍ബിക്ക് പക്ഷേ,കാര്‍ വാഹനരംഗത്ത് അതിപ്രശസ്തനാകാനായിരുന്നു നിയോഗം. ദുരിതങ്ങള്‍ നിറഞ്ഞതായിരുന്നു കാരോളിന്റെ ബാല്യകാലം. ഹൃദയവാല്‍വിനുള്ള ലീക്കേജ് മൂലം ഏഴാംവയസുവരെ കട്ടിലില്‍ തന്നെ കഴിഞ്ഞുകൂടുകയായിരുന്നു കാരോള്‍ ഷെല്‍ബി. എന്ന ചെറുപ്പം മുതല്‍ മനസ്ഥൈര്യം കൈമുതലായുള്ള ഷെല്‍ബി 14-ാം വയസായപ്പോഴേക്കും പൂര്‍ണ ജീവിതത്തിലേക്ക് അത്ഭുതകരമായി തിരിച്ചുവന്നു. എന്നാലും ജീവിതകാലം മുഴുവന്‍ നൈട്രോഗ്ലൈസിറിന്‍ (nitroglycerine) ഗുളികകളുമായി മല്ലിടുകയായിരുന്നു അദ്ദേഹം.

1990ല്‍ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായി ഷെല്‍ബി . 1996ല്‍ തന്റെ 73-ാം വയസില്‍ മകന്‍ മൈക് ഷെല്‍ബിയില്‍ നിന്നും കിഡ്‌നി സ്വീകരിച്ചാണ് വാഹനലോകത്ത് വീണ്ടും തുടര്‍ന്നത്. 89-ാം വയസില്‍ 2012 മെയ് 10നാണ് അദ്ദേഹം മരണമടഞ്ഞത്. റിയല്‍ എസ്‌റ്റേറ്റ്, ഹോട്ടല്‍,ഫുഡ് പ്രൊഡക്ഷന്‍,എയര്‍ക്രാഫ്റ്റ് ഡീലിങ്,തുടങ്ങിയ താല്‍പര്യമുള്ള മുഴുവന്‍ മേഖലകളിലും പ്രതിഭ തെളിയിച്ച അപൂര്‍വ്വ വ്യക്തിത്വത്തിനുടമായിയിരുന്നു കാരോള്‍ ഷെല്‍ബി.

വേഗതയുടെ ലോകത്തിലേക്കെത്തും മുന്‍പ്ഡാലസിലെ വുഡ്‌റോ വില്‍സണ്‍ ഹൈസ്‌കൂളിലെ വില്ലിസ് വാഹനത്തിലാണ് ഷെല്‍ബി തന്റെ ഡ്രൈവിംഗ് നൈപുണ്യങ്ങള്‍ സ്വായത്തമാക്കിയത്. 1940ല്‍ ബിരുദം നേടിയതിനുശേഷം ജോര്‍ജിയ സ്‌കൂള്‍ ഓഫ് ടെക്‌നോളജിയില്‍ ഏയ്‌റനോട്ടിക്കല്‍ എന്‍ജീനിയറിങ്ങിനു ചേര്‍ന്നു.എന്നാല്‍ രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചതിനെത്തുടര്‍ന്ന് പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ കാരോളിന് യു.എസ് എയര്‍ഫോഴ്‌സില്‍ ചേരേണ്ടിവന്നു.ഫ്്‌ളൈറ്റ് ഇന്‍സ്ട്രക്ടറും ടെസ്റ്റ് പൈലറ്റുമായി സ്റ്റാഫ് സര്‍ജന്റ് പൈലറ്റ് റാങ്കോടെ പഠനം പൂര്‍ത്തിയാക്കി.

