TopGear1
ഇസ്രായേലില്‍ നിന്നും ഒരു ഇലക്ട്രിക്ക് പാഠം
Posted on: 23 May 2012
സന്ദീപ് സുധാകര്‍ പി.എംലോകത്തൊട്ടാകെയുള്ള കാര്‍ വിപണി വന്‍പ്രതിസന്ധിയിലാണ്. ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ക്രൂഡ് ഓയിലിന് വില ഉയര്‍ന്നപ്പോള്‍ അമേരിക്കയടക്കമുള്ള വിപണികളെ അത് മോശമായി ബാധിച്ചു. ഏറ്റവും കൂടുതല്‍ വളര്‍ച്ചാവേഗമുള്ള വിപണികളിലൊന്നായ ഇന്ത്യയുടെയും കഥ വ്യത്യസ്ഥമല്ല. ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളുടെ ഭാഗങ്ങള്‍ക്കുള്ള ചെലവ് ഉയരുന്നതാണ് ഇന്ത്യയില്‍ കാര്‍ നിര്‍മാണക്കമ്പനികള്‍ക്ക് തലവേദനയാവുന്നതെങ്കില്‍ ഉയരുന്ന എണ്ണ വില തന്നെയാണ് സാധാരണക്കാരന്റെ പോക്കറ്റ് ചോര്‍ത്തുന്നത്.

ഇതുകൂടാതെ വാഹനങ്ങള്‍ പെരുകുമ്പോഴുണ്ടാവുന്ന പരിസ്ഥിതി മലിനീകരണമാണ് മറ്റൊരു വെല്ലുവിളി. സാധാരണ കാറുകള്‍ക്ക് പകരം ഇലക്ട്രിക്ക് കാറുകള്‍ വന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്കൊക്കെ പരിഹാരമാവുമോ എന്ന ചോദ്യം ഏറെക്കാലമായി വാഹന ലോകത്ത് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. പക്ഷെ ഇലക്ട്രിക്ക് കാറുകളുടെ ഉത്പാദനത്തെ പോഷിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുന്നില്ലെന്നതാണ് കാര്‍ കമ്പനികളില്‍ നിന്ന് ഉയര്‍ന്ന് വരുന്ന പരാതി. എന്തായാലും ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് മാതൃകയാക്കാവുന്ന ഒരു ഉദ്യമത്തിന് ഇസ്രായേലില്‍ തുടക്കം കുറിച്ചു കഴിഞ്ഞു. രാജ്യത്തൊട്ടാകെ ഇലക്ട്രിക്ക് കാര്‍ ശൃംഖല സ്ഥാപിക്കുക വഴി ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഷായ് അഗാസി എന്ന സംരംഭകന്‍.

പദ്ധതിയുടെ ഭാഗമയി ഡസന്‍ കണക്കിന് ഇലക്ട്രിക്ക് കാറുകള്‍ ഇസ്രായേല്‍ നിരത്തുകളിലെത്തിക്കഴിഞ്ഞു. അഗാസിയുടെ ബെറ്റര്‍ പ്ലേസ് എന്ന കമ്പനിയാണ് പദ്ധതിയ്ക്ക് നേതൃത്വം നല്‍കുന്നത്. ലോകത്തെ എങ്ങനെയൊരു മെച്ചപ്പെട്ട സ്ഥലം(ബെറ്റര്‍ പ്ലേസ്) ആക്കാന്‍ കഴിയും എന്നത് സംബന്ധിച്ചാണ് ഷായ് അഗാസിയും അദ്ദേഹത്തിന്റെ കമ്പനിയും തെളിയിക്കാന്‍ ശ്രമിക്കുന്നത്

