മെഴ്‌സിഡീസ് ബെന്‍സിന്റെ പുതിയ എം ക്ലാസ്
Posted on: 16 May 2012
ന്യൂഡല്‍ഹി: ജര്‍മ്മന്‍ ആഡംബരകാര്‍ നിര്‍മ്മാതാക്കളായ മെഴ്‌സിഡീസ് ബെന്‍സ് മൂന്നാം തലമുറയില്‍പ്പെട്ട എം ക്ലാസ് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനം ഇന്ത്യയില്‍ അവതരിപ്പിച്ചു. 56.9 ലക്ഷം രൂപയാണ് ന്യൂഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. പഴയ എം ക്ലാസിനെക്കാള്‍ വലിപ്പമുള്ളതും ഇന്ധനക്ഷമവുമാണ് പുതിയ വാഹനം. മലിനീകരണവും കുറവാണെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.
3.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് പുതിയ എം ക്ലാസിന് കരുത്ത് പകരുന്നത്. പാര്‍ക്കിങ് അസിസ്റ്റ്, തിരക്കുകളില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ എന്‍ജിന്‍ താനെ ഓഫാകുന്ന സംവിധാനം എന്നിവ പുതിയ വാഹനത്തിന്റെ സവിശേഷതകളാണ്. ബി.എം.ഡബ്ല്യൂ, ഓഡി, ടാറ്റയുടെ ലാന്‍ഡ് റോവര്‍ എന്നിവ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാനാണ് കുറഞ്ഞ വിലയുമായി പുതിയ എം ക്ലാസ് വരുന്നത്.
എസ്, ഇ, സി ക്ലാസ് കാറുകള്‍ മെഴ്‌സിഡീസ് ബെന്‍സ് മഹാരാഷ്ട്രയിലെ പുണെയിലാണ് നിര്‍മ്മിക്കുന്നത്. അക്ട്രോസ് ട്രക്കുകളും ബസ്സുകളും ബെന്‍സ് ഇന്ത്യയില്‍തന്നെ നിര്‍മ്മിക്കുന്നുണ്ട്. സി.എല്‍.എസ്, എസ്.എല്‍.കെ ക്ലാസ് കാറുകള്‍ ഇറക്കുമതി ചെയ്താണ് ഇന്ത്യയില്‍ വിറ്റഴിക്കുന്നത്. ജര്‍മ്മനിയിലെ ഡെയിംലര്‍ എ.ജിയുടെ നിയന്ത്രണത്തിലുള്ള വാഹന നിര്‍മ്മാണ കമ്പനിയാണ് മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യ.
പുതിയ എം ക്ലാസിന്റെ എ.എം.ജി വകഭേദവും മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യയില്‍ ഇറക്കുന്നുണ്ട്. ഇതിന്റെ 100 യൂണിറ്റുകള്‍ മാത്രം വിപണിയില്‍ എത്തിക്കാനായിരുന്നു പദ്ധതി. 66 ലക്ഷംരൂപ വിലയുള്ള ഇതിന്റെ 100യൂണിറ്റുകളും ഇന്ത്യക്കാര്‍ ബുക്കുചെയ്തു കഴിഞ്ഞു. ഹൈപെര്‍ഫോമന്‍സ് എന്‍ജിന്‍ ഘടിപ്പിച്ചവയാണ് എ.എം.ജി വകഭേദത്തില്‍പ്പെട്ട മെഴ്‌സിഡീസ് ബെന്‍സ് കാറുകള്‍.