അമേച്വര്‍ ഡ്രൈവറായിരുന്ന കാരോള്‍ പിന്നീട് കാഡ-അല്ലാഡ്,ആസ്റ്റണ്‍ മാര്‍ട്ടിന്‍, മസരറ്റി (maserati) ടീമുകളുടെ റേസിങ് ഡ്രൈവറായി പ്രൊഫഷണല്‍ ഡ്രൈവിംഗ് രംഗത്തെത്തുകയായിരുന്നു. പ്രത്യേകമായി മോഡിഫൈ ചെയ്ത ഓസ്റ്റിന്‍ ഹീലി 100ട കാറില്‍ ഡൊണാള്‍ഡ് ഹീലിക്ക് വേണ്ടി 16 യു.എസ് ഇന്റര്‍നാഷണല്‍ സ്പീഡ് റെക്കോര്‍ഡുകളാണ് ഷെല്‍ബി തിരുത്തിയെഴുതിയത്.

ആസ്റ്റണ്‍ മാര്‍ട്ടിനു വേണ്ടി റോയ് സാല്‍വദാരിയോടൊപ്പം 1959ല്‍ 24 hours of Le Mans വിജയവും ഷെല്‍ബി ഡ്രൈവറെന്ന നിലയില്‍ സ്വന്തമാക്കി. ആസ്റ്റണ്‍ മാര്‍ട്ടിനായി ഡ്രൈവറെന്ന നിലയിലും കോബ്ര ഡെയ്‌റ്റോണ കൂപ്പിന്റെ മാനുഫാക്ചര്‍ എന്ന നിലയിലും ഫോര്‍ഡ് ജി.ടി.എസിന്റെ ഉടമ എന്ന നിലയിലും ലേ മാന്‍സ് വിജയിച്ച ഏകവ്യക്തിയാണ് കാരോള്‍ ഷെല്‍ബി.

റേസിങ് രംഗത്ത് നേടിയ നേട്ടങ്ങള്‍ക്ക് അകമ്പടിയായി 1956ലും 57ലും സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡ് ഡ്രൈവര്‍ ഓഫ് ദ ഇയര്‍ ബഹുമതികളും ഷെല്‍ബിയെ തേടിയെത്തി. 1958ല്‍ മസരറ്റി സ്‌ട്രെയിറ്റിനും 59ല്‍ ആസ്റ്റണ്‍ മാര്‍ട്ടിനും വേണ്ടി ഫോര്‍മുല വണ്‍ ഗ്രാന്റ്പ്രീകളിലും കാരോള്‍ ഷെല്‍ബി തന്റെ ഡ്രൈവിങ് നൈപുണ്യം തെളിയിച്ചു.

കാര്‍ നിര്‍മാതാവായ ഷെല്‍ബിആരോഗ്യകാരണങ്ങളാല്‍ 1959ല്‍ റേസിങ്ങുകളില്‍ നിന്നും ഷെല്‍ബി വിരമിച്ചു. പിന്നീട് യുവ പ്രതിഭകളെ കണ്ടെത്തുന്നതിനായി ഹൈ-പെര്‍മോന്‍മന്‍സ് ഡ്രൈവിങ് സ്‌കൂളും ഷെല്‍ബി-അമേരിക്കന്‍ കമ്പനിയും അദ്ദേഹം ആരംഭിച്ചു. എ.സി മോട്ടോഴ്‌സ് ഓഫ് ഇംഗ്ലണ്ടിന്റെ ബ്രിട്ടീഷ് സ്‌പോര്‍ട്‌സ് റേസിങ് കാറുകള്‍ ഇറക്കുമതി ചെയ്യാനുള്ള ലൈസന്‍സ് കരസ്ഥമാക്കിയതോടെയാണ് വാഹന നിര്‍മ്മാതാവെന്ന നിലയില്‍ ഷെല്‍ബിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് റേസിങ് കാറുകളുടെ വേഗത കൈവന്നത്.

എ.സി മോട്ടോഴ്‌സ് കാറിന്റെ ബ്രിട്ടീഷ് ബ്രിസ്‌റ്റോള്‍ എന്‍ജിനു പകരം അമേരിക്കന്‍ ഫോര്‍ഡ് എന്‍ജിന്‍ ഘടിപ്പിച്ച് അമേരിക്കന്‍ വാഹനപ്രേമികള്‍ക്കു മുന്‍പില്‍ പുതിയൊരു ഡിസൈനില്‍ കാര്‍ അവതരിപ്പിച്ചു. എ.സി കോബ്ര എന്ന ജഗജില്ലി കാറായിരുന്നു ആ പരകായപ്രവേശം നടത്തിയ പുതിയ കാര്‍. വളരെ വേഗം പ്രശസ്തമായ കോബ്ര പിന്നീട് ഷെല്‍ബി എന്നും ഷെല്‍ബി കോബ്ര എന്നുംഡിസൈനിങില്‍ വ്യത്യസ്തമായിരുന്ന കാര്‍ അറിയപ്പെട്ടു.