പദ്ധതിയനുസരിച്ച് ഷെഡ്യൂള്‍ തയ്യാറാവും മുമ്പ് തന്നെയാണ് ബെറ്റര്‍ പ്ലേസ് ഇലക്ട്രിക്ക് കാറുകള്‍ക്ക് അവശ്യമായ ചാര്‍ജ്ജിങ് സ്റ്റേഷനുകളും സ്ഥാപിച്ചു തുടങ്ങിയിരിക്കുന്നത്. നാല് സ്റ്റേഷനുകള്‍ സ്ഥാപിച്ചു കഴിഞ്ഞതിന് ശേഷം ഇവയുടെ എണ്ണം അതിദ്രുതം വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് ബെറ്റര്‍ പ്ലേസ്. ചെലവ് കുറവാണെന്നത് ഈ ഇലക്ട്രിക്ക് കാര്‍ ശൃംഖലയുടെ പ്രധാന സവിശേഷതയായി കമ്പനി ചൂണ്ടിക്കാണിക്കുന്നു.

ബാറ്ററി തീരുന്ന അവസരത്തില്‍ ചാര്‍ജ്ജിങ് സ്റ്റേഷനുകളില്‍ നിന്ന് ചാര്‍ജ്ജ് ചെയ്യുന്നതാണ് പതിവെങ്കില്‍ ഇവിടെയതും വ്യത്യസ്ഥമാണ്. ബാറ്ററി തന്നെ മാറി ലഭിക്കുമെന്നതാണ് ഈ ശൃംഖലയിലെ ചാര്‍ജ്ജിങ് സ്റ്റേഷനുകളുടെ സവിശേഷത. ചുരുക്കി പറഞ്ഞാല്‍ പാചക വാതക സിലിന്‍ഡര്‍ തീരുമ്പോള്‍ മാറുന്നത് പോലെ ബാറ്ററി മാറ്റിവെക്കാമെന്ന് സാരം. ബാറ്ററികളുടെ ഉടമസ്ഥത പൂര്‍ണമായും ഇലക്ട്രിക്ക് കാര്‍ ശൃംഖലയുടേതായതിനാല്‍ കാര്‍ വാങ്ങാനുള്ള ചെലവും കുറയും.ചെറിയ ദൂരം മാത്രം യാത്രയുള്ള ഉപഭോക്താക്കള്‍ക്ക് ആവശ്യാനുസരണം ബാറ്ററി ചാര്‍ജ്ജ് ചെയ്യാനുള്ള സൗകര്യവും ഈ കാറുകളിലുണ്ട്. അതേസമയം, ഇലക്ട്രിക്ക് കാറുകളുടെ സ്വീകാര്യത ഇതുകൊണ്ട് മാത്രം വര്‍ധിക്കില്ലെന്നും വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇലക്ട്രിക്ക് കാര്‍ മോഡലുകളുടെ റേഞ്ച് വളരെ കുറവാണെന്നതാണ് ഇതിന് കാരണമായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഉപഭോക്താക്കളുടെ മനം മയക്കുന്ന തരത്തില്‍ വിപുലമായ മോഡലുകളൊന്നും ഇതുവരെ ഈ വിഭാഗത്തില്‍ വന്നിട്ടില്ല.

ഇന്ധന വില ഉയരുന്നത് ഇതുവരെ ഇലക്ട്രിക്ക് കാറുകളുടെ വില്‍പ്പന ഉയര്‍ത്തിയിട്ടില്ലെന്ന് അമേരിക്കന്‍ വാഹന ലോക നിരീക്ഷകരില്‍ പ്രമുഖനായ ജോണ്‍ മക്ക് ഇല്‍ റോയ് അടിവരയിടുന്നു. അതേസമയം, ജെര്‍മന്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയായ എസ്.എ.പി എജിയില്‍ ഒരുപാട് കാലത്തെ പ്രവര്‍ത്തന പരിചയമുള്ള അഗാസി തന്റെ നിലപാടില്‍ ഉറച്ചുതന്നെയാണ്. ഇപ്പോള്‍ സ്ഥാപിച്ച നാല് ചാര്‍ജ്ജിങ് സ്റ്റേഷനുകള്‍ക്കു പുറമെ 40 സ്റ്റേഷനുകള്‍ കൂടി ഈ വര്‍ഷം സ്ഥാപിക്കാനിരിക്കുകയാണ് ബെറ്റര്‍ പ്ലേസ്. കമ്പനി സ്ഥാപിച്ചതിന് ശേഷം മാത്രം ജനറല്‍ ഇലക്ട്രിക്ക്, എച്ച്.എസ്.ബി.സി ഹോള്‍ഡിങ്‌സ് അടക്കമുള്ള അഗോള നിക്ഷേപകരില്‍ നിന്ന് ഇതുവരെ 75 കോടി ഡോളറോളം ആഗാസി സമാഹരിച്ചു കഴിഞ്ഞു. ഇതിനെടുത്ത സമയം കേവലം നാലര വര്‍ഷം മാത്രമായിരുന്നുവെന്നും ഓര്‍ക്കണം.