ഫോര്‍ഡ് കാറുകളുടെ എന്‍ജിന്‍ ഉപയോഗിച്ച് ദയ്‌റ്റോണ കൂപ്പ്, ഏഠ40, മസ്താങിന്റെ ഷെല്‍ബി ഏഠ350,ഷെല്‍ബിഏഠ500 , 427 ഷെല്‍ബി കോബ്ര കാറുകളും അദ്ദേഹം കാര്‍ പ്രേമികള്‍ക്കായി ഡിസൈന്‍ ചെയ്തിറക്കി. ഫോര്‍ഡ് കമ്പനിയുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ചതിനു ശേഷം പെര്‍ഫോര്‍മന്‍സ് കാറുകളുടെ ഡിസൈനിങ്ങിലേക്കും നിര്‍മ്മാണ്ത്തിലേക്കും കാരോള്‍ ഷെല്‍ബി തന്റെ ശ്രദ്ധ തിരിച്ചുവിട്ടു, ദോഡ്ജ്, ഓള്‍ഡ്‌സ് മൊബൈല്‍ തുടങ്ങിയ വമ്പന്‍ അമേരിക്കന്‍ കമ്പനികളുമായിട്ടായിരുന്നു ഷെല്‍ബിയുടെ ഈ ചങ്ങാത്തം.

ദോഡ്ജ് വൈപ്പര്‍ എന്ന അതിപ്രശസ്ത മോഡലാണ് ഈ ബന്ധത്തില്‍ ഷെല്‍ബിയുടെ ഡിസൈനില്‍ ജന്മം കൊണ്ടത്. മക് ക്ലസ്‌കി ലിമിറ്റഡുമായി കൂടിച്ചേര്‍ന്ന് 1990കളില്‍ ഷെല്‍ബി തന്റെ കോബ്രയെ വീണ്ടും നിരത്തിലിറക്കി. ഇന്ന് കാണുന്ന CSX4000 സീരീസ് കാറുകളാണ് പഴയകോബ്രയില്‍ നിന്നും ഉദയം കൊണ്ടത്.

1991ല്‍ ഇന്റര്‍നാഷണല്‍ ഹാള്‍ ഓഫ് ഫെയിം, 1992ല്‍ മോട്ടോര്‍ സ്‌പോര്‍ട്‌സ് ഹാള്‍ ഓഫ് ഫെയിം ബഹുമതിയും കാരോള്‍ ഷെല്‍ബിയെ തേടിയെത്തി. 2003ല്‍ ഫോര്‍ഡ് മോട്ടോര്‍ കമ്പനിയും കാരോള്‍ ഷെല്‍ബിനും വീണ്ടും ഒത്തുചേര്‍ന്നു. ഫോര്‍ഡിന്റെ ജി.ടി വാഹനങ്ങളുടെ ടെക്‌നിക്കല്‍ ഉപദേശകനായിട്ടാണ് ഷെല്‍ബി ചുമതലയേറ്റത്. അതേവര്‍ഷം തന്നെ നെവാദ ആസ്ഥാനമാക്കി കാരോള്‍ ഷെല്‍ബി ഇന്റര്‍നാഷണല്‍ കമ്പനിയും അദ്ദേഹം സ്ഥാപിച്ചു. 2005ല്‍ പഴയ കോബ്രാസിനെ ഒന്നു കൂടി പുതുക്കി അദ്ദേഹം ഷെല്‍ബി സീരിസ്-1 എന്ന പേരില്‍ പ്രശസ്തമായ സ്‌പോര്‍ട്‌സ് കാറും റേസിങ് സര്‍ക്യൂട്ടിലിറക്കി.
Print
SocialTwist Tell-a-Friend
Other stories in this section