ഫ്രഞ്ച് വാഹന നിര്‍മാണക്കമ്പനിയായ റെനോ തങ്ങളുടെ പ്രമുഖ സെഡാന്‍ മോഡലായ ഫ്ലാവന്‍സ് ബെറ്റര്‍പ്ലേസിന് ആവശ്യമായി രീതിയില്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്. ഇത്തരത്തില്‍ ഡിസൈന്‍ ചെയ്ത 400ഓളം ഇലക്ട്രിക്ക് കാറുകളാണ് നിലവില്‍ നിരത്തുകളിലെത്തിയിരിക്കുന്നത്. ഇതില്‍ കൂടുതലും ഉപയോഗിക്കുന്നത് ബെറ്റര്‍ പ്ലേസിലെ ജീവനക്കാര്‍ തന്നെയാണ്. അതേസമയം, സാധാരണക്കാര്‍ക്ക് ഇവ ഉടന്‍ ലഭ്യമാവുമെന്നാണ് അറിയുന്നത്.ഒരോ കാറിലെയും ബാറ്റി സംബന്ധിച്ചുള്ള വിവരങ്ങള്‍ കാര്യക്ഷമമായി മനസ്സിലാക്കാന്‍ കഴിയുന്ന സോഫ്റ്റ്‌വെയറും ഈ ഇലക്ട്രിക്ക് കാര്‍ ശൃംഖലയിലെ കാറുകളിലുണ്ട്. ബാറ്ററി തീരുന്ന അവസരത്തില്‍ ഏറ്റവും അടുത്തുള്ള ചാര്‍ജ്ജിങ് സേറ്റേഷന്‍ കണ്ടെത്താനും ഈ സോഫ്റ്റ്‌വെയര്‍ സഹായിക്കും. ശൃംഖല ഉപയോഗിക്കുക വഴി സാധാരണ കാറുകള്‍ക്കായി വര്‍ഷത്തിലുണ്ടാവുന്ന ചെലവ് 20 ശതമാനം കുറയ്ക്കാനാവുമെന്നാണ് അഗാസി അവകാശപ്പെടുന്നത്.

ഇസ്രായേലിന് ശേഷം ഡെന്‍മാര്‍ക്കിലയാരിക്കും രണ്ടാമത് ശൃംഖല സ്ഥാപിക്കുക. ആംസ്റ്റര്‍ഡാമിലും ആസ്‌ത്രേലിയയിലും കാര്യക്ഷമമായി പദ്ധതി നടപ്പിലാക്കാന്‍ കഴിയുമെന്നും ബെറ്റര്‍പ്ലേസ് കരുതുന്നു. 2017ഓടെ ഇസ്രായേലില്‍ ഇറങ്ങുന്ന കാറുകളില്‍ 50 ശതമാനവും ഇലക്ട്രിക്ക് കാറുകളായിരിക്കുമെന്നാണ് അഗാസിയുടെ പക്ഷം. ഇസ്രായിലെ ഏറ്റവും വലിയ എണ്ണ പര്യവേഷണ കമ്പനിയില്‍ പങ്കാളിത്തമുള്ള ഇസ്രായേല്‍ കോര്‍പ്പറേഷനാണ് ബെറ്റര്‍ പ്ലേസിലെയും ഏറ്റവും വലിയ നിക്ഷേപകര്‍.

Print
SocialTwist Tell-a-Friend
Other stories in this section